Connect with us

Ongoing News

എലിസബത്ത് സൂസന് ഷൂട്ടിങ്ങില്‍ രണ്ടാം സ്വര്‍ണം; കോടി ചെലവുള്ള ഉന്നം

Published

|

Last Updated

തിരുവനന്തപുരം: പരിശീലനത്തിനായി രണ്ടുവര്‍ഷത്തിനിടെ എലിസബത്ത് സൂസണ്‍ ചിലവഴിച്ചത് ഒന്നരകോടിയിലേറെ രൂപ. ഉപകരണങ്ങളുടെ വിലയാണ് കൂടിയ ചെലവിന് കാരണം. റൈഫിളിന് പത്തുലക്ഷം രൂപയാണ് വില. ഒരുവെടിയുതിര്‍ക്കുന്നതിന് 30രൂപ ചിലവുവരും. പരിശീലനത്തിനായി പ്രതിദിനം 200 നുമുകളില്‍വെടിയുണ്ടകള്‍ ദിവസവും ഉപയോഗിക്കുന്നത്. അതേസമയം ഷൂട്ടിംഗിന് കേരളം പ്രാധാന്യം നല്‍കണമെന്നും ഒപ്പം ഷൂട്ടിംഗ് റേഞ്ചുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തകയും ചെയ്യണമെന്ന് ദേശീയഗെയിംസിലെ ഇരട്ടസ്വര്‍ണ ജേതാവ് എലിസബത്ത് സൂസന്‍ കോശി.
ദേശീയ മീറ്റുകളിലും, അന്താരാഷ്ട്ര മത്സരങ്ങളിലും നേരത്തെ സ്വര്‍ണം നേടിയിട്ടും തന്നെ ആകരും അറിയാത്തത് കേരളം ഷൂട്ടിംഗിന് വേണ്ട് പ്രാധാന്യം നല്‍കാത്തത് കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ മത്സരം നടന്നതുകൊണ്ടും, രണ്ടു സ്വര്‍ണം നേടിയതുകൊണ്ടും മാത്രമാണ് എന്നെ ആളുകള്‍ തിരിച്ചറിയുന്നത്.
അടിസ്ഥാന സാകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ കൂടുതല്‍ മെഡല്‍നേടാന്‍ കഴിയൂ. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കൂടുതല്‍ പ്രോത്സാഹനം നല്‍കിയാല്‍ മാത്രമേ കൂടുതല്‍ ആളുകള്‍ ഈ രംഗത്തെക്ക് കടന്നുവരൂ. പ്രതിഭയുള്ള നിരവധി ആളുകള്‍ കേരളത്തിലുണ്ട്. എന്നാല്‍ അടിസ്ഥാനസൗകര്യമില്ലാത്തത് പ്രകടനത്തെ ബാധിക്കുന്നു-എലിസബത്ത് സൂസണ്‍ വ്യക്തമാക്കി. അടുത്ത ഒളിംമ്പിക്‌സില്‍ ഒരു മെഡല്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.
ദേശീയ ഗെയിംസ് ഷൂട്ടിംഗില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ആവേശകരമായ മത്സരത്തിലാണ് എലിസബത്തിന്റെ നേട്ടം. 445.9 പോയിന്റായിരുന്നു സമ്പാദ്യം. മഹാരാഷ്ട്രയുടെ വേദാംഗി വിരാഗാണ് (444.7 പോയിന്റ്) വെള്ളി നേടിയത്.
ദേശീയ താരങ്ങളായ അഞ്ജലി ഭാഗവത്, ലജ്ജ ഗോസ്വാമി, സന്ധ്യ എന്നിവരെ പിന്തള്ളിയായിരുന്നു എലിസബത്തിന്റെ സുവര്‍ണ നേട്ടം. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തില്‍ എലിസബത്ത് ആദ്യസ്വര്‍ണം നേടിയിരുന്നു. നീലിംഗ് പൊസിഷനില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എലിസബത്ത് സ്റ്റാന്‍ഡിംഗ് പൊസിഷനില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് രണ്ടാം സ്വര്‍ണം നേടിയത്.
