Connect with us

National

റോഡ് ഷോക്കിടെ കിരണ്‍ ബേദി പൊട്ടിക്കരഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: പോലീസിലെ ഉരുക്കു വനിതയെന്ന് അറിയപ്പെടുന്ന, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി വികാരാധീനയായി. റോഡ് ഷോക്കിടെ പ്രസംഗിക്കുമ്പോഴായിരുന്നു ബേദി നിയന്ത്രണം വിട്ടത്. ജനങ്ങളെ സേവിച്ച് അവരുടെ സ്‌നേഹത്തിന് പാത്രീഭൂതയാകുമെന്ന് അവര്‍ പറഞ്ഞു.
കൃഷ്ണനഗര്‍ മണ്ഡലത്തിലെ റോഡ് ഷോക്ക് പങ്കെടുക്കാനെത്തിയവര്‍ തനിക്ക് വേണ്ടി ചായ ഫഌസ്‌കുകള്‍ കരുതിയതാണ് ബേദിയെ കരച്ചിലിലെത്തിച്ചത്. തന്റെ കണ്ണുകള്‍ തുടക്കുന്നത് കാണാമായിരുന്നു. തനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സ്‌നേഹത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ഈ സ്‌നേഹം ജനങ്ങള്‍ക്ക് തിരിച്ച് നല്‍കും. സ്‌നേഹം നിലനിര്‍ത്തികൊണ്ടുപോകാന്‍ പരിശ്രമിക്കും. അവരെ സത്യസന്ധതയോടെ സേവിക്കും. നിറകണ്ണുകളോടെ ബേദി പറഞ്ഞു.
അവിഹിതമായി ഫണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ അവര്‍ പൊട്ടിത്തെറിച്ചു. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള ചെപ്പടി വിദ്യയാണ് ഇത്. എന്ത് വില കൊടുത്തും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുന്നയാളാണ് കെജ്‌രിവാള്‍. വളരെ മുമ്പേ അയാളെ തനിക്കറിയാം. മോശം പ്രതിച്ഛായയാണ് അദ്ദേഹത്തിന് ചേരുക. അല്ലാതെ എങ്ങനെ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കും? “എന്നെ അറസ്റ്റ് ചെയ്യൂ” എന്ന് അയാള്‍ പറയുന്നതില്‍ തനിക്ക് അത്ഭുതമില്ല. ജയിലില്‍ പോയി അത് വിറ്റ് വോട്ട് നേടാനാണ് പദ്ധതി. ബേദി വിമര്‍ശിച്ചു.
ഇതിനെതിരെ കെജ്‌രിവാളും രംഗത്തെത്തി. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഇപ്പോഴവര്‍ പറയുന്ന തങ്ങള്‍ ഹവാല പണം ഉപയോഗിക്കുന്നുവെന്ന്. ചെക്ക് വഴി എങ്ങനെ ഹവാല ഇടപാട് നടക്കും? ബേങ്കിന് പുറത്തുള്ള ഇടപാടാണ് അത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വെബ്‌സൈറ്റില്‍ എങ്ങനെ അത് വരും. തങ്ങളുടെത് കളങ്കിത കൈകളാണെന്ന് കഴിഞ്ഞ ദിവസത്തെ ടി വി ചര്‍ച്ചയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അവര്‍ക്ക് കീഴിലാണ് എല്ലാ ഏജന്‍സികളും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യട്ടെ. ഇതുതന്നെയാണ് ബേദിയോടും പറയാനുള്ളത്. മൂന്ന് വര്‍ഷത്തോളം അവരോടൊപ്പം പ്രവര്‍ത്തിച്ചു. ഇപ്പോഴും അവരെ ബഹുമാനിക്കുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ ആ ബഹുമാനം തുടരാന്‍ ചില പരിധികളുണ്ട്. കെജ്‌രിവാള്‍ പറഞ്ഞു.