Connect with us

International

ബഗ്ദാദിലെ പതിറ്റാണ്ടു നീണ്ട നിരോധനാജ്ഞ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

Published

|

Last Updated

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ പതിറ്റാണ്ടായി നിലനില്‍ക്കുന്ന നിരോധനാജ്ഞ പൂര്‍ണമായും പിന്‍വലിക്കുന്നു. ബഗ്ദാദ് സര്‍ക്കാറിന്റെ ഔദ്യോഗിക ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദി നല്‍കിയതായി ബ്രിഗേഡിയര്‍ ജനറല്‍ സാദ് മാന്‍ പറഞ്ഞു. നാളെ നിരോധനാജ്ഞ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങും. സൈനിക കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ അബ്ബാദി, ഇവിടുത്തെ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ആക്രമണങ്ങള്‍ പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ രാത്രി സമയങ്ങളിലാണ് ഇവിടെ നിരോധനാജ്ഞ നിലനിന്നിരുന്നത്. അര്‍ധരാത്രി മുതല്‍ രാവിലെ അഞ്ച് മണിവരെയായിരുന്നു കൂടുതല്‍ ദിവസങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ കാര്യമായ ഭീഷണിയൊന്നും ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിനില്ലെന്നും അതേസമയം, ചെറിയ തോതില്‍ ഇപ്പോഴും ആക്രമണങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
നിരോധനാജ്ഞ പിന്‍വലിക്കുന്നതിന്റെ ഭാഗമായി, മധ്യദൂര ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ പ്രാപ്തിയുള്ള ആയുധങ്ങള്‍ക്ക് സമീപ നഗരങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി. സമീപനഗരങ്ങളില്‍ സംശയമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അവിടുത്തെ പ്രാദേശിക സുരക്ഷാ സേനക്ക് മാത്രമേ അധികാരമുണ്ടായിരിക്കൂ എന്ന് അബ്ബാദി വ്യക്തമാക്കി.

Latest