Connect with us

International

തായ്‌വാന്‍ വിമാന അപകടം: മരണം 31 ആയി

Published

|

Last Updated

തായ്‌പേയ്: തായ്‌വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ ട്രാന്‍സ് ഏഷ്യയുടെ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. മരണ നിരക്ക് ഇനിയും കൂടാനുള്ള സാധ്യതയുണ്ടെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന 12 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. മൊത്തം 58 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 15 പേര്‍ രക്ഷപ്പെട്ടു. ചൈനയില്‍ നിന്നുള്ള 31 അംഗ ടൂറിസ്റ്റ് സംഘത്തിലുള്ളവരില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
അതിനിടെ, കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഇടിച്ചിറങ്ങി വന്‍ ദുരന്തത്തിന് കാരണമായേക്കാമായിരുന്ന അപകടത്തില്‍ നിന്ന് വിമാനത്തെ രക്ഷിച്ച പൈലറ്റിനെ ഹീറോയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പൈലറ്റിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്തതായി തായ്‌പേയ് മേയര്‍ കോ വെന്‍ജേ പറഞ്ഞു. നദിയിലേക്ക് തകര്‍ന്നുവീഴുന്നതിന്റെ മുമ്പ് വലിയൊരു കെട്ടിടത്തില്‍ ചെന്നിടിക്കാതെ വിമാനത്തെ പറപ്പിക്കുന്ന ദൃശ്യം വീഡിയോകളില്‍ വ്യക്തമാണ്. പൈലറ്റിന്റെ പെട്ടെന്നുള്ള പ്രവര്‍ത്തനം നിരവധി പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയതായി മേയര്‍ പറഞ്ഞു. അപകടം കുറക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കാം പൈലറ്റ് വിമാനം നദിയിലേക്ക് വീഴ്ത്തിയതെന്ന് കരുതപ്പെടുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബ്ലാക് ബോക്‌സ് പരിശോധിച്ച ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ.

Latest