Connect with us

Malappuram

വിരുന്നുകാരായി സൈബീരിയന്‍ കൊക്കുകള്‍

Published

|

Last Updated

താനൂര്‍: ഓമച്ചപ്പുഴയിലെ നെല്‍പ്പാടങ്ങളില്‍ വിരുന്നെത്തിയ സൈബീരിയന്‍ കൊക്കുകള്‍ കൗതുകമുണര്‍ത്തുന്നു. ഒന്നരമാസത്തോളമായി വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൊക്കുകള്‍ ദേശാടനത്തിനായി എത്തിത്തുടങ്ങിയിട്ട്. വയലുകളില്‍ നിന്ന് സുഭിക്ഷമായ തീറ്റ കിട്ടുന്നതാണ് ഇവര്‍ ഇവിടം തിരെഞ്ഞെടുക്കുന്നത്. വയലുകളില്‍ നിന്ന് വെള്ളം വലിഞ്ഞു തുടങ്ങിയതോടെ മത്സ്യങ്ങളും ഞണ്ടുകളും മറ്റുമായി ഇരകള്‍ എമ്പാടുമുള്ളതിനാല്‍ കൊക്കുകളുടെ ഇഷ്ട മേഖലയായിരിക്കുകയാണ് ഈ നെല്‍പ്പാടം. ആറ് വര്‍ഷത്തോളമായി സൈബീരിയന്‍ വംശത്തില്‍ പെട്ട കൊക്കുകള്‍ ഇവിടെ വിരുന്നുകാരായി എത്തുന്നുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കൊക്കുകള്‍ ഓമച്ചപ്പുഴ വയലില്‍ എത്താറുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ വേട്ടക്കാര്‍ എത്താറുണ്ടായിരുന്നു. അധികൃതരുടെ കണിശമായ വിലക്കും പക്ഷിപ്പനി ഭീതിയുമാകാം ഇത്തവണ വേട്ടക്കാര്‍ എത്തിയിട്ടില്ലെന്ന് പ്രദേശവാസിയായ തൊട്ടിയില്‍ മൂസ പറഞ്ഞു. വയലുകളില്‍ നിന്ന് വെള്ളം വലിയുകയും കൊയ്ത്ത് കഴിയുകയും ചെയ്യുന്നതോടെ ഇവര്‍ മറ്റൊരിടത്തേക്ക് പറന്നുയരും.