റബ്ബര്‍ എടുക്കാന്‍ ആളില്ല; കര്‍ഷകരും തൊഴിലാളികളും പ്രതിസന്ധിയില്‍

Posted on: February 5, 2015 4:50 am | Last updated: February 4, 2015 at 11:51 pm

rubberകാളികാവ്: റബ്ബര്‍ വിലയിടിവ് തുടരുന്നതിനാല്‍ വ്യാപാരികളും കച്ചവടം നിര്‍ത്തിയതോടെ കര്‍ഷകരും തൊഴിലാളികളും പ്രതിസന്ധിയിലായി. വ്യാപാരികളില്‍ നിന്ന് റബ്ബര്‍ വാങ്ങാന്‍ ആളില്ലാത്തതാണ് കച്ചവടക്കാര്‍ റബ്ബര്‍ സംഭരണം നിര്‍ത്തിവെക്കാന്‍ കാരണം. കഴിഞ്ഞ ഏതാനും മാസങ്ങളായി വ്യാപാരികള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങിയ റബ്ബര്‍ വില്‍പ്പന നടത്തിയതിന് ശേഷമാണ് പണം കൊടുത്തിരുന്നത്. ഒരു കിലോ റബ്ബറിന് 260 രൂപ വിലയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും 115 മുതല്‍ 125 രൂപ വരെയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഓരോ ദിവസവും മാര്‍ക്കറ്റില്‍ വന്‍ ഇടിവാണ് സംഭവിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് വന്‍തോതില്‍ സാധാരണ റബ്ബറും സിന്തറ്റിക് റബ്ബറും ഉള്‍പ്പടെ ഇറക്കുമതി ചെയ്യുന്നതാണ് റബ്ബര്‍ വിപണിയെ ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിന്ന് വന്‍കിട ടയര്‍ കമ്പനികള്‍ ഉള്‍പ്പടെയുള്ളവര്‍ റബ്ബര്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതാണ് ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ആഭ്യന്തര വിപണിയെക്കാള്‍ വില കുറച്ച് വിദേശ വിപണിയില്‍ നിന്ന് റബ്ബര്‍ വാങ്ങാന്‍ കഴിയും എന്നതിനാലാണ് സംസ്ഥാനത്തെ റബ്ബര്‍ വിപണി തകരാന്‍ കാരണം. 125 രൂപക്ക് ശേഖരിച്ച റബ്ബര്‍ വില കുറച്ച് വില്‍പ്പന നടത്തേണ്ട അവസ്ഥ വ്യാപാരികള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലയിലെ റബര്‍ വ്യാപാരികള്‍ കടയടച്ച് സമരം നടത്തിയിരുന്നു. വാറ്റ് നികുതി ഒഴിവാക്കിയിട്ടും റബ്ബര്‍ ഡീലര്‍മാര്‍ ആഭ്യന്തര വിപണി കൈവിട്ടിരിക്കുകയാണ്. ആഴ്ചയില്‍ 200 മുതല്‍ 300 വരെ ലോഡ് റബ്ബര്‍ വാങ്ങിയിരുന്ന വന്‍കിട കമ്പനികള്‍ ഇപ്പോള്‍ വെറും 10 മുതല്‍ 20 വരെ ലോഡ് മാത്രമാണ് വാങ്ങുന്നത്. ഓരോ റബ്ബര്‍ വ്യാപാരികളുടെ പക്കലിലും 15 മുതല്‍ 20 വരെ ടണ്‍ റബ്ബര്‍ ശേഖരം ഉണ്ട്. വാങ്ങാന്‍ ആളില്ലാത്തതിനാല്‍ കടകളില്‍ കെട്ടിക്കിടക്കുകയാണ്. ഒരു വര്‍ഷത്തേക്കുള്ള റബ്ബര്‍ ഇപ്പോള്‍ തന്നെ ടയര്‍ കമ്പനികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇറക്കുമതിചെയ്ത് ശേഖരിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാരില്‍ നിന്നും അറിയുന്നത്. വന്‍കിട തോട്ടങ്ങള്‍ ഉള്‍പ്പടെ വിലയിടിവിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണ്.
മഴക്കാലത്ത് റബ്ബറിന് പ്ലാസ്റ്റിക്(റെയിന്‍ ഗാര്‍ഡിംഗിന് വേണ്ടി) സ്ഥാപിക്കാന്‍ ഓര്‍ഡര്‍ കൊടുക്കണോ എന്ന ആശങ്കയിലാണ് ഈ മേഖലയും. വന്‍കിട തോട്ടങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓര്‍ഡര്‍ പ്രകാരമാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. സീസണ്‍ കുറവായതിനാലും വിലയിടിവ് കാരണവും വന്‍കിട തോട്ടങ്ങളില്‍ ഉള്‍പ്പടെ മിക്ക സ്ഥലങ്ങളിലും ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് തൊഴിലാളികള്‍ക്ക് ജോലിയില്ലാതാകാനും കാരണമായിട്ടുണ്ട്. എം ആര്‍ എഫ്, അപ്പോളോ, ജെ കെ, ആര്‍ വണ്‍, തുടങ്ങിയ കമ്പനികളാണ് പ്രധാനമായും റബ്ബര്‍ വ്യാപാരികളില്‍ നിന്നും വാങ്ങിയിരുന്നത്. മാര്‍ക്കറ്റ് വിലയെക്കാള്‍ അഞ്ച് രൂപ കൂട്ടി സര്‍ക്കാര്‍ റബ്ബര്‍ വാങ്ങും എന്ന പ്രഖ്യാപനവും ഇത് വരെ നടപ്പിലായിട്ടില്ല. ടയര്‍ ലോബികള്‍ ആഭ്യന്തര റബ്ബര്‍ മേഖലയെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം. റബ്ബര്‍ വിപണി തകര്‍ന്നതോടെ മലയോര മേഖലയിലെ വാണിജ്യ വ്യവസായ മേഖലയും തകര്‍ന്നിട്ടുണ്ട്. അതേസമയം റബ്ബറിന് വില കുറഞ്ഞെങ്കിലും റബ്ബര്‍ ഉത്പന്നങ്ങള്‍ക്ക് ദിനം പ്രതി വില കുതിച്ചുയരുകയാണ്.