Connect with us

National

സംഭാവന നല്‍കിയവരുടെ വിവരം മിക്ക പാര്‍ട്ടികളുടെയും കൈവശമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: 20000 രൂപക്ക് മുകളിലുള്ള തങ്ങളുടെ ഫണ്ടിംഗിന്റെ 50 ശതമാനവും സംഭാവനകളിലൂടെയാണെന്ന് പരസ്യമാക്കിയത് മൂന്ന് പാര്‍ട്ടികള്‍ മാത്രം. ഈ പാര്‍ട്ടികള്‍ മാത്രമാണ് സംഭാവന നല്‍കിയവരുടെ പേര് വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. 2009- 10, 2010- 11 കാലയളവിലെ കണക്കാണിത്.
നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (എന്‍ ഐ പി എഫ് പി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വര്‍ഷം ധനമന്ത്രാലയം ഈ റിപ്പോര്‍ട്ട് സ്വീകരിച്ചിരുന്നു. പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് ഉടനെ വെക്കും.
20000 രൂപക്ക് താഴെയുള്ള സംഭാവനകളാണ് ബി എസ് പിയുടെ വരുമാനം മുഴുവന്‍. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, ബി ജെ പി, എന്‍ സി പി, സി പി എം, എ ഐ എ ഡി എം കെ, സമാജ്‌വാദി പാര്‍ട്ടി, ജെ ഡി (യു), ലോക് ജനശക്തി പാര്‍ട്ടി, ആര്‍ എല്‍ ഡി, എസ് എ ഡി തുടങ്ങിയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ 75 ശതമാനവും ഇരുപതിനായിരത്തിന് താഴെയുള്ള സംഭാവനകളിലൂടെയാണ്. അതിനാല്‍ തന്നെ ഈ പാര്‍ട്ടികള്‍ സംഭാവന നല്‍കിയവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അത്തരം സംഭാവനകളാണ് ഈ പാര്‍ട്ടികളുടെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ്. അജ്ഞാത വ്യക്തികളില്‍ നിന്ന് കൂപ്പണിലൂടെയും മറ്റ് സംഭാവനകളിലൂടെയും ലഭിച്ചു എന്നാണ് തങ്ങളുടെ അക്കൗണ്ട് ബുക്കുകളില്‍ ഈ പാര്‍ട്ടികള്‍ രേഖപ്പെടുത്തിയത്. ഇരുപതിനായിരത്തിന് താഴെയുള്ള ഏത് സംഖ്യയും ചേര്‍ക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനപ്രാതിനിധ്യ നിയമത്തിന്റെ 29സി വകുപ്പ് പ്രകാരം 20000 രൂപക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. 2009- 10, 2010- 11 കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിന്റെയും ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച റിട്ടേണുകളുടെയും രേഖകള്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) എന്ന സംഘടന സമാഹരിച്ചിരുന്നു. 10000 രൂപക്ക് മുകളില്‍ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ വെളിപ്പെടുത്തണമെന്ന തരത്തില്‍ ആദായ നികുതി നിയമത്തില്‍ മാറ്റം വരുത്തണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. അജ്ഞാത വ്യക്തികളില്‍ നിന്നുള്ള സംഭാവന എന്നതിന് പകരം മെഷീന്‍ നമ്പര്‍ വഴിയുള്ള റസീപ്റ്റുകളിലൂടെയും ബേങ്ക് വഴിയും ആക്കണമെന്നും ശിപാര്‍ശ ചെയ്യുന്നു.

Latest