Connect with us

Articles

ലാലിസം - പ്ലിംഗ്

Published

|

Last Updated

ലാലിസത്തിന്റെ ബീഭത്സവും അത്യന്തം പരിതാപകരവുമായ പരാജയം, മോഹന്‍ലാല്‍ എന്ന ചലച്ചിത്രതാരത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ വേണ്ടി ഉണ്ടാക്കിയ ഒരു ഗൂഢാലോചനയായി കരുതേണ്ടതില്ല. അദ്ദേഹം മികച്ച കഴിവുകളുള്ള ഒരു അഭിനേതാവാണെന്നതില്‍ സംശയമില്ലെങ്കിലും; കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങളായി മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ പിന്തുടര്‍ന്നുപോരുന്ന ഒരാളെന്ന നിലയില്‍ അവ കേരള സമൂഹത്തിന്റെ പുരോഗമന- മതേതര- മതസൗഹാര്‍ദ- സംസ്‌കാരത്തിനും ലിംഗനീതിക്കും വിപരീതമായിട്ടാണ് നിലകൊണ്ടതെന്ന കാര്യം ഇവിടെ എടുത്തു പറയാതിരിക്കാനാകില്ല. അതു കൊണ്ടുതന്നെ മഹാനടന്‍, കാലാതീതന്‍ തുടങ്ങിയ പതിവു വിശേഷണങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. 1986ല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രം പുറത്തുവന്നതോടെ, അധോലോകനായകന്റെ പരിവേഷമുള്ള അതിശക്തിമാന്മാരായ നായകന്മാരും തമ്പുരാക്കന്മാരും മറ്റുമായി മോഹന്‍ലാല്‍ പരിണാമവിധേയനായി. സാധാരണത്വം നഷ്ടപ്പെടുത്തി അദ്ദേഹത്തെ അതിമാനുഷനായ ഒരു താരമാക്കി തിരശ്ശീലയുടെ ചതുരങ്ങള്‍ക്കു പുറത്തേക്കു വ്യാപിപ്പിച്ചു. ഭൂമിയിലെ രാജാക്കന്മാര്‍, അടിവേരുകള്‍, വാര്‍ത്ത, ചെപ്പ്, സര്‍വകലാശാല, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ആര്യന്‍, നാടുവാഴികള്‍, അധിപന്‍, ദൗത്യം എന്നീ ചിത്രങ്ങളിലെ അതിനായക കഥാപാത്രങ്ങളും ഇതിനു പുറകെ വാണിജ്യവിജയം നേടി.
1987ല്‍ തൂവാനത്തുമ്പികളിലൂടെ ഒറ്റപ്പാലത്തിറങ്ങിയ മലയാള സിനിമാത്തീവണ്ടികളിലൊന്ന് പിന്നെ ആ പ്ലാറ്റ് ഫോം അധികം വിട്ടുപോയിട്ടില്ല. ജയകൃഷ്ണനായി അവിടെയിറങ്ങിയ മോഹന്‍ലാല്‍, മലയാള സിനിമയെ വിറപ്പിക്കുകയും ഐക്യ കേരളം തന്നെ ശിഥിലീകരിച്ചില്ലാതാകുകയോ അറബിക്കടലില്‍ താണുപോകുകയോ ആണ് ഭേദം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അറുപിന്തിരിപ്പന്‍/വലതുപക്ഷ/ഫാസിസ്റ്റ് സിനിമകളില്‍ നിറഞ്ഞാടുകയും ചെയ്തു. ജസ്റ്റിസ് തമ്പുരാന്റെ മകനായിപ്പിറക്കുകയും ഗ്രാമത്തില്‍ നാടുവാഴിക്കര്‍ഷകസദാചാരമാന്യനും നഗരത്തില്‍ അധോലോകരക്ഷിതാവും ആയി ഇരട്ടവേഷമണിയുന്ന ജയകൃഷ്ണന്റെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാള്‍, തങ്ങള്‍ എന്നു വിളിക്കപ്പെടുന്ന കൂട്ടിക്കൊടുപ്പുകാരനാണ്(ബാബു നമ്പൂതിരി). ദേവാസുരം, നരസിംഹം, ആറാംതമ്പുരാന്‍, ഉസ്താദ് എന്നീ സിനിമകളിലൊക്കെയുമായി മോഹന്‍ലാല്‍ ആര്‍ത്തട്ടഹസിച്ച ഫ്യൂഡല്‍ തെമ്മാടിയുടെ ആദ്യപ്രരൂപം തൂവാനത്തുമ്പികളിലാണ് രൂപീകരിക്കപ്പെട്ടത്. “കേരളീയത”യുടെ മുഖമുദ്രയായി ഇതിനകം നമ്മുടെ പൊതുബോധം സ്വാംശീകരിച്ച ഗ്രാമീണത, നിഷ്‌ക്കളങ്കത, സവര്‍ണ/ബ്രാഹ്മണ ഹൈന്ദവത, സ്ത്രീക്കുമേലുള്ള രക്ഷാകര്‍തൃത്വം തുടങ്ങിയ മൂല്യങ്ങളെ നായകത്വത്തിലൂടെ പ്രതിനിധാനം ചെയ്യുന്ന തമ്പുരാനായി മോഹന്‍ലാല്‍ വാഴിക്കപ്പെട്ടു. നവഹൈന്ദവവാദത്തിന്റെ ആശയമേല്‍ക്കോയ്മയും തൊണ്ണൂറുകളില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ തമ്പുരാന്‍ കഥകളും തമ്മിലുള്ള പാരസ്പര്യം പ്രകടമായ ദേവാസുരം, അഭിമന്യു, അദൈ്വതം, രാജശില്‍പി, കമലദളം, മായാമയൂരം, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, പവിത്രം, കാലാപാനി, ഗുരു, ആറാം തമ്പുരാന്‍, ഹിസ് ഹൈനസ് അബ്ദുള്ള, അയാള്‍ കഥയെഴുതുകയാണ്, ഉസ്താദ്, വാനപ്രസ്ഥം, നരസിംഹം, ശ്രദ്ധ, പ്രജ, ഒന്നാമന്‍, രാവണപ്രഭു, താണ്ഡവം, ചതുരംഗം, നാട്ടുരാജാവ്, ചന്ദ്രോത്സവം, ഉടയോന്‍, നരന്‍, വടക്കുംനാഥന്‍, കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ, സവര്‍ണനും അതിമാനുഷനും തമ്പുരാനും ആയി മേലാളവേഷങ്ങളാടിത്തിമിര്‍ത്ത മോഹന്‍ലാലിന്റെ പ്രതികാരവേഷങ്ങള്‍ കേരളീയ സാമൂഹിക ജീവിതത്തിലെ പുനരുത്ഥാനപ്രക്രിയക്ക് ആക്കം കൂട്ടി.
ഈ വലതുപക്ഷ/ഫാസിസ്റ്റ് വിജയാഘോഷം തിരശ്ശീലയിലെന്നതു പോലെ പുറം സമൂഹത്തിലും നിലനില്‍ക്കുന്നുണ്ടെന്നാണ് മോഹന്‍ലാലും ഫാന്‍സ് അസോസിയേഷന്‍കാരും അദ്ദേഹത്തെ സ്ഥാനത്തും അസ്ഥാനത്തും പ്രശംസിച്ചുനടക്കുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും കരുതിയത്. ആ ചീട്ടുകൊട്ടാരം കൂടിയാണ് ചീഞ്ഞ കോഴിമുട്ട പോലെ, ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിനായി അവതരിപ്പിച്ചപ്പോള്‍ പൊട്ടിപ്പൊളിഞ്ഞത്. അത്രയും നല്ലതു തന്നെ.
മുഖ്യധാരാ വൃത്താന്ത പത്രങ്ങളും ചാനലുകളും ലാലിസം എന്ന ഈ അറുബോറന്‍ പരിപാടി മഹത്തരമാണെന്ന് കൈയും മെയ്യും മറന്ന് വിളിച്ചു കൂവി. ചില ഉദാഹരണങ്ങള്‍ നോക്കുക:
1. ഉദ്ഘാടനത്തിനു പിന്നാലെ കാണികളെ കലാസ്വാദനത്തിന്റെ മാസ്മരികതയിലേക്ക് ആനയിച്ച അതിമനോഹരമായ കലാവിരുന്നായിരുന്നു പിന്നീട്. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തേയും കണ്ണിമ പൂട്ടാതെ കണ്ട മനോഹരക്കാഴ്ചകളാണ് മോഹന്‍ലാലും സംഘവും കരുതിവെച്ചിരുന്നത്. ഇന്ത്യന്‍ സിനിമയുടെ നാളിതു വരെയുള്ള ചരിത്രം പ്രതിപാദിച്ച ലാലിസം ഇന്ത്യ സിങ്ങിങ് കേരളക്കരയുടെ അഭിമാനപ്രകടനമായി.
