അറേബ്യന്‍ ഓറിക്‌സുകളുടെ എണ്ണത്തില്‍ വര്‍ധന

Posted on: February 5, 2015 6:19 pm | Last updated: February 5, 2015 at 6:19 pm

&MaxW=640&imageVersion=default&AR-150209528അബുദാബി: വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ ഓറിക്‌സുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി അബുദാബി വന്യമൃഗസംരക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. കാളകളുടെ വംശത്തില്‍ ഉള്‍പെട്ടവയാണിവ. സര്‍ ബനിയാസ് ഐലന്റിന്റെസംരക്ഷകരാണ് അറേബ്യന്‍ ഓറിക്‌സുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അറേബ്യന്‍ ഓറിക്‌സുകള്‍ ജീവിക്കുന്ന വന്യമൃഗ സംരക്ഷണ കേന്ദ്രമാണ് സര്‍ ബനിയാസ്. നിലവില്‍ 500 ഓളം അറേബ്യന്‍ ഓറിക്‌സുകളാണ് സര്‍ബനിയാസില്‍ സ്വതന്ത്രരായി വിഹരിക്കുന്നത്. 25 തരം സസ്തനികളും 170 പക്ഷി വര്‍ഗങ്ങളും ഇവിടെയുണ്ട്. പതിമൂവായിരത്തോളം മൃഗങ്ങളാണ് മൊത്തത്തില്‍ സര്‍ ബനിയാസ് ദ്വീപിലുള്ളത്.
ആദ്യ കാലത്ത് മരുഭൂമിയില്‍ ഇവ വന്‍തോതില്‍ വേട്ടയാടപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ദീര്‍ഘവീക്ഷണത്തില്‍ ഇവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സര്‍ ബനിയാസില്‍ എത്തിച്ചതെന്ന് സര്‍ ബനിയാസ് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഓപറേഷന്‍സ് മാനേജറായ മൗറിയസ് പ്രിന്‍സ്‌ലൂ വെളിപ്പെടുത്തി. ഓറിക്‌സുകള്‍ക്കൊപ്പം മൗണ്ടയിന്‍ ഗസല്ലെകളും സാന്റ് ഗസല്ലെകളും വരയന്‍ കഴുതപ്പുലിയും അറേബ്യന്‍ വരയാടുമെല്ലാം ഇവിടെ സംരക്ഷിക്കപ്പെടുന്നവയില്‍ ഉള്‍പെടും. യു എ ഇക്കും ഒമാനിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഹജ്ര്‍ പര്‍വത പ്രദേശങ്ങളില്‍ കാണപ്പെടുന്ന മിക്ക മൃഗങ്ങളെയും സര്‍ ബനിയാസില്‍ സംരക്ഷിക്കുന്നുണ്ട്.
1970 കളിലാണ് അറേബ്യന്‍ ഓറിക്‌സുകളെ ഇവിടെ സംരക്ഷിക്കാന്‍ തുടങ്ങിയതെന്നും അന്നുമുതല്‍ വംശവര്‍ധനയുടെ കാര്യത്തില്‍ മികച്ച ഫലമാണ് കൈവരിക്കാന്‍ സാധിച്ചിരിക്കുന്നതെന്നും സ്വതന്ത്ര വന്യമൃഗസംരക്ഷണ വിദഗ്ധനായ സമീര്‍ ഗാനി വ്യക്തമാക്കി. യു എ ഇ ഭരണാധികാരികള്‍ നടത്തുന്നത് സമാനതകളില്ലാത്ത സംരക്ഷണ പ്രവര്‍ത്തനമാണ് ഇതിന് ഇടയാക്കിയിരിക്കുന്നത്്.
ആദിമകാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ വന്യമൃഗങ്ങളെല്ലാം സ്വതന്ത്രമായി മേഞ്ഞുനടക്കുകയായിരുന്നു. എന്നാല്‍ മനുഷ്യര്‍ വേട്ട ശക്തമാക്കിയതോടെയാണ് അവക്ക് വംശനാശ ഭീഷണി നേരിട്ടു തുടങ്ങിയത്. 1972ലാണ് അറേബ്യന്‍ ഓറിക്‌സിനെ വെടിവെച്ചിട്ടതായ അവസാന വാര്‍ത്ത ഒമാന്‍ മരുഭൂമിയില്‍ നിന്നു വന്നത്. 2011ലാണ് ഈ ജീവികളെ ലോക വ്യാപകമായി വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പെടുത്തിയത്. അറേബ്യന്‍ ഓറിക്‌സ് ഉള്‍പെടെയുള്ളവയുടെ വംശ വര്‍ധനവ് ക്രമപ്പെടുത്താനായി 2008ല്‍ ഇവിടെ നാലു പുള്ളിപ്പുലികളെയും എത്തിച്ചിട്ടുണ്ട്. 2010ല്‍ ഇവക്ക് കുട്ടികള്‍ പിറന്നതും സമീര്‍ അനുസ്മരിച്ചു.