Connect with us

Wayanad

കോണ്‍ഗ്രസ് നടപ്പിലാക്കിയ പുരോഗതിയെ മോദി കൂട്ടുപിടിക്കുന്നു: എം ഐ ഷാനവാസ്

Published

|

Last Updated

കല്‍പ്പറ്റ: കോണ്‍ഗ്രസ് കാത്തുസൂക്ഷിക്കുന്ന മതേതരത്വ ശക്തിയില്‍ തട്ടി മോദി നിലംപതിക്കുമെന്ന് എം ഐ ഷാനവാസ് എം പി . കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റോഫീസ് ഹെഡ് ക്വാട്ടേഴ്‌സിന് മുമ്പില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ച് 30 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന് അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നു.
ജയപ്രകാശ് നാരായണന്റെ വിപ്ലവ പ്രസ്ഥാനം അധികാരത്തിലെത്തിയപ്പോള്‍ ഇനിയൊരിക്കലും കോണ്‍ഗ്രസ് ഭരണത്തിലെത്തില്ലെന്ന് പറഞ്ഞവരുണ്ടായിരുന്നു. എന്നാല്‍ 30 മാസത്തിന് ശേഷം കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവന്നു. ഇത്തവണ അധികാരത്തിന് പുറത്തുപോയെങ്കിലും അധികം വൈകാതെ കോണ്‍ഗ്രസ് വീണ്ടും മടങ്ങിയെത്തും. അതാണ് ചരിത്രം. കഴിഞ്ഞ ഏഴ് മാസമായി അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി കോണ്‍ഗ്രസ് നടപ്പിലാക്കിയ പുരോഗതിയെ കൂട്ടുപിടിക്കുകയായിരുന്നു.
മംഗള്‍യാന്‍ വിക്ഷേപിച്ചപ്പോള്‍ അവിടെ പോയി കയ്യടിച്ചയാളാണ് മോദി. എന്നാല്‍ മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്താണ് അത് ചൊവ്വയിലേക്ക് വിട്ടത്. എന്തും തന്റേതാക്കുന്ന ഈ കീഴ്‌വഴക്കം മൂലം ചരിത്രം മോദിയെ വെറുതെ വിടില്ല.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയിലെത്തി തിരിച്ചുപോകുന്നതിന് തൊട്ടുമുമ്പ് സംസാരിച്ചത് ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ചാണ്. ഒരു വിദേശ രാഷ്ട്രത്തലവന്‍ ഇന്ത്യയിലെത്തി ഇവിടുത്തെ ജനങ്ങളോട് മതസൗഹാര്‍ദ്ദം വേണമെന്ന് ആഹ്വാനം ചെയ്തത് ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയെ ദേശാഭിമാനിയാക്കി പര്‍വ്വതീകരിക്കുന്ന പ്രവണതയെ അംഗീകരിക്കാനാവില്ല. മോദിയും കൂട്ടരും വിജയത്തിന്റെ ഉന്മാദലഹരിയിലാണ്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ പലര്‍ക്കും അതിന്റെ വില മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല.
തൊഴിലുറപ്പ് പദ്ധതി പോലും നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോര്‍പ്പറേറ്റുകള്‍ വേണ്ടി മാത്രമുള്ള ഭരണമാണ നിലനില്‍ക്കുന്നത്. ഇതിന്റെ തിക്തഫലങ്ങള്‍ ഇന്ത്യയെ നാശത്തിലേക്ക് നയിക്കും.
ബി ജെ പിക്കും സഖ്യകക്ഷികള്‍ക്കും ഇന്ത്യയിലുള്ളത് കേവലം 37 ശതമാനം മാത്രം വോട്ടാണ്. 63 ശതമാനം ജനങ്ങള്‍ പുറത്തുള്ളവരാണ്. അവര്‍ക്കിടയില്‍ ഒരു ഐക്യമുണ്ടാക്കാന്‍ സാധിച്ചാല്‍ മോദി പടിക്ക് പുറത്താകും. കെ എല്‍ പൗലോസ് അധ്യക്ഷനായിരുന്നു. കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, പി വി ബാലചന്ദ്രന്‍, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍സംബന്ധിച്ചു.

Latest