Connect with us

Wayanad

11 ന് സഹകരണ ജീവനക്കാര്‍ പണിമുടക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: സഹകരണ മേഖലയെ സംരക്ഷിക്കുക, ജീവനക്കാരുടെ ശമ്പളപരിഷ്‌കാരം അടക്കമുള്ള ആനുകൂല്യങ്ങള്‍ കാലവിളംബം വരുത്തി നിഷേധിക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക എന്നീ പ്രധാന മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ സഹകരണ ജീവനക്കാര്‍ 2015 ഫെബ്രുവരി 11 ന് സംസ്ഥാന വ്യാപകമായി പണിമുടക്കി ജില്ലാ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ ജെ.ആര്‍. ഓഫീസിന് മുന്നില്‍ നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കണമെന്ന് യൂണിയന്‍ ജില്ലാകമ്മിറ്റി സഹകരണ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. പണിമുടക്കിന് ആധാരമായ വിഷയങ്ങള്‍ ജീവനക്കാരിലും പൊതുസമൂഹത്തിന് മുന്നിലും അവതരിപ്പിച്ചുകൊണ്ട് യൂണിയന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നാളെ് വാഹന പ്രചരണ ജാഥ നടത്തും.
കേരളീയ ജനജീവിതത്തില്‍ വിവിധ തലങ്ങളില്‍ സ്വാധീനം ഉറപ്പിച്ച സഹകരണ പ്രസ്ഥാനം കടുത്തവെല്ലുവിളികളെ നേരിടുകയാണ്. നിലനില്‍പ് വലിയ അളവില്‍ ചോദ്യംചെയ്യപ്പെടുന്നു. സംരക്ഷണം നല്‍കേണ്ട ഭരണാധികാരികള്‍ കാഴ്ചക്കാരായി മാറിനില്‍ക്കുന്നു. ഈ അവസരത്തില്‍ സമാനതകളില്ലാത്ത ഈ മേഖലയുടെ നിലനില്‍പിനായി വിപുലമായ ചെറുത്തുനില്‍പ് അനിവാര്യമായിരിക്കുന്നു.
നികുതിദായകരെ കണ്ടെത്തുന്നതിന്റെ പേരില്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ സംഘങ്ങളില്‍ നേരിട്ട് പരിശോധന നടത്തുന്നതിനുള്ള നീക്കം സഹകാരികളും ജീവനക്കാരും ഒറ്റക്കെട്ടായി ചെറുത്തുനിന്നപ്പോള്‍ താല്‍ക്കാലിക പിന്‍വാങ്ങല്‍ നടത്തിയവര്‍ ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഇവരുടെ നടപടികള്‍ക്ക് ശക്തിപകരാന്‍ ഇല്ലാക്കഥകളും വാര്‍ത്തകളായി വരുത്തുന്നു. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ജീവനക്കാരുടെ പങ്ക് നിഷേധിക്കാനാവില്ല. സേവന വേതന വ്യവസ്ഥകളും കാലാകാലങ്ങളായി ശമ്പളപരിഷ്‌കാരവും എല്ലാം യൂണിയന്റെ ശക്തമായ സമരങ്ങളിലൂടെ നേടിയെടുത്തതാണ്. എന്നാല്‍ ഇന്ന് ശമ്പള പരിഷ്‌കാരങ്ങള്‍ അട്ടിമറിക്കുകയാണ്. സഹകരണ ചട്ടം 189(1) ന്റെ കൂട്ടിച്ചേര്‍ക്കല്‍ ലക്ഷ്യംവെയ്ക്കുന്നത് നഷ്ടത്തിന്റെ പേരില്‍ സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ അട്ടിമറിക്കാന്‍ നിയമപരമായ സംരക്ഷണം ഉറപ്പാക്കാനാണ്.
കാലാവധി കഴിഞ്ഞ ശമ്പള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ഒന്നും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. 31.3.2013 ല്‍ കാലാവധി അവസാനിച്ച സഹകരണ അര്‍ബന്‍ ബാങ്കുകളുടെ പരിഷ്‌കാരം തുടങ്ങിയിടത്തുതന്നെ. 31.7.2013ല്‍ കാലാവധി കഴിഞ്ഞ പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ശമ്പള പരിഷ്‌കാര കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ പോലും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.
നിക്ഷേപ വായ്പാ ഏജന്റുമാരുടെ കമ്മീഷന്‍ റിപ്പോര്‍ട്ടും പി.ടി.എസ്. വിഭാഗത്തിന്റെ പ്രശ്‌നങ്ങളും പരിഹാരമില്ലാതെ നീളുകയാണ്.ഈ സാഹചര്യത്തിലാണ് യൂണിയന്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ ഈ മാസം 11ന് സൂചനാപണിമുടക്ക് നടത്തി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
പണിമുടക്കിന്റെ മുന്നോടിയായി യൂണിയന്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ് നടക്കുന്ന പ്രചരണ ജാഥ രാവിലെ 8.30 ന് ബത്തേരിയില്‍ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി സി. ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്യും.യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.സി. യോഹന്നാന്‍ നയിക്കുന്ന ജാഥ മീനങ്ങാടി, കേണിച്ചിറ, പുല്‍പ്പള്ളി, കാട്ടിക്കുളം, മാനന്തവാടി, പനമരം, കല്‍പ്പറ്റ, കാവുംമന്ദം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് 5 മണിക്ക് വൈത്തിരി സമാപിക്കും.

Latest