Connect with us

Kerala

സമുദ്രവിഭവങ്ങളുടെ കച്ചവടവത്കരണം മനുഷ്യന്റെ നിലനില്‍പ്പിനു ഭീഷണി: ഗവര്‍ണര്‍

Published

|

Last Updated

കൊച്ചി: സമുദ്ര വിഭവങ്ങളുടെ അനിയന്ത്രിത ഉപഭോഗവും കച്ചവടവത്കരണവും സമുദ്രങ്ങളിലെ ജൈവ വൈവിധ്യത്തിനും മനുഷ്യന്റെ നിലനില്‍പ്പിനു ഭീഷണിയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അഭിപ്രായപ്പെട്ടു. കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ലോക സമുദ്ര ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യഗ്രാമങ്ങളും സമുദ്രതീര സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ടു മാത്രമെ സമുദ്രങ്ങളുടെ സംരക്ഷണം സാധ്യമാകുകയുള്ളു. മത്സ്യത്തൊഴിലാളികള്‍ കുടിയൊഴിപ്പിക്കപ്പെടുന്നതും സമുദ്രതീര സംസ്‌കാരം ഇല്ലാതാകുന്നതും ആശങ്കയുണ്ടാക്കുന്ന വസ്തുതകളാണ്.
ഏറ്റവുമധികം ഉല്‍പാദന ക്ഷമതയുള്ള ഇന്ത്യന്‍ സമുദ്രത്തെ സംരക്ഷിക്കുന്നതിലും പഠിക്കുന്നതിലും നാം വളരെ പിന്നിലാണ്. ആഗോള താപനം മൂലം സമുദ്ര നിരപ്പുയരുന്നതും വര്‍ദ്ധിച്ചുവരുന്ന കടല്‍ക്ഷോഭങ്ങളുടെ കാരണവും സമുദ്ര ശാസ്ത്ര കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനത്തെ സംബന്ധിച്ച് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടുകള്‍ മത്സ്യത്തൊഴിലാളി സമൂഹത്തിനു ദോഷം ചെയ്യുന്നവയാണെന്ന് അധ്യക്ഷത വഹിച്ച ഫിഷറീസ്്, തുറമുഖ, വകുപ്പു മന്ത്രി കെ ബാബു പറഞ്ഞു.
ഇത്തരം നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുനപരിശോധിക്കേണ്ടതുണ്ട്. പ്രാദേശിക സമൂഹത്തെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള സുതാര്യമായ നയങ്ങളാണ് ഈ രംഗത്ത് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാന്‍ ഭാരതിയുടെ സ്വദേശി ശാസ്ത്ര പ്രസ്ഥാനവും കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയും (കുഫോസ്) സംയുക്തമായാണ് നാലുദിവസത്തെ സമുദ്ര ഗവേഷണ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
സമുദ്രത്തിനും സമുദ്ര ജൈവികതയ്ക്കും കോട്ടം തട്ടാതെ സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍, സമുദ്രമാര്‍ഗ്ഗമുള്ള കച്ചവടം, നയങ്ങള്‍ മുതലായവ സമ്മേളനം ചര്‍ച്ച ചെയ്യും.
സമുദ്രത്തില്‍ നിന്നുള്ള വരുമാനത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം, രാജ്യത്തിന്റെ സമ്പദ്ഘടന എന്നിവ മെച്ചപ്പെടുത്തുനന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമുദ്രശാസ്ത്ര കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും.
ഡൊമനിക് പ്രസന്റേഷന്‍ എം എല്‍ എ, എസ് ശര്‍മ എം എല്‍ എ, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് ഡയറക്ടര്‍ എം വി റാവു, വിഞ്ജാന ഭാരതി സെക്രട്ടറി ജനറല്‍ എ ജയകുമാര്‍, കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ബി മധുസൂദന കുറുപ്പ്, നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ഡയറക്ടര്‍ അനന്തനാരായണന്‍, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫൊര്‍മേഷന്‍ സര്‍വ്വീസസ് ഡയറക്ടര്‍ സതീഷ് ഷെണോയ്, സമുദ്ര ശാസ്ത്ര കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ഡോ വി എന്‍ സഞ്ജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മല്‍സ്യബന്ധനതൊഴിലാളികളുടെ സംഘങ്ങള്‍, ഐ എസ്ആര്‍ഒയുടെ ഗവേഷണ വികസന വിഭാഗങ്ങള്‍, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍, ഭൗമശാസ്ത്ര മന്ത്രാലയം എന്നിവയും ഇന്ത്യന്‍ നാവികസേന, തീരദേശ സേന, സമുദ്രോല്‍പന്ന വികസന അതോറിറ്റി എന്നിവയും ഷിപ്പിംഗ് കമ്പനികളും പരിപാടിയുടെ പങ്കാളികളാണ്.