2. ഗെയിംസിന്റെ ഭാഗ്യചിന്ഹമായ അമ്മു വേഴാമ്പല്‍ നിറഞ്ഞു നിന്ന ചടങ്ങിന്, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പ്രഗത്ഭ കലാകാരന്മാര്‍ അണി നിരന്ന സംഗീത, ദൃശ്യ വിരുന്ന് ലാലിസം മാറ്റു കൂട്ടി.
3. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള കലാപ്രകടനമായിരുന്നു പിന്നീട്. ആദ്യം കുഞ്ഞാലിമരക്കാരായി ചരിത്രത്തിലൂടെ സഞ്ചരിച്ച ലാല്‍, പിന്നീട് ലാലിസം ബാന്‍ഡ് ഷോയിലൂടെ ഇന്ത്യന്‍ സിനിമയുടെ പരിഛേദം ഗ്യാലറികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു. ഇവയില്‍ കേരളത്തിന്റെ സംഗീതവും സംസ്‌കാരവും കലയും പെരുമയോടെ നിറഞ്ഞാടി. ചാനലുകളിലും സമാനമായ വര്‍ണനകളായിരുന്നു.
ഫേസ്ബുക്കും വാട്ട്‌സ് അപ്പും ട്വിറ്ററും ഗൂഗിള്‍ പ്ലസുമില്ലായിരുന്നെങ്കില്‍ ഇതൊക്കെ വാസ്തവം എന്നല്ലേ സാമാന്യ മലയാളി വിശ്വസിക്കുക? രണ്ടായിരത്തി പതിനഞ്ചിലെ കേരളീയ ജീവിതം തന്നെ അതുവഴി അപ്രസക്തമാകുമായിരുന്നു. എന്നാല്‍, നമ്മുടെ വിവേകവും ചരിത്രബോധവും കലാസ്വാദനമികവും വീണ്ടെടുത്തുകൊണ്ട് ഈ നവമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് മലയാളികള്‍ ലാലിസം എന്ന അശ്ലീലത്തിനെതിരെ ഒന്നടങ്കം രംഗത്തിറങ്ങി. ചില ഉദാഹരണങ്ങള്‍ നോക്കുക:
1. ഇപ്പോള്‍ മനസ്സിലായി മോഹന്‍ലാലിനെ എന്തിനു പട്ടാളത്തില്‍ എടുത്തുവെന്ന്. അതിര്‍ത്തിയില്‍ ഇന്ത്യ-പാക് യുദ്ധം ഉണ്ടാകുമ്പോള്‍ അതിര്‍ത്തിയില്‍ ലാലിസം അവതരിപ്പിച്ചാല്‍ അവര്‍ സ്വയം വെടിവെച്ച് ചത്തോളും.
2. ഒറ്റ രാത്രി കൊണ്ടാണ് പണ്ട് ധാരാവി ഒഴിപ്പിച്ചതെങ്കില്‍ തിരുവനന്തപുരത്ത് രണ്ട് മണിക്കൂര്‍ ധാരാളം.
3. നാണമില്ലേ ലാലിസത്തെ കളിയാക്കി പോസ്റ്റ് ഇട്ട് നേരം കളയാന്‍ …. ഒരു സംഗീത പരിപാടി ആയി കാണുന്നത് കാരണമാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാം. അതിനെ ഒരു കോമഡി ഷോ ആയി കണ്ടു നോക്ക്. പ്രശ്‌നം തീര്‍ന്നില്ലേ!
4. ഈ ലാലിസം നാളുകള്‍ക്ക് മുമ്പേ തുടങ്ങേണ്ട പരിപാടിയാണ്. ഈ ഗാനമേള ബാന്‍ഡ് ഉള്ളിടത്തോളം കാലം താലിബാന്‍ പോയിട്ട് മാവോയിസ്റ്റുകള്‍ വരെ കേരളത്തിന്റെ ഏഴയലത്ത് വരില്ല എന്നുറപ്പാണ്.
