Connect with us

Kerala

സി പി എം സംസ്ഥാന ഘടകത്തില്‍ വിഭാഗീയതക്ക് മാറ്റമുണ്ടായെന്ന് കരട് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനഘടകത്തില്‍ വിഭാഗീയ പ്രവണതക്ക് കാര്യമായ മാറ്റം ഉണ്ടായതായി സി പി എം കരട് സംഘടനാ റിപ്പോര്‍ട്ട്.
ആലപ്പുഴയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടിന്റെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
രണ്ടുദിവസമായി നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് കരട് റിപ്പോര്‍ട്ടിന് ഇന്ന് അന്തിമ രൂപം നല്‍കും. ഒമ്പതിന് ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ കരട് റിപ്പോര്‍ട്ട് അംഗീകാരത്തിനായി അവതരിപ്പിക്കും.
ജില്ലാസമ്മേളനങ്ങളില്‍ അടക്കം നേതൃത്വങ്ങള്‍ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളും റിപ്പോര്‍ട്ടില്‍ സ്ഥാനം പിടിക്കുമെന്നാണ് സൂചന. പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ഏറെ അക്ഷേപങ്ങള്‍ക്കിടയാക്കിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം വിജയമായിരുന്നുവെന്ന വിലയിരുത്തലോടെയാവും സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുക. അതേസമയം, സമരത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തും. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുടെ പ്രവര്‍ത്തനം വിമര്‍ശനാത്മകമായി ഉള്‍പ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന വിമര്‍ശനവും സ്ഥാനംപിടിക്കും.
യു ഡി എഫിനോടും ബി ജെ പിയോടും സ്വീകരിച്ച സമീപങ്ങളിലുള്ള വിമര്‍ശങ്ങള്‍ കരട് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ കേന്ദ്ര നേതൃത്വം സ്വീകരിച്ച സമീപനങ്ങളോടുള്ള സംസ്ഥാനഘടകത്തിന്റെ നിലപാടും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയും, ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, ഷുക്കൂര്‍ വധക്കേസ് തുടങ്ങിയ സംഭവങ്ങളിലുണ്ടായ തുടര്‍സംഭവങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടും. സെക്രട്ടേറിയറ്റ് യോഗം ഇന്നവസാനിക്കും.

Latest