Connect with us

Articles

കരാറുകള്‍ വഴിയുള്ള ജലം കേരളത്തിന് ലഭിക്കേണ്ടേ?

Published

|

Last Updated

കേരളം കനത്ത വേനല്‍ച്ചൂട് നേരിടാന്‍ പോകുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് മറ്റുരാജ്യങ്ങളില്‍ കുടിവെള്ള ക്ഷാമത്തിനും അന്തരീക്ഷ ചൂട് വര്‍ധനവിനും ഹേതുവാകുന്നത്. കേരളത്തില്‍ ഇതിന് കാരണം, അശാസ്ത്രീയമായ പ്രകൃതിവിഭവ ചൂഷണവും വികലമായ വികസന പ്രവര്‍ത്തനങ്ങളുമാണ്. മണ്ണെടുക്കാന്‍ ജെ സി ബി, മരം മുറിക്കാന്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ക്കവാളുകള്‍, പൈലിംഗിനും പാറ പൊട്ടിക്കുന്നതിനും ഭാരം അനായാസം പൊക്കുന്നതിനും അത്യാധുനിക ഉപകരണങ്ങള്‍… ഇതെല്ലാം വന്നതോടെ കേരളം ഒരൊറ്റ നഗരമായി, കോണ്‍ക്രീറ്റ് കാടായി അനുനിമിഷം മാറുകയാണ്. പണ്ട് കാട് നാടാകാന്‍ എടുത്തിരുന്ന സമയത്തേക്കാള്‍ വളരെ വേഗത്തിലാണ് ഇന്ന് കാട് നാടായി മാറുന്നത്.
ജൂണ്‍ മുതല്‍ തുടങ്ങുന്ന മണ്‍സൂണ്‍ മഴയുടെ വെള്ളം ഭൂമിയില്‍ അരിച്ചിറങ്ങാന്‍ പ്രകൃതിയുടെ രൂപമാറ്റം മൂലം കഴിയാതെ പുഴകളിലൂടെ കുത്തിയൊലിച്ച് കടലില്‍ അതിവേഗം ചെന്നുചേരുകയാണ്. കേരള സര്‍ക്കാറിന് ജലമാനേജ്‌മെന്റ് എന്ന ഒരു നയം പോലുമില്ല. ഇത് നദികളിലൂടെയുള്ള നീരൊഴുക്കിന് സാധ്യത കുറച്ചു. പുഴകള്‍ ശ്രദ്ധിക്കാത്തതിനാലും സംരക്ഷിക്കാത്തതിനാലും അവ വേനലിന് മുമ്പ് തന്നെ വറ്റിവരളുന്നതിന് ഇടയാക്കിയിരിക്കുകയാണ്. മഴക്കാലത്ത് പുഴകളിലൂടെയുള്ള ജലത്തിന്റെ ഒഴുക്കിന്റെ അളവ് പെരുപ്പിച്ച് കാട്ടി അത് ഒരു വര്‍ഷത്തെ നീരൊഴുക്കാക്കിയാണ് കേരളം ജലമിച്ച സംസ്ഥാനമായി കേന്ദ്ര ഏജന്‍സികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് ജലം ഒഴുകാത്ത നദികളിലും ഒഴുക്കുണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ വരുത്തിത്തീര്‍ത്തിരിക്കുന്നത്. നദികളെന്ന് വിളിക്കാനുള്ള നീളം പോലുമില്ലാത്ത അരുവികളെ നദികളാക്കി എണ്ണിയാണ് കേരളത്തില്‍ 44 നദികളുണ്ടെന്നും അവയില്‍ ജലം സുലഭമാണെന്നുമുള്ള ധാരണ പരക്കെ പ്രചരിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍, ശിരുവാണി, നെയ്യാര്‍, പറമ്പിക്കുളം- അളിയാര്‍, കബനി- ഭവാനി എന്നീ നദികളില്‍ നിന്നും തമിഴ്‌നാട് ജലത്തിന് അവകാശവാദം ഉന്നയിച്ച് കരാറുകള്‍ ഉണ്ടാക്കിയതും കേരളത്തിന്റെ നദികളുടെ എണ്ണവും മഴക്കാല ജലലഭ്യതയും ചൂണ്ടിക്കാട്ടിയാണ്. ഏറെ പഴക്കമുള്ള ഇത്തരം കരാറുകള്‍ കേരളത്തിലെ പുഴകളില്‍ ജലമില്ലാതാകുകയും ഉള്ള ജലം മലിനമാകുകയും കേരളം രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയും ജലസേചനത്തിന് വെള്ളം