Connect with us

Gulf

കടലില്‍ നിര്‍മിക്കുന്ന വില്ലകളുടെ വില്‍പന ഏഴിന്‌

Published

|

Last Updated

ദുബൈ: കടലില്‍ നിര്‍മിക്കുന്ന വില്ലകളുടെ വില്‍പന ഏഴി(ശനി)ന് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. വെള്ളത്തിന് നടുവില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് വില്ലകള്‍ രൂപകല്‍പന ചെയ്യുക. 50 ലക്ഷം ദിര്‍ഹം മുതലാണ് ഇവയുടെ വില. മൂന്നു നിലകളിലായി പണിയുന്ന വില്ലകളുടെ വില്‍പനയാണ് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് നേതൃത്വം നല്‍കുന്ന നിര്‍മാണ കമ്പനിയായ ക്ലെയിന്‍സ്റ്റ് ഗ്രൂപ്പ് വ്യക്തമാക്കി. ഇവയുടെ ഒരു നില പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കും. 1,700 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന വില്ലകളുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചതായും 2017 ആവുമ്പോഴേക്കും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ജോസഫ് ക്ലെയിന്‍സ്റ്റ് വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. വില്ലകള്‍ക്കായി ബുക്ക് ചെയ്യുന്നവര്‍ നിര്‍മാണം പുരോഗമിക്കുന്നതിന് അനുസരിച്ചാണ് പണം നല്‍കേണ്ടത്. മീഡിയ സിറ്റിയിലെ അരിങ്കോ ടവറിലെ 20ാം നിലയിലാണ് ശനിയാഴ്ച വൈകുന്നേരം നാലിന് വില്ലകള്‍ക്കുള്ള ബുക്കിംഗ് ആരംഭിക്കുക.
ദുബൈയില്‍ യൂറോപ്യന്‍ രീതിയിലുള്ള ജീവിതരീതി അനുഭവിപ്പിക്കാനാണ് ഇത്തരം ഒരു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഡംബരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള യൂറോപ്യന്‍ പാരമ്പര്യരീതിയിലുളള രൂപകല്‍പനയാണ് നിര്‍മാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജുമൈറ തീരത്തു നിന്നു നാലു കിലോമീറ്റര്‍ കടലിലേക്ക് മാറിയാണ് വില്ലകള്‍ പണിയുന്നത്. നഖീലിന്റെ കീഴിലുള്ള ആറു ദ്വീപുകളിലായാണ് വില്ലകള്‍ ഉള്‍പെട്ട റിസോര്‍ട്ട് പദ്ധതി യാഥാര്‍ഥ്യമാക്കുക.
യൂറോപ്പിന്റെ ഹൃദയഭാഗത്ത് എത്തിയ പ്രതീതിയാവും താമസക്കാര്‍ക്ക് വില്ലകള്‍ സമ്മാനിക്കുക. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകലം കുറക്കുന്നതാവും പദ്ധതിയെന്നും ജോസഫ് വിശദീകരിച്ചു.