Connect with us

Ongoing News

പഞ്ചാബിനെ വീഴ്ത്തി മിസോറം സെമിയില്‍

Published

|

Last Updated

കോഴിക്കോട്: പഞ്ചാബിനെ കീഴടക്കി മിസോറം ദേശീയ ഗെയിംസ് ഫുട്‌ബോള്‍ സെമിയില്‍. മറ്റൊരു മല്‍സരത്തില്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ബംഗാള്‍ സര്‍വീസസിനെ സമനിലയില്‍ തളച്ചു. കൂടുതല്‍ സമയവും പന്ത് കൈവശം വെച്ച് ഒത്തിണക്കത്തോടെ കളിച്ച മിസോറാം ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പഞ്ചാബിനെ മറികടന്നത്. കളിയുടെ 56 ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഡേവിഡ് ലാലും 71 ാം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ ഗാംഗുലിയാനുമാണ് മിസോറാമിനായി ഗോള്‍ നേടിയത്.
ആദ്യപകുതിയില്‍ അവസരങ്ങള്‍ ഗോളാക്കാനാവാത്ത മിസോറാം രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചാണ് പന്തു തട്ടാനെത്തിയത്. 56 ാം മിനുട്ടില്‍ ബോക്‌സിന് പുറത്തു നിന്ന് ക്യാപ്റ്റന്‍ ഡേവിഡ് ലാലെടുത്ത ഉഗ്രന്‍ഷോട്ട് പഞ്ചാബ് പ്രതിരോധഭടന്റെ കാലില്‍ തട്ടിതെറിച്ച് ഗോളിക്ക് കാഴ്ചക്കാരനാക്കി പോസ്റ്റിലേക്ക് കയറി (1-0). 71 ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ക്യാപ്റ്റന്‍ ഡേവിഡ് ലാലെടുത്ത കിക്കിന് ഉയര്‍ന്നുചാടി തലവെച്ച ഗാംഗുലിയാന്റെ മനോഹരമായ ഗോള്‍ (2-0). രണ്ട് ഗോള്‍ വീണ പഞ്ചാബ് ഉണര്‍ന്നു കളിച്ചെങ്കിലും ഫലം കണ്ടില്ല. 81 ാം മിനുട്ടില്‍ ബോക്‌സിനുള്ളില്‍ നിന്ന് ഗോളെന്നുറച്ച് അജയ് സിംഗിന്റെ ബുള്ളറ്റ് ഷോട്ട് മിസോറാം ഗോളിയുടെ മിടുക്കില്‍ നിഷ്ഫലമായി.
രണ്ടു ഗോള്‍ വീതം നേടിയാണ് ബംഗാള്‍ സര്‍വീസസ് മല്‍സരം സമനിലയിലായത്. നിലവില്‍ സര്‍വീസസിനും ബംഗാളിനും ഓരോ ജയവും ഓരോ സമനിലയുമായി നാല് പോയിന്റ് വീതമാണുള്ളത്. അടുത്തമത്സരം ഇരുടീമുകള്‍ക്കും നിര്‍ണ്ണായകമായി. പിന്നില്‍ നിന്ന ശേഷം ആക്രമിത്ത് കളിച്ചാണ് ബംഗാല്‍ രണ്ട് ഗോളും മടക്കിയത്. കളിയുടെ ഏഴാം മിനുറ്റില്‍ ലാല്‍റാംനീം മാവിയയുടെ ക്രോസില്‍ അര്‍ജുന്‍ ഡുണ്ടുവാണ് സര്‍വീസസിന് വേണ്ടി ആദ്യഗോള്‍ നേടിയത്.
33 ാം മിനുറ്റില്‍ അര്‍ജുന്‍ ഡുഡുവിന്റെ ക്രോസില്‍ സന്ദീപ് റായ് വീണ്ടും ബംഗാള്‍ വല കുലുക്കി. 44 ാം മിനുറ്റില്‍ ബംഗാളിന്റെ ഇമ്രാന്‍ഖാന്‍ തുടക്കമിട്ട നീക്കം സര്‍വീസസ് ഗോള്‍മുഖത്ത് പിരിമുറുക്കം പടര്‍ത്തിയ ശേഷം ജാവേദ് അന്‍സാരിയുടെ ഷോട്ടില്‍ ബംഗാളിന്റെ മറുപടി ഗോള്‍ പിറന്നു. രണ്ടാംപകുതിയില്‍ സര്‍വീസിന്റെ നീക്കങ്ങളെ സമര്‍ത്ഥമായി ചെറുക്കാന്‍ ബംഗാളിന് സാധിച്ചു. 78 ാം മിനുറ്റില്‍ സുബോജിത്താണ് ബംഗാളിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. ഇന്ന് ആദ്യകളിയില്‍ തമിഴ്‌നാട് മഹാരാഷ്ട്രയെയും രണ്ടാം കളിയില്‍ ഗോവ കേരളത്തെയും നേരിടും.