Connect with us

Ongoing News

ഹോക്കി: കേരളം പുറത്തേക്ക് ; യു പി സെമിയില്‍

Published

|

Last Updated

കൊല്ലം: പുരുഷ വിഭാഗം ഹോക്കിയില്‍ ആതിഥേയരായ കേരള ടീം പുറത്തേക്ക്. ആശ്രാമത്തെ ധ്യാന്‍ചന്ദ് പ്ലാസയില്‍ ഇന്നലെ നടന്ന പൂള്‍ എ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഉത്തര്‍പ്രദേശ് കേരളത്തെ അടിയറവ് പറയിപ്പിച്ചത്. രണ്ട് കളിയിലും പരാജയപ്പെട്ട കേരളത്തിന് ഏഴിന് നടക്കുന്ന അവസാനത്തെ മത്സരം നിര്‍ണായകമാണ്. ഇതുവരെയുള്ള രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട കേരളം ഒരു പോയിന്റും നേടാന്‍ കഴിയാതെയാണ് കളിക്കളത്തില്‍ നിന്നും വിട പറയുന്നത്. ആദ്യമത്സരത്തില്‍ ഒഡീഷയെയും ഇന്നലെ കേരളത്തെയും പരാജയപ്പെടുത്തിയ ഉത്തര്‍പ്രദേശ് ആറ് പോയിന്റുകള്‍ നേടിയാണ് സെമിബര്‍ത്ത് ഉറപ്പാക്കിയത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പഞ്ചാബ് കര്‍ണാടകയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യദിവസം സര്‍വീസസിനോട് പരാജയപ്പെട്ട പഞ്ചാബ് ഇന്നലെ കര്‍ണാടകയെ തളച്ചു. ഇനി ഈ ടീമുകള്‍ക്ക് ഒരു കളി കൂടി ബാക്കിയുണ്ട്.
കഴിഞ്ഞ മത്സരത്തിലെ പരാജയത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ നല്ല പോലെ ഗൃഹപാഠം ചെയ്ത് കളത്തിലിറങ്ങിയ കേരളത്തിന്റെ താരങ്ങള്‍ ഉത്തര്‍പ്രദേശിനോട് പൊരുതിക്കളിച്ചെങ്കിലും വിജയിക്കാനായില്ല. ഉത്തര്‍പ്രദേശിന് വേണ്ടി രണ്ട് ഗോളുകള്‍ നേടിയത് 14-ാം നമ്പര്‍ കുപ്പായമണിഞ്ഞ സുനില്‍ യാദവ് ആയിരുന്നു. കളി എട്ടാമത്തെ മിനുട്ടിലും 39-ാമത്തെ മിനുട്ടിലുമായിരുന്നു രണ്ട് ഗോളുകള്‍ പിറന്നത്. ആദ്യപകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെയാണ് കേരളം ഗോള്‍ മടക്കിയത്. 30-ാമത്തെ മിനുട്ടില്‍ 17-ാം നമ്പര്‍ കളിക്കാരന്‍ ഇബ്‌നു നൗഫലിന്റെ ഹോക്കി സ്റ്റിക്കില്‍ നിന്നാണ് കേരളം ഗോള്‍ മടക്കിയത്. (2-1). രണ്ടാം പകുതിയില്‍ കേരളം ഒന്നും ഉത്തര്‍പ്രദേശ് നാലും ഗോളുകള്‍ നേടി. 47-ാം മിനുട്ടില്‍ കേരളത്തിന്റെ ക്യാപ്ടന്‍ ജി എല്‍ പ്രവീണ്‍കുമാറാണ് ഫീല്‍ഡ് ഗോളിലൂടെ രണ്ടാമത്തെ ഗോള്‍ നേടിയത്. ഉത്തര്‍ പ്രദേശിന് വേണ്ടി 57-ാം മിനുട്ടില്‍ ഏഴാം നമ്പര്‍ താരം ഇമ്രാന്‍ ഖാനും 63-ാം മിനുട്ടില്‍ അഞ്ചാം നമ്പര്‍ താരം ഹംജ മിജ്റ്റബയും 69-ാം മിനുട്ടില്‍ 16-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ ചന്ദന്‍സിംഗും കേരളത്തിന്റെ ദുര്‍ബലമായ പ്രതിരോധനിരയിലേക്ക് ഇരച്ചുകയറി ഗോള്‍വലയം ചലിപ്പിച്ചു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ നേടിയ ഉത്തര്‍പ്രദേശ് കളിയിലുടനീളം ആധിപത്യമുറപ്പിക്കുന്നതാണ് കണ്ടത്. ഹരിയാനയും സര്‍വീസസും തമ്മില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സര്‍വീസസ് പരാജയപ്പെട്ടു. ഇന്ന് രാവിലെ നടക്കുന്ന വനിതാ വിഭാഗം ഹോക്കിയില്‍ രാവിലെ ഒഡീഷ കര്‍ണാടകയെയും കേരളം ഹരിയാനയെയും വൈകീട്ട് മഹാരാഷ്ട്ര പഞ്ചാബിനെയും ഝാര്‍ഖണ്ഡ് ഉത്തര്‍പ്രദേശിനെയും നേരിടും.