5. മോഹന്‍ലാല്‍ തന്നെ പാടാന്‍ വേദിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ മൈക്ക് എത്തും മുന്‍പേ റെക്കോര്‍ഡ് ചെയ്ത പാട്ട് തുടങ്ങിയപ്പോള്‍ ഗ്യാലറി കൂവി വിളിച്ചു. മോഹന്‍ലാല്‍ ചുണ്ട് അനക്കി തുടങ്ങിയപ്പോള്‍ റെക്കോര്‍ഡ് മ്യൂസിക്ക് ഓഫാക്കുകയും ചെയ്തു. ഇതോടെ ലിപ്‌സിങ്കിന്റെ കള്ളി വെളിച്ചത്തായി. ഉദ്ഘാടനച്ചടങ്ങ് ലൈവ് ടെലികാസ്റ്റ് ചെയ്ത് ദൂരദര്‍ശന്‍ സ്റ്റേജിലെ പ്രകടനങ്ങളുടെ ക്ലോസ് അപ് ദൃശ്യങ്ങള്‍ പ്രേക്ഷകരിലെത്തിച്ചത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി.
6. വെറുപ്പിക്കല്‍ എന്ന വാക്ക് പലതവണ കേട്ടിട്ടുണ്ടെങ്കിലും ആ വാക്ക് ഒരു അത്ഭുതമായി തോന്നിയത് ഇന്നലെയാണ്.
7. സെക്രട്ടറിയറ്റിന് മുന്നില്‍ ലാലിസത്തിന് ഒരു സ്ഥിരം വേദി കൊടുക്കാമായിരുന്നു, എങ്കില്‍ സമരക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കിയോ ലാത്തിയോ ഒന്നും വേണ്ടിവരില്ല. (അമാന്യമായ വാക്കുകളും പ്രയോഗങ്ങളും നിറഞ്ഞ എത്രയോ കമന്റുകള്‍ ഇവിടെ എടുത്തെഴുന്നത് ശരിയല്ലല്ലോ).
പരമ്പരാഗത മാധ്യമങ്ങളായ വൃത്താന്ത പത്രങ്ങള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും മേല്‍ നവ മാധ്യമങ്ങള്‍ നേടിയ അസാമാന്യമായ വിജയമാണ് ഈ പ്രശ്‌നത്തില്‍ ചിന്തനീയമായി ശേഷിച്ചു നില്‍ക്കുന്നത്. പ്രമുഖ ബ്ലോഗറായ ബഷീര്‍ വള്ളിക്കുന്ന് ഇത് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിച്ച അഭിപ്രായങ്ങള്‍ കേരളത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ പൂഴ്ത്തിവെക്കാന്‍ ശ്രമിച്ച അഭിപ്രായങ്ങളാണ്. ജനങ്ങളുടെ അഭിപ്രായം പത്രത്താളുകളുടെ അതിരുകള്‍ ഭേദിച്ച് എങ്ങിനെ പുറം ലോകത്ത് എത്തുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് സോഷ്യല്‍ മീഡിയ കാണിച്ചു തന്നത്. ഇതൊരു പാഠമായിരിക്കട്ടെ. ഒരു പത്രം കൈയിലുണ്ടെങ്കില്‍ ഈ ഭൂമി തലകീഴായി മറിക്കാം എന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു പോയി മക്കളെ. ലാലിസം എപ്പിസോഡില്‍ നിന്നും മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പാഠം പഠിക്കേണ്ടത് പരമ്പരാഗത മാധ്യമങ്ങളാണെന്നതാണ് വാസ്തവം. സമൂഹം മാറുകയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം മാറാന്‍ ശ്രമിക്കാത്ത പക്ഷം പഴയ പ്രതാപത്തോടെ ഒരിഞ്ച് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. ഓര്‍ക്കുക, നവമാധ്യമങ്ങളുടെ ഷോക്ക് ട്രീന്റ് മെന്റുകള്‍ നിങ്ങളെ ഇനിയും കാത്തിരിക്കുന്നുണ്ട്.
അപ്പോള്‍ കാര്യങ്ങള്‍ വെളിവായില്ലേ. ആ സ്ഥിതിക്ക് ഈ ലേഖനത്തിന്റെ ശീര്‍ഷകം ന്യൂ ജന്‍ മാതൃകയിലാക്കിക്കളയാം അല്ലേ.