Connect with us

Gulf

ഷാര്‍ജയില്‍ ഇന്നു മുതല്‍ പ്രകാശോത്സവം

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ പ്രകാശോത്സവം ഇന്ന് ആരംഭിക്കും. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അല്‍ ഖസ്ബയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഷാര്‍ജയെ അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍ 2015 വര്‍ഷത്തെ അറബ് വിനോദസഞ്ചാര തലസ്ഥാനം-2015 ആയി തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.

എമിറേറ്റിന്റെ തിരഞ്ഞെടുത്ത 14 കേന്ദ്രങ്ങളിലാണ് പരിപാടി. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കും. പ്രകാശോത്സവം രാജ്യത്തേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് കണക്കുകൂട്ടല്‍. 2011ല്‍ ആരംഭിച്ച പ്രകാശോത്സവത്സവത്തിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഇപ്രാവശ്യം കൂടുതല്‍ സ്ഥലങ്ങളെ ഉള്‍പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വൈകിട്ട് ആറ് മുതര്‍ അര്‍ധരാത്രി വരെ ഇടവിട്ട മണിക്കൂറുകളില്‍ അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് ഇമ്പമാര്‍ന്ന സംഗീതത്തിന്റെ അകമ്പടിയോടെ വര്‍ണവിസ്മയമൊരുക്കും. 10 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ളതാണ് പരിപാടികള്‍. സര്‍ക്കാര്‍ മന്ദിരങ്ങളും പൈതൃക കേന്ദ്രങ്ങളും തുടങ്ങി പള്ളികള്‍ വരെ ഇതിന്റെ ഭാഗമാകും. മികച്ച കാലാവസ്ഥയായതിനാല്‍ സ്വദേശികളും വിദേശികളും കുടുംബസമേതം പരിപാടി ആസ്വദിക്കാനെത്തുമെന്നാണ് പ്രതീക്ഷ.
അല്‍ ഖസ്ബ , അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, കിങ് ഫൈസല്‍ പള്ളി, കുവൈത്ത് സ്‌ക്വയര്‍, കള്‍ചറല്‍ പാലസ് സ്‌ക്വയര്‍, സെന്‍ട്രല്‍ സൂഖ്, ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി സെന്റര്‍ ഓഫ് ഗള്‍ഫ് സ്റ്റഡീസ്, നൂര്‍ മസ്ജിദ്, ഷാര്‍ജ യൂണിവേഴ്‌സിറ്റി കല്‍ബ, മസ്ജിദ് അമ്മാര്‍ ബിന്‍ യാസര്‍ ദൈദ്, ഷാര്‍ജ യൂണിവേഴ്‌സിറ്റി ഖോര്‍ഫുക്കാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന കെട്ടിടങ്ങളുടെ ചുമരുകള്‍ വര്‍ണചിത്രമെഴുതും. വി വി ഐ ഡി ലൈറ്റ് ഡിസ്പ്‌ളേയുടെയും വീഡിയോ പ്രൊജക്ടറുകളുടെയും ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന പ്രകാശോല്‍സവത്തിന് രാജ്യാന്തര പ്രശസ്തരായ എന്‍ജിനീയര്‍മാരും പ്രമുഖ കലാകാരന്മാരും നേതൃത്വം നല്‍കും.

Latest