ബി ജെ പി നേതാവിന്റെ കൊല: അഞ്ച് പേര്‍ അറസ്റ്റില്‍

Posted on: February 6, 2015 4:48 am | Last updated: February 5, 2015 at 11:50 pm

crimnalമണ്ണഞ്ചേരി: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ബി ജെ പി നേതാവുമായിരുന്ന മണ്ണഞ്ചേരി ഐ ടി സി കോളനിയില്‍ പുതുവല്‍വെളി വേണുഗോപാലിനെ (46) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ മാരാരിക്കുളം സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. പത്തനംതിട്ട ഈസ്റ്റ് കോഴഞ്ചേരി മരിയനന്ദനത്തില്‍ ഗിരീഷിന്റെ മകന്‍ ഷാരോണ്‍ (26), മണ്ണഞ്ചേരി കുന്നിനകം കോളനിയില്‍ കണ്ണന്‍ (മാട്ടക്കണ്ണന്‍ 24), മണ്ണഞ്ചേരി തറമൂട് കണിയാംവെയില്‍ മുഹമ്മദ് അസറുദ്ദീന്‍ (അസര്‍ 19), ബി ജെ പി ആര്യാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണ്ണഞ്ചേരി നേതാജി വട്ടച്ചിറയില്‍ ജയരാജ് (42), മാരാരിക്കുളം തെക്ക് തണല്‍വീട്ടില്‍ ഗിരീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ജനുവരി 28 ന് പുലര്‍ച്ചെയാണ് വേണുഗോപാല്‍ കൊല്ലപ്പെട്ടത്. പ്രഭാതസവാരി കഴിഞ്ഞെത്തിയ വേണുഗോപാലിനെ മൂന്ന് ബൈക്കുകളിലെത്തിയാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകനും കെ എസ് ഇ ബി തിരുവല്ല സെക്ഷന്‍ ഓഫീസിലെ മസ്ദൂറുമായിരുന്ന മണ്ണഞ്ചേരി പന്നിശ്ശേരി കോളനിയില്‍ ചന്ദ്രലാലിനെ (എമ്മാച്ചന്‍ 36) 2013 മാര്‍ച്ച് 20 ന് വെട്ടിക്കൊന്ന കേസില്‍ വേണുഗോപാല്‍ ഒന്നാം പ്രതിയായിരുന്നു. എമ്മാച്ചനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് വേണുഗോപാലിനെ വധിക്കാന്‍ സംഘം ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറഞ്ഞു. എമ്മാച്ചന്റെ സുഹൃത്ത് ജയരാജാണ് വേണുഗോപാലിനെ വധിക്കാന്‍ സംഘത്തിന് ക്വട്ടേഷന്‍ കൊടുത്തത്.
ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികളെ ചേര്‍ത്തലയിലും നാലാം പ്രതിയെ മണ്ണഞ്ചേരി കൃഷ്ണപിള്ള ജംഗ്ഷനിലും അഞ്ചാം പ്രതിയെ കാട്ടൂര്‍ ഹനുമാരുവെളി ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
മൂന്ന് മാസത്തെ ഗൂഢാലോചനക്ക് ശേഷമാണ് സംഘം കൃത്യനിര്‍വഹണം നടത്തിയത്. കൊലപാതകത്തിന് ശേഷം സംഘം മൈസൂര്‍, ബെംഗളൂരു, എറണാകുളം, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളില്‍ ഒളിച്ചുതാമസിച്ചു.
ഗൂഢാലോചന മുതല്‍ കൊലപാതകം വരെയുള്ള ദിവസങ്ങളില്‍ പ്രതികള്‍ യഥാര്‍ത്ഥ സിംകാഡുകള്‍ ഉപേക്ഷിച്ച് വ്യത്യസ്ഥങ്ങളായ അമ്പതോളം സിംകാര്‍ഡുകളാണ് ആശയവിനിമത്തിനുപയോഗിച്ചത്.
ഇത് കേസ് അന്വേഷണത്തിന് വഴിത്തിരിവായി. കൊലപാതകത്തിന്റെ തലേദിവസം രാത്രി സംഘം പ്രദേശത്തെ ബാറില്‍ ഒത്തുകൂടിയതായും കൃത്യനിര്‍വഹണത്തിന് പദ്ധതി ആസൂത്രണം ചെയ്തിരുന്നതായും അന്വേഷണ സംഘം പറഞ്ഞു. പ്രതികളെ ആലപ്പുഴ ഫസ്റ്റ്കഌസ്സ് മജിസ്‌ട്രേറ്റ് കോടതില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് വേണ്ടി അപേക്ഷ നല്‍കുമെന്ന് ഡി വൈ എസ് പി. കെജി ബാബുകുമാര്‍ പറഞ്ഞു.