Connect with us

Kerala

അട്ടപ്പാടി കുറവന്‍പാടിയില്‍ മാവോയിസ്റ്റ് സംഘം വീടുകളിലെത്തി ഭക്ഷണം ശേഖരിച്ചു

Published

|

Last Updated

അഗളി: രണ്ടു സ്ത്രീകളും ഒരു പുരുഷനും അടങ്ങിയ മാവോയിസ്റ്റ് സംഘം കുറവന്‍പാടിയില്‍ ജനവാസകേന്ദ്രത്തിലെത്തി ഭക്ഷണം ശേഖരിച്ചു മടങ്ങിയതായി റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ആയുധധാരികളായ ഇവര്‍ കുറവന്‍പാടി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന് ഒരു കിലോമീറ്ററോളം അടുത്തുള്ള ഏതാനും വീടുകളിലെത്തിയത്. യൂനിഫോം ധരിച്ച് തോക്കേന്തി തമിഴ് കലര്‍ന്ന മലയാളം സംസാരിച്ചെത്തിയ സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു. നാട്ടുകാരെ ഉപദ്രവിക്കാനെത്തിയതല്ലെന്നും ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെയും അവകാശലംഘനത്തിനെതിരെയുമാണ് പോരാട്ടമെന്ന് സംഘം അറിയിച്ചതായി വീട്ടുടമകള്‍ പറഞ്ഞു. തങ്ങള്‍ നാല്‍പ്പതോളംപേര്‍ കാട്ടിലുണ്ടെന്നും മുക്കാലിയില്‍ വനംവകുപ്പിന്റെ വാഹനം കത്തിച്ചത് തങ്ങളാണെന്നും സംഘം അവകാശപ്പെട്ടു. സംഘത്തിലുള്ള പുരുഷന്‍ നരബാധിച്ചു തുടങ്ങിയ 45 വയസ്സ് പ്രായം വരുന്നയാളാണ്. കൂട്ടത്തിലെ ഒരു സ്ത്രീ വിവാഹിതയും മറ്റൊരു സ്ത്രീ അവിവാഹിതയുമാണത്രെ. വീട്ടകാരെ പരിചയപ്പെട്ട സംഘം ചായയുണ്ടാക്കി കുടിക്കാനും തയ്യാറായി. മുത്തികുളം വനാതിര്‍ത്തിയോട് ചേര്‍ന്ന് കുറവന്‍പാടി പ്രദേശത്തെ വീടുകളിലാണ് സംഘം എത്തിയത്. പുലിയറയിലേക്കുള്ള വഴി ചോദിച്ചുമനസ്സിലാക്കിയ ഇവര്‍ വനത്തിലേക്ക് മറയുകയാണുണ്ടായത്. അഗളി ഡിവൈ എസ് പി ബാബു രാജിന്റെ നിര്‍ദേശപ്രകാരം ഷോളയൂര്‍ എസ് ഐ മദനമോഹനും സംഘവും സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം നടത്തി.

Latest