Connect with us

Palakkad

പൊതു അവധികളും ബാധകമാകാതെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: സമ്പൂര്‍ണ മദ്യ വര്‍ജനമെന്ന ലക്ഷ്യവുമായി യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും പൊതു അവധികള്‍ പോലും ബാധകമല്ലാതെ ബീവറേജ് കോര്‍പറേഷന്‍ ഔട്ട് ലറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ അവധികള്‍ നല്‍കുകയും വില്‍പ്പനശാലകളുടെ എണ്ണത്തില്‍ ഗണ്ണ്യമായി കുറവുവരുത്തുകയും ചെയ്താല്‍ മാത്രമെ സമ്പൂര്‍ണ മദ്യവര്‍ജന എന്ന സര്‍ക്കാറിന്റെ ലക്ഷ്യം യഥാര്‍ഥ്യമാകുകയുള്ളു. എന്നാല്‍ പൊതു അവധി ദിനങ്ങളില്‍ കൂടുതല്‍ കച്ചവടം നടക്കുന്നതിനാല്‍ ഔട്ട്‌ലെറ്റുകള്‍ മിക്ക അവധി ദിനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുകയാണ്.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവ ഉള്‍പ്പെടെയുള്ള ദേശീയ അവധികള്‍ക്ക് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധിയാണെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ ബീവറേജ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പന ശാലകള്‍ക്ക് അവധിയില്ലാതെ തുറന്ന് പ്രവര്‍ത്തിക്കുന്നു. ലോകതൊഴിലാളി ദിനത്തിലും മദ്യം വില്‍ക്കേണ്ട അവസ്ഥയിലാണ് ബീവറേജസ് തൊഴിലാളികള്‍.
കൂടാതെ ഉത്സവ അവധികളായ തിരുവോണം, ക്രിസ്മസ്, പെരുന്നാളുകള്‍, വിഷു തുടങ്ങിയ അവധികളും ബീവറേജ് കോര്‍പറേഷന് ബാധകമല്ല. കൂടതല്‍ വില്‍പ്പന നടക്കുന്നതാണ് അവധി നല്‍ക്കാത്തതിന് അധികൃതര്‍ നല്‍കുന്ന ന്യായം. നിലവില്‍ ഗാന്ധി ജയന്തി, ഗാന്ധി സമാധി, ശ്രീനാരായണ ഗുരു ജയന്തി- സമാധി, ദുഃഖ വെള്ളി തുടങ്ങിയവക്ക് മാത്രമാണ് അവധിയുള്ളത്. ഇവ കൂടാതെ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈഡെയുമാണ് ഈ ജീവനക്കാര്‍ക്ക് അവധിയായി ലഭിക്കുന്നത്. പ്രാദേശിക അവധികളും ഇവര്‍ക്ക് അന്യമാണ്. പൊതു അവധികളും ഉത്സവാവധികളും മറ്റും തങ്ങള്‍ക്കുകൂടി ബാധകമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബീവറേജ് കോര്‍പറേഷന്‍ ജീവനക്കാര്‍ മാറിമാറിവന്ന സര്‍ക്കാറിനെ സമീപിച്ചെങ്കിലും അനുകൂലമായ ഒരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
തിരുവോണം ഒഴികെയുള്ള മറ്റുപൊതു അവധി ദിനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും തന്നെ സര്‍ക്കാറൊ കോര്‍പറേഷനൊ നല്‍കാത്തതും ജീവനക്കാരില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ ദിവസവും 13 മണികൂറോളം തുടര്‍ച്ചയായി ഓരോ ചില്ലറ വില്‍പ്പനശാലയിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്ത് തന്നെ ഇത്രയം അധികം സമയം തുടര്‍ച്ചയായി ജോലി ചെയ്യുന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനമില്ലെന്നും ജീവനക്കാര്‍ പറയുന്നു.
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറക്കുകയാണ് മദ്യവര്‍ജനം നടപ്പാക്കുന്നതിനുള്ള പ്രധാന നടപടിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇത്തരം ചില്ലറ മദ്യ വില്‍പ്പനശാലകള്‍ തന്നെ രാജ്യത്തിന്റെ സ്വാതന്ത്ര ദിനാഘോഷം പോലും ബാധകമല്ലാതെ തുറന്ന് പ്രവര്‍ത്തിക്കുന്നത് ഏറെ വിരോധാഭാസമാണെന്ന് തൊഴിലാളികള്‍ പറയുന്നു.