Connect with us

Kerala

ഛത്തീസ്ഗഡിലെ കിരണ്‍ദൂള്‍ നഗരസഭക്ക് മലയാളി വനിതാ ചെയര്‍പേഴ്‌സന്‍

Published

|

Last Updated

കൊല്ലം: ഛത്തീസ്ഗഡിലെ കിരണ്‍ദൂള്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ സ്ഥാനത്ത് ഇനി അഞ്ച് വര്‍ഷം മലയാളി വനിത. കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് സ്വദേശിനിയായ അനില്‍രാജിയാണ് ഛത്തീസ്ഗഡ് ദന്തേവാദ ജില്ലയിലെ കിരണ്‍ദൂള്‍ നഗരസഭയുടെ ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഛത്തീസ്ഗഡിലെ നഗരസഭകളില്‍ അധ്യക്ഷന്മാരെ വോട്ടര്‍മാര്‍ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്. ഓരോ വോട്ടര്‍മാരും രണ്ട് വോട്ട് വീതം ചെയ്യണം. ഒന്ന് കൗണ്‍സിലര്‍ക്കും മറ്റൊന്ന് നഗരസഭാധ്യക്ഷനും. ഉപാധ്യക്ഷന്മാരെ കൗണ്‍സിലര്‍മാരാണ് തിരഞ്ഞെടുക്കുന്നത്. കിരണ്‍ദൂള്‍ നഗരസഭയില്‍ ഇത്തവണ അധ്യക്ഷ സ്ഥാനം വനിതാ സംവരണമായിരുന്നു. സി പി ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച അനില്‍ രാജിക്ക് 4771 വോട്ട് ലഭിച്ചു. തൊട്ടടുത്ത സ്വതന്ത്ര സ്ഥാനാര്‍ഥിയേക്കാള്‍ 1722 വോട്ടിന്റെ ഭൂരിപക്ഷം. മൂന്നാം സ്ഥാനത്ത് കോണ്‍ഗ്രസും നാലാം സ്ഥാനത്ത് ബി ജെ പിയുമായിരുന്നു.
കഴിഞ്ഞ മൂന്ന് തവണ ഇവിടത്തെ 15-ാം വാര്‍ഡിനെ പ്രതിനിധീകരിച്ചത് അനില്‍രാജിയുടെ ഭര്‍ത്താവ് അനില്‍കുമാറായിരുന്നു. കഴിഞ്ഞ തവണ വൈസ് ചെയര്‍മാനുമായി.
25 വര്‍ഷം മുമ്പ് തൊഴില്‍ തേടി കിരണ്‍ദൂളില്‍ എത്തിയ കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശിയായ അനില്‍കുമാര്‍ എസ്സാര്‍ കമ്പനിയുടെ സിവില്‍- മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്ടറാണ്. കുപ്പണയിലെ രമണന്‍- വസന്തകുമാരി ദമ്പതികളുടെ മകളായ അനില്‍ രാജിയെ ഇയാള്‍ വിവാഹം കഴിച്ചത് 11 വര്‍ഷം മുമ്പാണ്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍: അജയന്‍, അക്ഷയ.
സി പി ഐയുടെയും ജനങ്ങളുടെയും നല്ല സഹകരണമാണ് തന്റെ സ്ഥാന ലബ്ധിക്ക് കാരണമെന്നും കിരണ്‍ദൂളിലെ എല്ലാവരും അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് തന്നെ കണ്ടതെന്നും അനില്‍ രാജി പറഞ്ഞു.
കൗണ്‍സിലര്‍ എന്ന നിലയില്‍ ഭര്‍ത്താവ് ചെയ്ത നല്ല കാര്യങ്ങളും തനിക്ക് തുണയായെന്ന് അവര്‍ പറഞ്ഞു.

Latest