വനിതാ ബീച്ച് വോളി: എ ടീം ഫൈനലില്‍

    Posted on: February 5, 2015 12:15 am | Last updated: February 5, 2015 at 12:17 am

    002കോഴിക്കോട്: വനിതാ ബീച്ച് വോളിയില്‍ കേരളത്തിന്റെ എ ടീം ഫൈനലില്‍. കെ എം ശഹാന, ഇ അശ്വതി സഖ്യമാണ് തമിഴ്‌നാടിന്റെ വി ഹേമമാലിനി , വി നര്‍മദ സഖ്യത്തെ തോല്‍പ്പിച്ച് ഫൈനലിലെത്തയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (21- 16, 21- 15) കേരളത്തിന്റെ ജയം. ഇന്ന് നടക്കുന്ന ഫൈനലില്‍ കേരളം ആന്ധ്രയെ നേരിടും. പൊരുതി കളിച്ച കേരളത്തിന്റെ ബി ടീം അംഗങ്ങളായ പി വി ജിഷ, എസ് സോണിയ സഖ്യത്തെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ആന്ധ്ര പ്രദേശിന്റെ മഹേശ്വരി, മഹാലക്ഷ്മി സഖ്യം ഫൈനലിലെത്തിയത്.
    തുടക്കം മുതല്‍ തന്നെ മികച്ച ഒത്തിണക്കത്തോടെ കളിച്ച കേരളത്തിന്റെ ശഹാന, അശ്വതി സഖ്യത്തിന് കാര്യമായ വെല്ലുവളി ഉയര്‍ത്താന്‍ തമിഴ്‌നാട് താരങ്ങള്‍ക്ക് കഴിഞ്ഞില്ല.
    ആദ്യ സെറ്റ് 12 മിനിട്ടിനുള്ളില്‍ നേടിയ കേരളം രണ്ടാം സെറ്റ് 15 മിനുട്ടിനകം പൂര്‍ത്തിയാക്കി. കളിയുടെ തുടക്കത്തില്‍ തമിഴ്താരങ്ങള്‍ അല്‍പ്പം പൊരുതിയെങ്കിലും ഗ്രൗണ്ട് സപ്പോര്‍ട്ടിന്റെ മികവില്‍ കേരളം ഇത് മറികടക്കുകയായിരുന്നു.
    എന്നാല്‍ എ ടീമിനെ പോലെ ആയിരുന്നില്ല കേരള ബി ടീം. ആദ്യ സെറ്റ് മിനുട്ടുകള്‍ക്കം തന്നെ 21-7ന് കേരളത്തിന്റെ ജിഷ, സോണിയ സഖ്യം നേടി. എന്നാല്‍ കനത്ത സര്‍വ്വും മികച്ച പ്ലേസിംഗുമായി രണ്ടാം സെറ്റില്‍ ആന്ധ്രതാരങ്ങളായ മഹേശ്വരി, മഹാലക്ഷ്മി സഖ്യം തിരിച്ചുവന്നു. 21- 18ന് ഈ സെറ്റ് സ്വന്തമാക്കിയ ഇവര്‍ മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതിയാണ് (15- 12) കേരളത്തിന്റെ വെല്ലുവിളി മറികടന്നത്.