തുഴച്ചിലില്‍ സുവര്‍ണ രാശി
തുഴച്ചിലില്‍ സിംഗിള്‍സ്, ഡബിള്‍സ്, ടീമിനം എന്നിവയിലാണ് കേരള താരങ്ങള്‍ സ്വര്‍ണം നേടിയത്. 500 മീറ്റര്‍ സിംഗിള്‍സ് സ്‌കള്ളില്‍ ഡിറ്റിമോള്‍ വര്‍ഗീസും, ഡബിള്‍സ് സ്‌കള്ളില്‍ ഡിറ്റിമോള്‍-താര സഖ്യവും, കോക്‌ലസ് ഫോര്‍ ഇനത്തില്‍ ഹണി, നിമ്മി, അഞ്ജലി, അശ്വനി എന്നിവരടങ്ങുന്ന ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഡിറ്റിമോളുടെ മെഡല്‍ നേട്ടം മൂന്നായി.
വനിതകളുടെ ബീച്ച് ഹാന്‍ഡ്‌ബോളില്‍ ആന്ധ്രാപ്രദേശിനെ 23-21, 21-19 സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ഖൊ-ഖൊ മത്സരത്തില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ വെള്ളി നേടി. കലാശപ്പോരാട്ടത്തിനിറങ്ങിയ പുരുഷ ടീം പശ്ചിമബംഗാളിനോട് 14-12 നും, വനിതാടീം മഹാരാഷ്ട്രയോട് 10-11 നുമാണ് പരാജയം സമ്മതിച്ചത്. നീന്തലില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസ് ട്രോക്കില്‍ ശര്‍മ എസ് പി നായരും, റോവിംഗില്‍ കോക്‌സ് ലെസ് ഫോര്‍ വിഭാഗത്തില്‍ വനിതാടീമും വെള്ളി നേടിയിരുന്നു.
പുരുഷന്‍മാരുടെ മൂന്നു മീറ്റര്‍ സ്പ്രിംഗ്‌ബോര്‍ഡ് ഡൈവിംഗില്‍ കേരളത്തിനായി മത്സരിച്ച മഹാരാഷ്ട്ര താരം സിദ്ധാര്‍ഥ് പര്‍ദേശിയും വെങ്കലം നേടി. കഴിഞ്ഞ ദിവസം പുരുഷന്‍മാരുടെ ഹൈബോര്‍ഡ് ഡൈവിംഗില്‍ സിദ്ധാര്‍ഥ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.
ലോണ്‍ബോളില്‍ കേരള ടീം വെങ്കലം നേടി. പുരുഷ വിഭാഗം ഫോര്‍സ് വിഭാഗത്തില്‍ ഡോ. ടി പി ജോസ്, ഡോ. വിനീത് കുമാര്‍, ആഡ്രിന്‍ മാത്യു ലൂവിസ്, ഗോപിനാഥപൈ എന്നിവരടങ്ങിയ ടീമാണ് വെങ്കല മെഡല്‍ നേടിയത്. ജിംനാസ്റ്റികില്‍ വ്യക്തിഗത പൊമ്മല്‍ വിഭാഗത്തില്‍ ഷിനോജും, റോവിംഗില്‍ 500 മീറ്റര്‍ കോക്‌സ്‌ലെസ് ഫോര്‍ വിഭാഗത്തില്‍ പുരുഷ ടീമും വെങ്കലം നേടിയിരുന്നു.
നെറ്റ്‌ബോളില്‍ പുരുഷന്മാരുടെ ടീമും വെങ്കലമണിഞ്ഞു. പ്ലേ ഓഫില്‍ കര്‍ണാടകയെ 43-38 എന്ന സ്‌കോറിനാണ് കേരളം തോല്‍പിച്ചത്. അതേസമയം ഫുട്‌ബോളില്‍ കേരള പുരുഷ ടീം നിരാശപ്പെടുത്തി. നിര്‍ണായക മത്സരത്തിനിറങ്ങിയ പുരുഷ ടീം ഗോവയോട് ഏകപക്ഷീയമായ രണ്ടുഗോളിന് തോറ്റാണ് പുറത്തായത്.

---- facebook comment plugin here -----

Latest