ജിംനാസ്റ്റിക്‌സില്‍ സുവര്‍ണ വെങ്കലം

  Posted on: February 5, 2015 12:22 am | Last updated: February 5, 2015 at 12:22 am

  M SHINOJ, ARTISTIC GYMNASTICS, BRONZE MEDALതിരുവനന്തപുരം: ഇന്ത്യന്‍ സര്‍ക്കസിന്റെ ഈറ്റില്ലമായ തലശേരിയില്‍ നിന്നെത്തി എം ഷിനോജ് ജിംനാസ്റ്റിക്‌സില്‍ വെങ്കല മെഡല്‍ നേടുമ്പോള്‍ അത് കേരള ജിംനാസ്‌ററിക് ചരിത്രത്തിലെ സുവര്‍ണ ഏടായി മാറി. ജിംനാസ്റ്റിക്‌സില്‍ വിജയങ്ങള്‍ അപൂര്‍വമായ കേരളത്തിന് ഇത് അഭിമാന നിമിഷം. പുരുഷവിഭാഗം ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്ക് ആള്‍ റൗണ്ട് മത്സരങ്ങളില്‍ 76.25 പോയിന്റോടെയാണ് ഷിനോജ് വെങ്കല നേട്ടത്തിനുടമയായത്.
  ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ ഫ്‌ളോര്‍, പൊമ്മല്‍ഹോഴ്‌സ്, സ്റ്റില്‍ റിംഗ്‌സ്, വാള്‍ട്ട്, പാരലല്‍ബാര്‍, ഹൊറിസോണ്ടല്‍ ബാര്‍ എന്നീ ആറിനങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചാണ് തലശേരിയുടെ മുത്ത് മൂന്നാമതെത്തിയത്. താന്‍ നേടിയ പതക്കം തന്റെ ജന്മനാടായ തലശേരിക്ക് സമര്‍പ്പിക്കുകയാണ് ഷിനോജ്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി സര്‍വീസസിനു വേണ്ടി കളത്തിലിറങ്ങുന്ന ഷിനോജിന് ഇക്കുറി സ്വന്തം നാടിനു വേണ്ടി സഹപ്രവര്‍ത്തകരോട് മത്സരിക്കേണ്ടി വന്നു. സര്‍വീസസിന്റെ രാകേഷ് കുമാര്‍ പത്ര (78.05)സ്വര്‍ണ്ണം നേടിയപ്പോള്‍ ദേശീയ ഒന്നാംനിര താരമായ യു പിയുടെ ആശിഷ് കുമാറിന് (77.35) വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

  അമ്പെയ്ത്ത് മിക്‌സഡില്‍ സെമിയില്‍
  കൊച്ചി: അമ്പെയ്ത്ത് മിക്‌സ്ഡ് ഇന്ത്യന്‍ വിഭാഗത്തില്‍ 134 പോയിന്റോടെ കേരളത്തിന്റെ എം രാജീവ്- അഭിത സഖ്യം സെമിഫൈനലില്‍ പ്രവേശിച്ചു. നാലാമതായി ഫിനിഷ് ചെയ്ത കേരളം ഝാര്‍ഖണ്ഡിന്റെ രാജേഷ് മാഞ്ചി-ഇന്ദ്രാണികുജൂര്‍ സഖ്യത്തെയാണ് പിന്‍തള്ളിയത്. ആദ്യ മൂന്നു റൗണ്ടുകളിലും വ്യക്തമായ ലീഡോടെ മുന്നിലായിരുന്ന കേരളം അവസാന റൗണ്ടിലെ ചെറിയ പിഴവുമൂലമാണ് നാലാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.
  ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 2014 സീനിയര്‍ നാഷണല്‍സില്‍ ഇന്ത്യന്‍ റൗണ്ട് മിക്‌സ്ഡ് വെള്ളിമെഡല്‍ ജേതാവാണ് വയനാട്ടുകരനായ രാജീവ്. സീനിയര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവുമാണ്. യോഗ്യതാ റൗണ്ടില്‍ആറാംസ്ഥാനത്തായിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനാണ്.
  തൃശൂര്‍ കുന്നംകുളം സ്വദേശിയായ അഭിത 2008ല്‍ കൊല്ലത്തുവച്ചു നടന്ന സംസ്ഥാന സീനിയര്‍ ലെവല്‍ അമ്പെയ്ത്ത് മല്‍സരത്തില്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. 2009 ല്‍ സംസ്ഥാന സീനിയര്‍ ലെവലില്‍ സില്‍വര്‍ മെഡലും 2010 സംസ്ഥാന സീനിയര്‍ ലെവലില്‍ ഗോള്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ലിറ്റില്‍ ഫഌവര്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്നു.

  പൊരുതി തോറ്റു
  കൊച്ചി: അമ്പെയ്ത്ത് ഇന്ത്യന്‍ റൗണ്ട് വനിതാ ടീം ഇനത്തില്‍ കേരളത്തിന്റെ വനിതകള്‍ പൊരുതി തോറ്റു. ഒരു പോയിന്റ് വ്യത്യാസത്തിലാണ് മണിപ്പൂരിനോട് കേരളം പൊരുതി തോറ്റത്. മനീഷ, അബിത, ശരണ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നാലു റൗണ്ടുകളുള്ള മത്സരത്തില്‍ ആദ്യ റൗണ്ടില്‍ മണിപ്പൂര്‍ ആറു പോയിന്റിന് ലീഡ് ചെയ്തു. രണ്ടാം റൗണ്ടില്‍ കേരളവും മണിപ്പൂരും ഒപ്പത്തിനൊപ്പം പൊരുതി.
  കേരള വനിതകളെ ഭാഗ്യം കൈവിട്ട ദിവസമായിരുന്നു ഇന്നലെ. മൂന്നാം റൗണ്ടില്‍ രണ്ട് പോയിന്റിന് ലീഡ്‌ചെയ്ത കേരളം നാലാമത്തെ റൗണ്ടില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ പിന്തള്ളപ്പെട്ടു. മണിപ്പൂരിന് 206 ഉം കേരളത്തിന് 205 ഉം പോയിന്റുകളാണ് ലഭിച്ചത്. സെമി ഫൈനലില്‍ ഇടം നേടിയ മഹാരാഷ്ട്രയെക്കാള്‍ നാല് പോയിന്റും പഞ്ചാബിനെക്കാള്‍ 16 പോയിന്റും നേടിയ കേരളത്തെ പക്ഷേ ഭാഗ്യം തുണച്ചില്ല. പൊരുതിത്തോറ്റ കേരളം കണ്ണീരോടെയാണ് സ്‌റ്റേഡിയം വിട്ടത്. 206 പോയിന്റോടെ അസ്സാമും മണിപ്പൂരിനൊപ്പമെത്തി. 18 പോയിന്റ് വ്യത്യാസത്തില്‍ ഹരിയാനയെയാണ് ആസ്സാം തോല്പിച്ചത്. മഹാരാഷ്ട്ര 201 പോയിന്റോടെ ഝാര്‍ഖണ്ഡിനെയും പഞ്ചാബ് 189 പോയിന്റ് നേടി ഗുജറാത്തിനെയും പരാജയപ്പെടുത്തി.