Connect with us

International

മതസൗഹാര്‍ദ്ദം സ്‌നേഹസംവാദങ്ങളിലൂടെ ഉരുത്തിരിയണം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

ക്വാലാലംപൂര്‍ (മലേഷ്യ):മത സൗഹാര്‍ദ്ദമെന്നത് ആശയങ്ങളുടെ കീഴടങ്ങലോ ആദര്‍ശങ്ങളിലെ വിട്ടുവീഴ്ചയോ അല്ലെന്നും പരസ്പരം തിരിച്ചറിഞ്ഞുള്ള സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന സ്‌നേഹ ബന്ധമാണെന്നും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍. വിശുദ്ധ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാതൃക ഇതാണെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര മത സൗഹാര്‍ദ്ദ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.
മാനവകുലത്തിന്റെ സമാധാനപരമായ നിലനില്‍പ്പാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ ആദ്യസൂക്തത്തില്‍ തന്നെ കാരുണ്യത്തിന്റെയും മാനവികതയുടെയും പ്രാധാന്യമാണ് ഉണര്‍ത്തുന്നത്. അവസാന അധ്യായത്തിന്റെ പേരു തന്നെ അന്നാസ് എന്നാണ്. ഈ അധ്യായത്തില്‍ അഞ്ച് തവണ മനുഷ്യനെപ്പറ്റി എടുത്തു പറയുന്നുണ്ട്. തിരുനബി വചനങ്ങളിലും പ്രാധാന്യത്തോടെ കാരുണ്യത്തെപ്പറ്റിയും മാനവ കുലത്തിന്റെ പരസ്പരമുള്ള ആരോഗ്യപരമായ ബന്ധങ്ങളെപ്പറ്റിയും വ്യക്തമാക്കുന്നു. ഇസ്‌ലാമിന്റെ ഈ സ്‌നേഹ സന്ദേശത്തെ പ്രവര്‍ത്തിയിലൂടെയും പെരുമാറ്റത്തിലൂടെയും മുസ്‌ലിംകള്‍ക്കുണ്ട്. ഇസ്‌ലാമോഫോബിയയുടെ ഈ കാലത്ത് ഈ കര്‍ത്തവ്യ നിര്‍വഹണത്തിലൂടെ തെറ്റിദ്ധാരണകള്‍ വലിയൊരളവു വരെ മാറ്റാന്‍ സഹായിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഇന്റര്‍ഫെയ്ത്ത് പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ആരോഗ്യ മേഖലയിലെ മികവുറ്റ പദ്ധതികളും മൂല്യാധിഷ്ഠിത മാനേജ്‌മെന്റ് രീതികളും മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ് ഡോ. വയലില്‍ ഷംസീറിന് അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സ്വാലിഹ ഖമറുദ്ധീന്‍ കൈമാറി. അന്താരാഷ്ട്ര മതസൗഹാര്‍ദ്ദ പുരസ്‌കാരത്തിന് യു എ ഇ സാംസ്‌കാരിക- യുവജന കാര്യമന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനാണ് അര്‍ഹനായത്.

Latest