വനിതാ ബീച്ച് വോളിയില്‍ സ്വര്‍ണം, വെങ്കലം

Posted on: February 5, 2015 6:32 pm | Last updated: February 6, 2015 at 12:09 am

BECH VOLLYIL SWARNNAM NEDIYA KERALATHINTE  SHAHANA ASWATHY SAKYAMകോഴിക്കോട്: ദേശീയ ഗെയിംസ് വനിതാ ബീച്ച് വോളിയില്‍ കേരളത്തിന് ഇരട്ട മെഡല്‍. അവസാന നിമിഷംവരെ ഇഞ്ചോടിഞ്ച് പൊരുതി കേരളത്തിന്റെ കെ എം ശഹാന – ഇ അശ്വതി സഖ്യം സ്വര്‍ണവും ജിഷ- സോണിയ സഖ്യം വെങ്കലവും കരസ്ഥമാക്കി. ആന്ധ്രപ്രദേശിന്റെ മഹേശ്വരി- മഹാലക്ഷ്മി സഖ്യത്തെ തകര്‍ത്താണ് ശഹാനയും അശ്വതിയിയും സ്വര്‍ണത്തില്‍ മുത്തമിട്ടത്.
ബീച്ച് വോളിയില്‍ ഏറെ പരിചയസമ്പത്തുള്ള ദേശീയ താരങ്ങളയ മഹേശ്വരി- മഹാലക്ഷമി സഖ്യം അവസാന നിമിഷം വരെ പൊരുതിയെങ്കിലും 23- 21, 21- 19 നേരിട്ടുള്ള സെറ്റുകള്‍ക്ക് കേരളത്തോട് അടിയറവ് പറഞ്ഞ് വെള്ളിയില്‍ തൃപ്തിപ്പെടേണ്ടി വന്നു. ബീച്ച് വോളിയില്‍ വലിയ മുന്‍പരിചയമൊന്നും ഇല്ലാത്ത വോളിബോള്‍ താരങ്ങളായ ശഹാനയും അശ്വതിയും കാണികളുടെ നിറഞ്ഞ പിന്തുണയില്‍ മത്സരം പിടിച്ചെടുക്കുകയായിരുന്നു.
ലൂസേഴ്‌സ് ഫൈനലില്‍ തമിഴ്‌നാടിന്റെ ഹേമമാലിനി- നര്‍മദ സഖ്യത്തെ മൂന്ന് സെറ്റ് നീണ്ട (21-15, 10-21, 15-7) പോരാട്ടത്തിലാണ് ജിഷ-സോണിയ സഖ്യം കീഴ്‌പ്പെടുത്തിയത്.
പുരുഷന്‍മാരുടെ ഫൈനലില്‍ തെലുങ്കാനയെ തോല്‍പ്പിച്ച് ആന്ധ്രപ്രദേശ് ചാമ്പ്യന്‍മാരായി. ആന്ധ്രപ്രദേശിന്റെ രാമകൃഷ്ണ രാജു- ടി നരേശ് സഖ്യം തെലുങ്കാനയുടെ രവീന്ദ്രര്‍ റെഡ്ഡി- ചൈതന്യ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 18- 21, 21- 17, 15- 10 സ്‌കോറിനാണ് ആന്ധ്രയുടെ വിജയം. ഗോവ- 1, ഗോവ- 2നെ ടൈബ്രേക്കറില്‍ കീഴടക്കി വെങ്കലം നേടി. സ്‌കോര്‍: 22-20, 13-21, 15-8. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് കോഴിക്കോട് നടക്കുന്ന മത്സരങ്ങളില്‍ കോഴിക്കോടിന്റെ ആദ്യ മെഡലുകളാണ് ഇന്ന് ബീച്ച് വോളിയില്‍ ഉണ്ടായിരിക്കുന്നത്.