മഞ്ചേരി നഗരസഭക്കെതിരെ എല്‍ ഡി എഫ് പ്രക്ഷോഭത്തിന്

Posted on: February 5, 2015 10:16 am | Last updated: February 5, 2015 at 10:16 am

മഞ്ചേരി: മുനിസിപ്പല്‍ ഭരണസമിതിയുടെ ദീര്‍ഘ വീക്ഷണമില്ലാത്ത നടപടികളില്‍ പ്രതിഷേധിച്ച് നഗരസഭയിലെ അമ്പതു വാര്‍ഡുകളിലും ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനം. മുനിസിപ്പല്‍ ചട്ടമനുസരിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ചോദ്യ-ഉപചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഇതിന് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഇക്കഴിഞ്ഞ ദിവസം നടന്ന പ്രത്യേക കൗണ്‍സില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാക്കൗട്ട് നടത്താന്‍ ഇടയാക്കിയത്.
33 വര്‍ഷം പിന്നിട്ട മഞ്ചേരി നഗരസഭയില്‍ ഏഴര വര്‍ഷം മാത്രമാണ് ഇടതുമുന്നണിക്ക് ഭരിക്കാനവസരം ലഭിച്ചത്. ഈ ചെറിയ കാലയളവിനുള്ളില്‍ തന്നെ കാര്‍ഷിക വ്യാവസായിക ഉത്പാദന രംഗങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാനായി. പയ്യനാട് സ്റ്റേഡിയം, നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ സ്മാരക കമ്മ്യൂനിറ്റി ഹാള്‍, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, മാധവന്‍ നായര്‍ സ്മാരകം, ചെരണി മൃഗാശുപത്രി, മുള്ളമ്പാറ ആയുര്‍വേദ ആശുപത്രി, കച്ചേരിപ്പടി സ്റ്റാന്റിന് സ്ഥലമെടുത്തത്, കരുവമ്പ്രത്തെ വ്യവസായ ക്ലസ്റ്റര്‍, എസ് സി വിഭാഗത്തിന്റെ പ്രത്യേക ഫര്‍ണിച്ചര്‍ പരിശീലന യൂനിറ്റ്, 16 കുടിവെള്ള പദ്ധതികള്‍, 1600 കുടുംബങ്ങള്‍ക്ക് വീട്, ഭൂരഹിതരായ 400 കൂടുംബങ്ങള്‍ക്ക് സ്ഥലവും വീടും തുടങ്ങി യു ഡി എഫിന്റെ 25.5 വര്‍ഷത്തെ ഭരണത്തിന് നല്‍കാനാവാത്ത വന്‍ വികസനമാണ് ഇടതുമുന്നണി ഭരണത്തിന് നല്‍കാനായത്.
കോടികള്‍ കടമെടുത്ത് നിര്‍മിച്ച കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡ് കടം വീട്ടാനാവാതെ കോടതിയിലെത്തിയിരിക്കയാണ്. മുനിസിപ്പല്‍ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് കഴിഞ്ഞ 12.5 വര്‍ഷമായി നോകുകുത്തിയായി കിടക്കുന്നു. ഇവിടം ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടെ താവളമായിരിക്കുന്നു. ഇ എം എസ് ഭവന പദ്ധതിയും ഐ എച്ച് എസ് ഡി പി പദ്ധതിയും അട്ടിമറിച്ചാണ് നഗരസഭ ശിഹാബ് തങ്ങള്‍ ഭവന പദ്ധതിക്ക് തുടക്കമിട്ടത്. സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യം നഷ്ടപ്പെടുത്തി കേവല രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ വഞ്ചിക്കുകയാണ് മുനിസിപ്പല്‍ ഭരണ സമിതിയെന്ന് പ്രതിപക്ഷ നേതാവ് കെ പി രാവുണ്ണി, കൗണ്‍സിലര്‍ രമണി, സിപിഎം നേതാക്കളായ കെ ഉബൈദ്, നിസാറലി പറഞ്ഞു.