ബാറിസം, നാറിസം

Posted on: February 5, 2015 3:32 am | Last updated: February 4, 2015 at 9:33 pm

MANIമാണി. പാലായുടെ മാണിക്കം. നിയമസഭയില്‍ സില്‍വര്‍ ജൂബിലി. ഏറ്റവും കൂടുതല്‍ കാലം ധനമന്ത്രി. മണിക്ക് കാവല്‍ മാണി. ശരിക്കും മണിയന്‍. ഇങ്ങനെയാരുണ്ട് ഈ നാട്ടില്‍? ഇനിയെന്ത് വേണം?
പറഞ്ഞുപറഞ്ഞ് മാണിയങ്ങ് പൊങ്ങി. അപ്പോള്‍ കേള്‍ക്കുന്നു മാണി മുഖ്യ മന്ത്രിയാകാന്‍ പോകുന്നു. മോഹമാണ്. മറുകണ്ടം ചാടുമോ എന്നായി നാട്ടുകാരുടെ ഉള്ളില്‍. മുഖ്യന്റെ കുപ്പായവുമിട്ട് മാണിയുടെ ഭരണം. കുറെ അലോട്ട്‌മെന്റ് വന്നു. ഒന്നും ശരിയാകുന്നില്ല.
അതങ്ങനെ പോകുമ്പോഴാണ് ബാറിസം, നാറിസം. കോഴ വാങ്ങിയെന്നാണ് ആരോപണം. മോഹങ്ങള്‍ ബാറിലെ ഗ്ലാസ് പോലെ വീണുടഞ്ഞു. ഇപ്പോഴുള്ള മന്ത്രി സ്ഥാനം തന്നെ പോകുന്ന സ്ഥിതിയായി. സ്വന്തം മണ്ഡലത്തില്‍ പോകാന്‍ പറ്റാത്ത പരുവത്തിലായി. മാണി രാജിവെക്കണമെന്ന് പ്രതിപക്ഷം. മാര്‍ച്ച്, ലാത്തിയടി, വെള്ളം ചീറ്റല്‍. ചീമുട്ടയേറ്. ഈ അവസാന നാളില്‍ നാറ്റം വീണ്ടും. ശബ്ദ രേഖയുണ്ടെന്നാണ് പറയുന്നത്.
അപ്പോള്‍ പ്രതിപക്ഷം പറയുകയാ, മാണി ഇത്തവണ ബജറ്റ് അവതരിപ്പിക്കില്ലെന്ന്. നിയമസഭയില്‍ കയറ്റില്ലെന്ന്. നമ്മുടെ അച്യുതാനന്ദനും കൂട്ടരുമാണ്. മുഖ്യനാകാന്‍ പോയ മാണിയുടെ ഒരു കാര്യം! മകനെ നേതാവാക്കി കളമൊഴിയാമെന്ന് കരുതുമ്പോള്‍ മുമ്പിലതാ നില്‍ക്കുന്നു, ജോര്‍ജ്.!
പിള്ളയെന്ന് പറയും, മറ്റൊരു കേരള കോണ്‍ഗ്രസുകാരന്‍. കുറെക്കാലം മന്ത്രിയും എം എല്‍ എയുമായിരുന്നു. പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ കുറെക്കാലം കത്തിനിന്നു. നാവാണ് പറ്റിച്ചത്. പിന്നീട് അഴിമതി ആരോപണം. വൈദ്യുതിയാണ്. ആരോപണത്തിന്റെ ഷോക്കേറ്റ് കുറെക്കാലം.
ഒറ്റ മകനെ മന്ത്രിയാക്കി മറഞ്ഞിരിക്കാമെന്ന് കരുതിയതാണ്. ഗണേഷ് കുമാര്‍ മന്ത്രിയായി. കാലമേറെ കഴിഞ്ഞില്ല, മകന് മന്ത്രിപ്പണി പോയിക്കിട്ടി. കൈയിലിരിപ്പ് കൊണ്ടാണ്; നാറിസം. പിള്ള ഇളകി. അപ്പോള്‍ പിള്ളയെ മുന്നാക്ക കോര്‍പറേഷനില്‍ ചെയര്‍മാനാക്കി. ഇനി നന്നാകുമെന്ന് കരുതിയതാണ്. മകന്‍ പണി പറ്റിച്ചു. നിയമസഭയില്‍ കയറി ഘടക കക്ഷി മന്ത്രിക്കെതിരെ അഴിമതി ആരോപണം. ഒന്നുറപ്പായി. മന്ത്രിപ്പണി ഇനി വരില്ല. പിള്ളയുടെ നാവ് വീണ്ടും ചൊറിഞ്ഞു. ബാറില്‍ കയറിപ്പിടിച്ചു. ഒടുവില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. തൃപ്തിയായി. ഇനി കൊട്ടാരക്കര റൂട്ടില്‍ തന്നെ ഓടി നടക്കാം അച്ഛനും മകനും.!
ഗെയിംസ് തുടങ്ങും മുമ്പേ വിവാദമാണ് ഓടിത്തുടങ്ങിയത്. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം അഴിമതി. എങ്ങനെ കീശ നിറയ്ക്കാമെന്നായി ചിന്ത. ഇനി അടുത്തൊന്നും ഈ വഴി വരില്ല ഈ കളിക്കാലം. അതിനാല്‍ കൈയിട്ടും കാലിട്ടും വാരാം.
എങ്ങനെയോ ഉദ്ഘാടനമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. എല്ലാം നന്നാകുമെന്ന് കരുതിയതാണ്. അപ്പോഴതാ ലാലിസം. വീണ്ടും കാക്ക തൂറി എന്ന് പറഞ്ഞത് പോലെ. നൃത്ത രൂപത്തിലാണ് നാറിസം. ഒന്നരക്കോടിയിലധികം രൂപക്കാണത്രേ അന്നത്തെ ഡാന്‍സും പാട്ടും. നിത്യ ചെലവിന് പോലും കടം വാങ്ങുന്ന സര്‍ക്കാറിന് ലാലിസത്തിന് പൊടിക്കാന്‍ കോടികള്‍! പുതിയ ചീഫ് സെക്രട്ടറിക്ക് തീരെ പിടിച്ചിട്ടില്ല ഈ കളികള്‍.
ബാറില്‍ മാത്രമല്ല, ബാറിന് പുറത്തും കോടികളുടെ കളിയാ. ഗൗരവാനന്ദന്‍ പറഞ്ഞു.