Connect with us

Palakkad

അക്ഷരത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം പകര്‍ന്ന് ഗുണ്ടര്‍ട്ട് പ്രദര്‍ശനം

Published

|

Last Updated

പാലക്കാട്: അക്ഷരത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശി ഗുണ്ടര്‍ട്ട് പ്രദര്‍ശനം.
മലയാളഭാഷക്കും സംസ്‌കാരത്തിനും സമഗ്ര സംഭാവന ചെയ്ത ജര്‍മന്‍കാരനായ ഡോ. ഹെര്‍മ്മന്‍ഗുണ്ടര്‍ട്ടിന്റെ 210ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ബി ഇ എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.
ബാസല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുമായി കേരളത്തിലെത്തിയ ഗുണ്ടര്‍ട്ട് തുടര്‍ന്ന് മലയാളഭാഷക്ക് നല്‍കിയ സമഗ്ര സംഭാവനകളാണ് പ്രദര്‍ശനത്തിലുള്ളത്.
ഗുണ്ടര്‍ട്ട് രൂപപ്പെടുത്തിയ അക്ഷരത്തിന്റെ കല്ല് അച്ചില്‍ അച്ചടിച്ച പുസ്തകങ്ങളും നിഘണ്ടുക്കള്‍ക്കും പുറമെ കേരളത്തില്‍ ആദ്യമലയാള പത്രമായ 1847ല്‍ പുറത്തിറങ്ങിയ രാജ്യസമാചാരത്തിന്റെ പതിപ്പുകള്‍ക്ക് പുറമെവട്ടെഴുത്ത്, കോലെഴുത്ത് പ്രതികളും താളിയോല രചനകളും പ്രദര്‍ശനത്തിലുണ്ട്. ആദിമ മനുഷ്യന്‍ ആശയ പ്രചരണത്തിനുപയോഗിച്ച ആംഗ്യഭാഷ, ചുവര്‍ ചിത്രലിപി,നൈല്‍നദിത്തടകാലഘട്ടത്തെഭാഷയും സംസ്‌കാരവും, ബ്രിട്ടീഷ് കാലഘട്ടത്തെ റിപ്പോര്‍ട്ട്, കത്തിടപാടുകള്‍, മലയാളത്തിലിറങ്ങിയ ആദ്യപാഠപുസ്തകങ്ങള്‍ക്ക് പുറമെ ആധുനിക കാലത്തെ ഭാഷയുടെ വളര്‍ച്ചവരെ എത്തി നില്‍ക്കുന്ന പ്രദര്‍ശനം കാണാന്‍ ഭാഷാ സ്‌നേഹികളും വിദ്യാര്‍ഥികളും എത്തിയിരുന്നു. ഇതോടാനുബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനം പ്രൊഫശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
സി എസ് ഐ കോര്‍പ്പറേറ്റ് മാനേജര്‍ റവ. സാജു ബെഞ്ചമിന്‍ അധ്യക്ഷനായി. നഗര വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, ഡി ഇ ഒ സി രാജലക്ഷ്മി, പ്രധാനധ്യാപകന്‍ മുരളി ഡെന്നീസ്, പ്രിന്‍സിപ്പല്‍ ആഷി ജോണ്‍, റവ. പി എല്‍ ഡെന്നി, പി ടി എ പ്രസിഡന്റ് എം പി മുഹമ്മദ് അഷ്‌റഫ്, മദര്‍ പി ടി എ പ്രസിഡന്റ് വാണി പി നായര്‍, ഡെപ്യൂട്ടി എച്ച് എം രാജന്‍ വര്‍ഗ്ഗീസ്, ദേവദാസ് മാടായി, എം എഡേ്വര്‍ഡ് പ്രശാന്ത്, സാലിഹ്, അഡ്വ. രാജേഷ് പ്രസംഗിച്ചു.