Connect with us

Gulf

വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍; ~ഒരു മാസത്തിനിടെ 25 കേസുകള്‍

Published

|

Last Updated

ദുബൈ: ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യാജമായി നിര്‍മിക്കുന്ന കേസുകള്‍ കൂടിവരുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. ഈ വര്‍ഷം മാത്രം ഇത്തരത്തിലുള്ള 25 കേസുകള്‍ ദുബൈയില്‍ പിടികൂടിയതായി കണക്കുകള്‍.

ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യാജമായി നിര്‍മിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുമാണെന്ന് ദുബൈ പോലീസിലെ ക്രൈം എവിഡന്‍സിലെ ഡോക്യുമെന്റ്‌സ് ഇന്‍സ്‌പെക്ഷന്‍ തലവന്‍ അഖീല്‍ അഹ്മദ് അല്‍ നജ്ജാര്‍ വ്യക്തമാക്കി.
പിടികൂടിയ 25 കേസുകളില്‍ ഒന്നില്‍ മാത്രം 1,500 വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചതായി പിടിക്കപ്പെട്ടു. 30 കാര്‍ഡുകള്‍ പിടിക്കപ്പെട്ട ഒരു കേസും 30 ഐഡി കാര്‍ഡുകള്‍ നിര്‍മിച്ച മറ്റൊരു കേസും ഇതില്‍ ഉള്‍പെടും. വ്യാജമായി നിര്‍മിച്ച കാര്‍ഡുകളിലെല്ലാം ഫോട്ടോ ഒരാളുടെയും പേരുകള്‍ വ്യത്യസ്തവുമാണെന്ന് അല്‍ നജ്ജാര്‍ അറിയിച്ചു.
മറ്റേതു കാര്‍ഡുകളുടെയും വ്യാജന്മാരെ നിര്‍മിക്കുന്നത് പോലെ കാര്‍ഡ് നമ്പറും മറ്റുവിവരങ്ങളും ചില സംവിധാനങ്ങളിലൂടെ ചോര്‍ത്തിയെടുത്താണ് ക്രെഡിറ്റ് കാര്‍ഡിന്റെയും വ്യാജനെ നിര്‍മിക്കുന്നത്. ഒറിജിനലിലും വ്യാജനിലുമുള്ള വിവരങ്ങളൊക്കെ ഒന്നായിരിക്കുമെന്നതിനാല്‍ പലപ്പോഴും ഇത് തിരിച്ചറിയുക ഏറെ പ്രയാസമായിരിക്കുമെന്ന് അല്‍ നജ്ജാര്‍ വ്യക്തമാക്കി.
ബേങ്കുകളിലും ഹോട്ടലുകളിലും മറ്റും സാമ്പത്തിക ഇടപാടുകള്‍ക്ക് വരിനില്‍ക്കുന്നതിനിടക്ക് തന്ത്രപൂര്‍വം കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് ഒരു രീതി. സ്‌കിമ്മര്‍ എന്ന ഉപകരണം ഉപയോഗിച്ചും കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുണ്ട്. ഈ ഉപകരണം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് പ്രത്യേക രീതിയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്.
ഇത്തരം വ്യാജ ക്രഡിറ്റുകാര്‍ഡുകള്‍ നിര്‍മിക്കുന്നതില്‍ കൂടുതലും ആഫ്രിക്കന്‍ വംശജരാണ് മുന്നില്‍. തൊട്ടുപിന്നില്‍ പാകിസ്ഥാനികളുമാണെന്ന് അല്‍ നജ്ജാര്‍ വെളിപ്പെടുത്തി. ക്രെഡിറ്റ്കാര്‍ഡുകള്‍ ഉള്‍പെടെയുള്ള വിലപിടിപ്പുള്ള രേഖകളുടെ ഉപയോഗം വളരെ സൂക്ഷിച്ചു വേണമെന്നും അല്‍ നജ്ജാര്‍ മുന്നറിയിപ്പുനല്‍കി.

Latest