ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ പേരില്‍ അഴിമതിക്ക് നീക്കം: ഗണേഷ്‌കുമാര്‍

Posted on: February 5, 2015 4:53 am | Last updated: February 4, 2015 at 11:54 pm

ganesh kumarതിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഭാഗമായി കാര്യവട്ടത്ത് പുതുതായി നിര്‍മിച്ച ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ പേരില്‍ 150 കോടി രൂപയുടെ അഴിമതിക്ക് നീക്കം നടക്കുന്നതായി മുന്‍ കായിക മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഇപ്പോള്‍ ലാലിസത്തിനെ മുന്‍നിര്‍ത്തി മറ്റെല്ലാം ന്യായീകരിക്കാനുള്ള ദുഷ്ടനീക്കമാണ് നടക്കുന്നത്. സാധാരണക്കാര്‍ക്ക് പ്രവേശനമില്ലാത്ത തിരുവനന്തപുരം ടെന്നീസ് ക്ലബിന് നാലുകോടി രൂപ നല്‍കിയതും അന്വേഷണവിധേയമാക്കണം. ദേശീയ ഗെയിംസിനുള്ള പണമെടുത്ത് ഇഷ്ടക്കാരുടെ കീശയില്‍ തള്ളിക്കൊടുക്കുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗണേഷ്‌കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വര്‍ഷം തോറും പണം നല്‍കുന്ന തരത്തില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച സ്‌റ്റേഡിയമാണ് കാര്യവട്ടത്തേത്. തന്റെ കാലത്താണ് ഇതിനുവേണ്ട ഭൂമി ഏറ്റെടുക്കലും കരാറും പൂര്‍ത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം അട്ടിമറിച്ചുകൊണ്ട് പ്ലാന്‍ പരിഷ്‌കരണമെന്ന പേരില്‍ 150 കോടി രൂപ അധികമായി നല്‍കാന്‍ പോകുന്നുവെന്നാണ് സൂചന. ഇങ്ങനെ നടന്നാല്‍ അത് ഏറ്റവും വലിയ അഴിമതിയാകും.
ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥനെയാണ് കാറുകള്‍ വാടകക്കെടുക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷമായി കാറുകള്‍ വാടകക്ക് എടുത്ത് ഇവിടെ ഇട്ടിട്ടുണ്ട്. പലതും ഓടിയിട്ടില്ല. എന്നിട്ടും മാസം തോറും ഒരു കാറിന് ഒന്നരലക്ഷം രൂപ വീതം എഴുതിയെടുക്കുകയാണ്. ലാലിസത്തിനെ മുന്നില്‍ നിര്‍ത്തി മറ്റെല്ലാം മുക്കാനുളള നീക്കമാണ് നടക്കുന്നത്. എല്‍ ഇ ഡിക്കും വാടക കസേരക്കും നാലിരട്ടി പണം വാങ്ങിയത് ലാലിസമല്ല. ധൂര്‍ത്ത് കൂടിയതിന് മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.