Connect with us

Kozhikode

മര്‍കസ് കോംപ്ലക്‌സ് മാനേജരെ മര്‍ദ്ദിച്ച അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു

Published

|

Last Updated

കോഴിക്കോട്: മര്‍കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് സിറ്റി ഓഫീസില്‍ അതിക്രമിച്ചു കയറി മാനേജരെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയും ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്റിംഗ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ ഉടമ അബ്ദുസ്സലാം, മര്‍കസ് അല്‍ മിസ്‌ക് ഉടമ നജീബ്, കോമ്പ്‌ലാന്റ് ഉടമ ശൈഖ് ശാഹിദ്, റോയല്‍ ഊദ് ഉടമ സാക്‌സണ്‍ തുടങ്ങി ഇരുപത്തഞ്ചോളം പേര്‍ക്കെതിരെ ഐ പി സി 143/147/448/294(യ)/323/506(1)/149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 4 ബുധനാഴ്ച 12 മണി സമയത്താണ് ഇരുപത്തഞ്ചോളം വരുന്ന അക്രമി സംഘം മര്‍കസ് സിറ്റി ഓഫീസിലെത്തി ആക്രമണം നടത്തിയത്. കോംപ്ലക്‌സിലെ മുറികളുടെ വാടകനിരക്ക് ഭീമമായി വര്‍ദ്ധിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് വാടകക്കാരിലെ ഒരു വിഭാഗം ഓഫീസിലെത്തിയത്. ഓഫീസിലെത്തിയ സംഘത്തിലെ എല്ലാവരോടും ഒരുമിച്ച് ചര്‍ച്ച ചെയ്യുക അപ്രായോഗികമായതിനാല്‍ അബ്ദുസ്സലാം, നജീബ് എന്നീ രണ്ടു പ്രതിനിധികളെ ചര്‍ച്ചക്കായി അനുവദിച്ചു. ചര്‍ച്ച നടക്കുമ്പോള്‍ പുറത്തുള്ള സംഘാംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ബഹളം കൂട്ടികൊണ്ടിരിക്കുകയും ചെയ്തു. ഇത് ഓഫീസ് മര്യാദയ്ക്ക് യോജിച്ചതല്ലെന്ന് മാനേജര്‍ പറഞ്ഞപ്പോള്‍ ക്ഷുഭിതരായ സംഘം മാനേജരെ അസഭ്യം പറയുകയും കോളറിന് പിടിച്ച് കസേരയില്‍ നിന്ന് താഴെ വീഴ്ത്തുകയും ചെയ്തു. ഇത് കണ്ട് തടയാനെത്തിയ ഓഫീസ് ജീവനക്കാരായ ഹബീബുറഹ്മാന്‍ (ബി.ഡി.എം), റിയാസ്, സുനീര്‍, എന്നിവരെയും സംഘം മര്‍ദ്ദിച്ചു. സംഭവം നടക്കുമ്പോള്‍ മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായ ഡോ. അബ്ദുസ്സലാം അടക്കമുള്ള പ്രമുഖര്‍ ഓഫീസിലുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയ സംഘം പോലീസ് എത്തിയ ശേഷമാണ് പിരിഞ്ഞു പോയത്. നഗരത്തില്‍ ഏറ്റവും കുറവ് വാടകയാണ് മര്‍കസ് കോംപ്ലക്‌സില്‍ ഈടാക്കുന്നത്. കോംപ്ലക്‌സില്‍ ഈടാക്കുന്ന വാടകയേക്കാള്‍ ഇരുപത് ഇരട്ടി വരെ കൂടുതലാണ് തൊട്ടടുത്തുള്ള മറ്റു കെട്ടിടങ്ങളിലെ വാടക. ഇത്രയും കുറഞ്ഞ നിരക്കില്‍ നഗരത്തില്‍ മറ്റെവിടെയും മുറികള്‍ ലഭ്യമല്ല. ഈ നിരക്ക് കുറഞ്ഞ തോതില്‍ വര്‍ദ്ധിപ്പിച്ചപ്പോഴാണ് വ്യാപാരികളില്‍ ചിലര്‍ അക്രമവുമായി രംഗത്തു വന്നിട്ടുള്ളത്. അനാഥകളടക്കമുള്ള അനേകായിരങ്ങള്‍ക്ക് അത്താണിയായ മര്‍കസിന്റെ വിദ്യാഭ്യാസ, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു പ്രധാന വരുമാനമാര്‍ഗ്ഗം കോംപ്ലക്‌സില്‍ നിന്നുള്ള വാടകയാണ്. ഇതേ സമയം കോംപ്ലക്‌സിലെ വലിയൊരു വിഭാഗം സ്ഥാപനങ്ങളും ന്യായമായ വാടക വര്‍ദ്ധനവിനെ അംഗീകരിക്കുന്നവരാണ്. ചുരുക്കം ചിലര്‍ മാത്രമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനാഥകളും അഗതികളുമായവരുടെ വിദ്യാഭ്യാസത്തിനും സംരംക്ഷണത്തിനും ഉപകരിക്കേണ്ട പണമാണ് ന്യായമായ രൂപത്തിലുള്ള വാടക വര്‍ദ്ധനവ് അംഗീകരിക്കാത്തവര്‍ അന്യായമായി അനുഭവിക്കുന്നതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണമെന്ന് മര്‍കസ് അധികൃതര്‍ അറിയിച്ചു.

Latest