Connect with us

Ongoing News

അസോസിയേഷനുകള്‍ തമ്മില്‍ തര്‍ക്കം: ആറ് ബോക്‌സിംഗ് ടീമുകള്‍ പിന്മാറി

Published

|

Last Updated

തൃശൂര്‍: ബോക്‌സിംഗ് ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം മൂലം രാജ്യാന്തര താരങ്ങള്‍ ദേശീയ ഗെയിംസ് ബോക്‌സിംഗ് മത്സരത്തില്‍ നിന്ന് പിന്‍മാറി. 24 ടീമില്‍ നിന്ന് ആറ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ബോക്‌സിംഗ് ഇന്ത്യയും തമ്മിലെ തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിയാത്തതിനാലാണ് താരങ്ങളും ടീമുകളും മടങ്ങുന്നത്. ഇതോടെ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ബോക്‌സിംഗ് മത്സരം വഴിപാടാവും. ഇന്നലെ തൃശൂര്‍ ബാലഭവനില്‍ ചേര്‍ന്ന ടീം മാനേജര്‍മാരുടെ യോഗത്തിന് മുമ്പായി ബോക്‌സിംഗ് ഇന്ത്യ പ്രതിനിധികള്‍ കൃത്യമായ നിലപാട് സ്വീകരിച്ചതോടെ യോഗത്തില്‍ കാര്യമായ തീരുമാനം എടുക്കാനായില്ല. ലോക മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ലെന്ന തിരിച്ചറിവാണ് പ്രമുഖ താരങ്ങള്‍ ദേശീയ ഗെയിംസില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണം. പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ലോകചാമ്പ്യന്‍മാരായ വിജേന്ദര്‍ കുമാര്‍, മേരി കോം, മനോജ് കുമാര്‍ തുടങ്ങിയ ബോക്‌സര്‍ മത്സരത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം തൃശൂരില്‍ എത്തിയ രാജ്യാന്തര താരങ്ങളും മടങ്ങും. കോമണ്‍വെല്‍ത്ത് ജൂനിയര്‍ ചാമ്പ്യന്‍ ബല്‍വീന്ദര്‍ ബെനിവാള്‍, 2012 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ബ്രിജേഷ്‌കുമാര്‍, 2011 ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ഷില്‍ 54 കിലോ വിഭാഗത്തില്‍ ജേതാവായ മുകേഷ്‌കുമാര്‍, 50 വിഭാഗത്തില്‍ ചാമ്പ്യനായ ഹരിയാനയുടെ സന്ദീപ്, ലോക പോലീസ് ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ഗെയിംസിലും പങ്കെടുത്ത ജഗത്‌സിംഗ് തുടങ്ങിയ പ്രമുഖരിലും പലരും മടങ്ങും.
ബുധനാഴ്ച എത്തിയ ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, തെലുങ്കാന, ആന്ധ്രാപ്രദേശ്, ത്രിപുര, ഹിമാചല്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മിസോറാം, മണിപ്പൂര്‍, ഗോവ, ജമ്മുകാശ്മീര്‍, ഹരിയാന, ഒറീസ, ഝാര്‍ഖണ്ഡ്, സര്‍വീസസ് അടക്കം 24 ടീമുകളില്‍ ആറ് ടീമുകളാണ് മടങ്ങുന്നത്.