Connect with us

Kerala

പാറ്റൂര്‍ ഭൂമിയിടപാട്: ഉന്നതര്‍ക്ക് പങ്കെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഉന്നതരുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് വിജിലന്‍സ് ലോകായുക്തക്ക് സമര്‍പ്പിച്ചു. ഭരണനേതൃത്വത്തിലുള്ള ഉന്നതര്‍, മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, നിവേദിത പി ഹരന്‍ എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളടങ്ങിയ പുതിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചത്. ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ലോകായുക്ത തയ്യാറാകാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് എ ഡി ജി പി ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 24 പേജുള്ള പുതിയ റിപ്പോര്‍ട്ട് നല്‍കിയത്.

സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റം നടന്നതായി കണ്ടെത്തിയിട്ടും വിവാദ ഭൂമിയില്‍ ഫഌറ്റിന്റെയും അനുബന്ധ ഷോപ്പിംഗ് മാളിന്റെയും നിര്‍മാണം തടസ്സമില്ലാതെ തുടരുകയാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭൂമി ഫഌറ്റ് കമ്പനി തട്ടിയെടുത്ത ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണിന്റെയും പങ്ക് വ്യക്തമാക്കി നല്‍കിയ ആദ്യ റിപ്പോര്‍ട്ടിന്മേലുള്ള കൂടുതല്‍ വിശദീകരണമാണ് പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം, ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ ലോകായുക്ത നിയോഗിച്ച അഭിഭാഷക കമ്മീഷനും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എ ഡി ജി പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായ വിവരങ്ങളാണ് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
പാറ്റൂരിലെ വിവാദ ഭൂമി അളന്നുതിട്ടപ്പെടുത്തി മൂന്ന് സ്‌കെച്ചുകളാണ് കമ്മീഷന്‍ തയ്യാറാക്കിയത്. നേരത്തെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുണ്ടായിരുന്ന സ്ഥലത്താണ് സ്വകാര്യ വ്യക്തി ഫഌറ്റ് നിര്‍മിച്ചിരിക്കുന്നതെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍, ഇത് പുറമ്പോക്ക് ഭൂമിയാണെന്ന് തെളിയിക്കാനാവശ്യമായ രേഖകള്‍ ലഭിച്ചിട്ടില്ല. ജല അതോറിറ്റി, സര്‍വേ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് രേഖകള്‍ നല്‍കേണ്ടത്. ഇവരോട് ആവശ്യപ്പെട്ടെങ്കിലും മതിയായ രേഖകള്‍ നല്‍കാന്‍ കൂട്ടാക്കിയിട്ടില്ല. അതിനാല്‍, ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് അന്തിമ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, സര്‍ക്കാറിന്റെ തോട് പുറമ്പോക്ക് അളന്നുതിരിച്ചിട്ടുണ്ട്. ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും അഭിഭാഷക കമ്മീഷന്‍ വ്യക്തമാക്കുന്നു. രണ്ട് റിപ്പോര്‍ട്ടുകളും ഇന്ന് ലോകായുക്ത പരിഗണിക്കും.
ലോകായുക്ത നിര്‍ദേശിച്ച അന്വേഷണം പൂര്‍ത്തിയാക്കി നവംബര്‍ 19നാണ് വിജിലന്‍സ് എ ഡി ജി പി മൂന്ന് ഭാഗങ്ങളടങ്ങിയ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭൂമി കൈയേറ്റത്തില്‍ മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് വിജിലന്‍സ് എ ഡി ജി പി ലോകായുക്തക്ക് നല്‍കിയത്. ഉന്നത നേതൃത്വത്തിന്റെ പേരുപറയാതിരുന്ന എ ഡി ജി പി ജേക്കബ് തോമസ്, പക്ഷേ ഫയലുകളിലെ ഖണ്ഡികകള്‍ ചൂണ്ടിക്കാട്ടി കൃത്യമായ സൂചന നല്‍കി.
മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും പങ്ക് തെളിയിക്കാന്‍ റവന്യൂ, ജലവിഭവ വകുപ്പ് ഫയലുകളാണ് റിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്നത്. റവന്യൂ ഫയലിലെ 57 മുതല്‍ 60 വരെയുള്ള ഖണ്ഡികകള്‍ക്ക് താഴെ ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണുമാണ്.
വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പുറമ്പോക്കിലല്ലാത്തതിനാല്‍ മാറ്റിയിട്ടു കൊടുക്കാനായിരുന്നു ഉത്തരവ്.
അതേസമയം, ഇതിന് ആധാരമായിട്ടുള്ള റിപ്പോര്‍ട്ട് നിയമവിരുദ്ധമായുണ്ടാക്കിയതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. കൃത്യമായ ആശയക്കുഴപ്പം നിലനില്‍ക്കെ കൈയേറ്റം ഒഴിപ്പിക്കാനല്ല, സെറ്റില്‍ ചെയ്യാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശമെന്നായിരുന്നു റിപ്പോര്‍ട്ടിലെ വിമര്‍ശം. പക്ഷേ, ലോകായുക്ത ഈ റിപ്പോര്‍ട്ട് പരിഗണിച്ചത് ഒന്നര മാസത്തിന് ശേഷമാണ്. കേസെടുക്കണമെന്ന എ ഡി ജി പിയുടെ ശിപാര്‍ശയില്‍ തീരുമാനമെടുത്തതുമില്ല.
വിവാദഭൂമി അളന്നുതിരിക്കാന്‍ ലോകായുക്ത നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ടുകൂടി വരട്ടെയെന്ന നിലപാട് ലോകായുക്ത സ്വീകരിച്ച സാഹചര്യത്തിലാണ് വിജിലന്‍സ് കൂടുതല്‍ തെളിവുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

Latest