Connect with us

Kerala

കല്ലടി കോളജില്‍ റാഗിംഗ്: വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടമായി

Published

|

Last Updated

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളജില്‍ റാഗിംഗിനെ തുടര്‍ന്ന് പരുക്കേറ്റ വിദ്യാര്‍ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസം കോളജിലുണ്ടായ റാഗിംഗിനിടെയാണ് ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥിയായ ഒറ്റപ്പാലം അമ്പലപ്പാറ ചേക്കുമുസ്‌ലിയാരകത്ത് വീട്ടില്‍ ഇബ്‌റാഹീമിന്റെ മകന്‍ മുഹമ്മദ് മുഹ്‌സി (19) ന്റെ ഇടതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്.
ആദ്യം ഗ്രൗണ്ടിലിട്ട് കൂട്ടംചേര്‍ന്ന് മുഹ്‌സിനെ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കോളജിന് പുറത്ത് റോഡില്‍ വെച്ച് നിലത്തിട്ട് ചവിട്ടിയതായും പരാതിയില്‍ പറയുന്നു.
ഇരുമ്പു വടികൊണ്ടും പട്ടിക കഷ്ണം കൊണ്ടും തലക്കടിച്ചതായും പരാതിയുണ്ട്. തലക്കും കണ്ണിനും സാരമായി പരിക്കേറ്റ മുഹ്‌സിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വലതുകണ്ണിന്റെ കാഴ്ചക്കും കാര്യമായ പരുക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വലതുകണ്ണിന്റെ കാഴ്ചയെങ്കിലും നിലനിര്‍ത്താനുളള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. കോളജിലെ “മൂപ്പന്‍സ് ഗ്രൂപ്പ്” എന്നറിയപ്പെടുന്ന ഒരു സംഘം വിദ്യാര്‍ഥികളാണ് അക്രമിച്ചതെന്നും സംഘത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നൗഫല്‍, ഷാനില്‍, സുഹൈല്‍, റിഷാന്‍, ജൗഹര്‍, ജാബിര്‍, ആശിഫ്, അനസ് എന്നിവരാണുണ്ടായിരുന്നതെന്നും ബന്ധുക്കള്‍ പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ടുളള പരാതിയെ തുടര്‍ന്ന് എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിംഗിനും വധശ്രമത്തിനും മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.

Latest