Connect with us

Alappuzha

നീരയുടെ സാങ്കേതികവിദ്യ അടുത്തറിയാന്‍ വിദേശ മന്ത്രിതല സംഘം ആലപ്പുഴയില്‍

Published

|

Last Updated

ആലപ്പുഴ: മാരാരിക്കുളത്തെ നീര ഉത്പാദനവും സാങ്കേതികവിദ്യയും വിപണനവും അടുത്തറിയാനും മനസ്സിലാക്കാനും വിദേശ സംഘമെത്തി. ഫിജി, മാര്‍ഷല്‍ ഐലന്റ് എന്നീ രാജ്യങ്ങളുടെ കൃഷി വകുപ്പ് മന്ത്രിമാര്‍ക്കൊപ്പം ഫിലിപ്പിയന്‍സ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലെന്റ്, വിയറ്റ്‌നാം, കെനിയ, ജെമൈക്കാ തുടങ്ങിയ 18 രാജ്യങ്ങളുടെ പ്രതിനിധി സംഘമാണ് ആലപ്പുഴ ജില്ലയും മാരാരിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രദേശവും സന്ദര്‍ശനം നടത്തിയത്. കൊച്ചിയില്‍ നടക്കുന്ന ഏഷ്യന്‍ പെസഫിക് കോക്കനട്ട് കോണ്‍ഫറന്‍സില്‍ (എ പി സി സി) പങ്കെടുക്കുന്നതിനിടെയിലാണ് വിദേശസംഘം ആലപ്പുഴയിലെത്തിയത്.
ഫിജി കൃഷി വകുപ്പ് മന്ത്രി ഇനിയാ സെറിയോ റാത്തു, മാര്‍ഷല്‍ ഐലന്റ് കൃഷി വകുപ്പ് മന്ത്രി ഫിറോഷി വി യാമാമുറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നവര്‍. 57 പേരടങ്ങുന്ന സംഘം രാവിലെ കഞ്ഞിക്കുഴി കരപ്പുറം നാളികേര ഉത്പാദന കേന്ദ്രത്തിലെത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി പ്രിയേഷ്‌കുമാര്‍, കരപ്പുറം നാളികേര ഉത്പാദന കേന്ദ്രം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി കെ മണി, ഉത്പാദനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ടി എസ് വിശ്വം എന്നിവരുടെ നേതൃത്വത്തില്‍ വിദേശ സംഘത്തെ സ്വീകരിച്ചു. തുടര്‍ന്നു നടന്ന സെമിനാറില്‍ പി കെ മണി നീരയുടെ ഉത്പാദനവും വിപണനവും വിദേശ സംഘത്തിന് പരിചയപ്പെടുത്തി. നീര ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍, ഖരപദാര്‍ഥങ്ങള്‍ വേര്‍തിരിക്കല്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ അദ്ദേഹം വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ സൂക്ഷിച്ചിരുന്ന തെങ്ങ് കയറ്റ യന്ത്രവും പ്രവര്‍ത്തനരീതിയും തത്സമയം തന്നെ സംഘത്തിന് കാട്ടിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പ്രവര്‍ത്തകരായ സ്ത്രീകള്‍ യന്ത്രമുപയോഗിക്കുന്നതും തെങ്ങില്‍ കയറുന്നതും സംഘം കണ്ടു. നീരയുടെ സാങ്കേതിക വിദ്യ കൈമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറുമായി ധാരണാപത്രത്തിനുള്ള നടപടി സ്വീകരിച്ചതായും ഫിജി മന്ത്രി ഇനിയാ സെറിയോ റാത്തു പറഞ്ഞു. ഞങ്ങളുടെ നാട്ടില്‍ തെങ്ങിന്റെ തടിയുപയോഗിച്ചുള്ള ഫര്‍ണിച്ചര്‍ നിര്‍മാണമാണ് ധാരളമുള്ളത്. നീര ഫിജിയിലില്ല, നീരയെക്കുറിച്ച് അറിയുന്നത് കേരളത്തിലെത്തിയപ്പോഴാണ്. വിപണന സാധ്യതനോക്കി നീര ഉത്പാദനം തുടങ്ങാന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാഹസികമായി യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ ചങ്ങാതിക്കൂട്ടം പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് മന്ത്രിമാര്‍ പ്രത്യേകം അഭിനന്ദനം അറിയച്ചു. വിദേശ സംഘാംഗങ്ങളെല്ലാം തെങ്ങില്‍ കയറാന്‍ ശ്രമിച്ചു. തുടര്‍ന്ന് കണ്ണങ്കര ബോട്ട്‌ജെട്ടിക്ക് സമീപത്തുള്ള തെങ്ങിന്‍ തോപ്പും സന്ദര്‍ശിച്ചു. ഇവിടെയെത്തിയ സംഘത്തിന് കണ്ണങ്കര പള്ളിവികാരി ഫാ. ജോഷി വല്ലര്‍കാട്ടിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തെങ്ങിന്റെ മുകളില്‍ നിന്ന് നീര ചെത്തിയെടുക്കുന്നതിന് കാണിച്ചു കൊടുക്കാന്‍ ടെക്‌നിഷ്യമാരെയും ഏര്‍പ്പെടുത്തിയിരുന്നു. തെങ്ങിന്റെ മുകളില്‍ നിന്ന് നീര ചെത്തിയെടുക്കുന്ന രീതിയും വിദേശസംഘം സൂഷ്മമായി നിരീക്ഷിച്ചു. സംഘം കണ്ണങ്കര ബോട്ട് ജെട്ടിയില്‍ നിന്ന് ഹൗസ് ബോട്ടില്‍ വേമ്പനാട്ട് കായലില്‍ ഉല്ലാസയാത്രനടത്തി. നെഹ്‌റുട്രോഫി ഫിനിഷിംഗ് പോയിന്റിലെത്തിയ ശേഷം വൈകിട്ട് സംഘം നാഷനല്‍ കയര്‍ ഇന്‍സ്റ്റിറ്റിയുട്ട് സന്ദര്‍ശിച്ച ശേഷം കൊച്ചിയിലേക്ക് തിരിച്ചു.