ഇല്ലാതാകുകയും ചെയ്ത ഈ കാലഘട്ടത്തില്‍ നമുക്ക് ഒരു ബാധ്യതയാകുകയാണ്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിവെള്ളം(ടാങ്കര്‍ ലോറി വെള്ളം) വിതരണത്തിനായി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് മാറ്റിവെക്കുന്നത്. കടലില്‍ നിന്നും കായലില്‍ നിന്നും വേലിയേറ്റ സമയത്തുള്ള ഉപ്പുവെള്ള കയറ്റം ചെറുക്കാന്‍ നദികള്‍ ആവശ്യത്തിന് ഒഴുക്കില്ലാതെ പരാജയപ്പെടുന്നതിനാല്‍ പുഴകളിലെ ശുദ്ധജലം കിലോമീറ്ററുകളോളം ഉപ്പുമയമാകുകയാണ്. മിക്കവാറും നദീജല കരാറുകള്‍ വഴി കേരളം തമിഴ്‌നാടിന് ജലം നല്‍കുന്നത് വളരെ ഉയര്‍ന്ന നദികളുടെ വൃഷ്ടിപ്രദേശങ്ങളായ കുന്നുകളിലെ അണക്കെട്ടുകളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ താഴോട്ടൊഴുകാന്‍ നദികളില്‍ ജലദൗര്‍ലഭ്യമുണ്ട്. ഇത് പുഴകളിലെ ഒഴുക്ക് ഭാഗികമാകുന്നതിനും നദി മലിനീകരിക്കപ്പെടുന്നതിനും കാരണമാകുകയാണ്. ഇക്കാരണങ്ങളാല്‍ തമിഴ്‌നാടിന് ശുദ്ധജലം ലഭിക്കുമ്പോള്‍ നമ്മുടെ സംസ്ഥാനത്തെ ജനങ്ങള്‍ മലിനജലമാണ് കുടിക്കുന്നത്.
വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം ഇവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്നതിന് നദീജല കരാറുകള്‍ വഴി വെള്ളം തിരിച്ചുവിടുന്നതിന് വലിയ പങ്കുണ്ട്. പല പ്രദേശങ്ങളിലും ജലക്ഷാമം മൂലം കേരളത്തില്‍ കൃഷി നടത്താനാകാതെ വരുമ്പോഴും കേരളത്തിന്റെ ജലം കൊണ്ടുപോകുന്നത് വഴി തമിഴ്‌നാടിന് കൃഷി ചെയ്യാനും വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയുന്നുണ്ട് എന്നത് വാസ്തവമാണ്. സംസ്ഥാനം തമിഴ്‌നാടുമായി ഉണ്ടാക്കിയിട്ടുള്ള ശിരുവാണി, പറമ്പിക്കുളം -ആളിയാര്‍ കരാറുകള്‍ കാലഹരണപ്പെട്ടെങ്കിലും അത് പുതുക്കുന്നതിനോ നിര്‍ത്തുന്നതിനോ നടപടി സ്വീകരിക്കാന്‍ കേരളം മടിക്കുന്നതെന്തുകൊണ്ടാണ്? ഒരുകാലത്ത് ജലമിച്ച സംസ്ഥാനമായിരുന്ന കേരളം ഇന്ന് കുടിവെള്ളത്തിന്റെ കാര്യത്തില്‍ പോലും പ്രതിസന്ധിയിലാണ്.
കേരളത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ള, ജലസേചന കാര്യങ്ങളില്‍ വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ദുരിതങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. കരാര്‍ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട അവകാശപ്പെട്ട ജലം നേടിയെടുക്കുന്നതിലുള്ള സംസ്ഥാന ജലവിഭവ വകുപ്പിന്റെ പരാജയം വന്‍ ദുരിതമായി സംസ്ഥാനത്തെ സാധാരണ ജനങ്ങളും കര്‍ഷകരും അനുഭവിക്കുകയാണ്. കാവേരി നദീജലം പങ്കുവെച്ചപ്പോള്‍ കബനി, ഭവാനി, പമ്പാര്‍ എന്നീ മൂന്ന് നദികള്‍ കിഴക്കോട്ടൊഴുകി തമിഴ്‌നാട്ടിലെ കാവേരിയില്‍ ചെന്നുചേരുന്നതിന്റെ വെളിച്ചത്തില്‍ 1976ലെ കരാര്‍ പ്രകാരം അഞ്ച് ടി എം സി ജലം തമിഴ്‌നാട് കേരളത്തിന് നല്‍കേണ്ടതുണ്ട്. ഇത് നല്‍കുന്നതില്‍ തമിഴ്‌നാട് പലപ്പോഴും പരാജയപ്പെട്ടിട്ടും കേരളത്തിന് നിസ്സംഗതയാണ്. പറമ്പിക്കുളം- അളിയാര്‍ കരാര്‍ ലംഘനം നിരന്തരം തമിഴ്‌നാട് നടത്തിയിട്ടും കേരളത്തിന് മിണ്ടാട്ടമില്ല. ഇക്കാര്യത്തില്‍ കരാറില്‍ ഇല്ലാത്ത പദ്ധതികള്‍ പലതും തമിഴ്‌നാട് നടപ്പാക്കി വരികയുമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ് എട്ട് ദിവസത്തിനകം തമിഴ്‌നാട് അദ്ദേഹത്തിന് നിവേദനം നല്‍കി. ആദ്യത്തെ നാല് കാര്യങ്ങളും കേരളത്തെ ബാധിക്കുന്നവയാണ്. സംസ്ഥാനത്തെ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികള്‍ കാവേരിയുടെ കൈവഴികളാണ്. അതിനാല്‍ തന്നെ കാവേരി ജലതര്‍ക്ക പരിഹാര ട്രിബ്യൂണല്‍ 2007 ഫെബ്രുവരി അഞ്ചിന് നടത്തിയ വിധി കേരളത്തിനും ബാധകമാണ്. ആ വിധിയില്‍ പറയുന്ന പോലെ, കാവേരി മാനേജ്‌മെന്റ് ബോര്‍ഡും കാവേരി ജലനിയന്ത്രണ കമ്മിറ്റിയും എത്രയും വേഗം ഉണ്ടാക്കണമെന്നതാണ് തമിഴ്‌നാടിന്റെ ഒന്നാമത്തെ ആവശ്യം. (2) മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമ്പോള്‍ മേല്‍നോട്ടം വഹിക്കാനായി സുപ്രീം കോടതി ഉത്തരവില്‍ പറയുന്നതുപോലെ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ നിന്നും ഒരംഗത്തെ കേന്ദ്രം നോമിനേറ്റ് ചെയ്യണം. അന്തര്‍ സംസ്ഥാന നദിയല്ലാത്ത നെയ്യാറില്‍ നിന്നും തമിഴ്‌നാടിന് ഒരവകാശവുമില്ലാതിരുന്നിട്ടുകൂടി, കന്യാകുമാരി ജില്ലയിലെ വിളവന്‍ കോട് താലൂക്കിലെ 9200 ഏക്കര്‍ സ്ഥലത്തേക്ക് ജലസേചനം നടത്താന്‍ നെയ്യാറില്‍ നിന്നും ജലം വിട്ടുനല്‍കാന്‍ പ്രധാനമന്ത്രി കേരളത്തോട് ആവശ്യപ്പെടണം. നാലാമത്തെ ആവശ്യം ഇതാണ്: പമ്പാ നദിയില്‍ നിന്നും അച്ചന്‍കോവിലാറില്‍ നി്ന്നും ജലം തമിഴ്‌നാട്ടിലെ വൈപ്പാറിലേക്ക് ഒഴുക്കണം. ഉപഭൂഖണ്ഡ നദീസംയോജത്തിന്റെ ഭാഗമായി ഈ നദീസംയോജനം വേഗം നടപ്പാക്കണം.
ഇക്കാര്യങ്ങളൊന്നും കേരളം അറിഞ്ഞ മട്ടില്ല. സംസ്ഥാന ജലവിഭവ വകുപ്പ് ഉറങ്ങുകയാണെന്ന് തോന്നുന്നു. കേരളത്തിലെ ജലത്തിന്റെ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള ജലത്തിന്റെ ഒഴുക്ക് അളന്ന് തിട്ടപ്പെടുത്തുന്നതിനോ, സംസ്ഥാനത്തിന്റെ ജല ആവശ്യങ്ങള്‍ നിറവേറ്റപ്പെടാനുള്ള ജലം തന്നെ കേരള നദികളില്‍ ലഭ്യമാണോ എന്നൊന്നും ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി, തമിഴ്‌നാടിന്റെ ശരിയല്ലാത്ത നിവേദനങ്ങള്‍ക്ക് മറുപടി നല്‍കാനും തടയിടാനും പരിശ്രമിക്കാത്തത് കേരള സര്‍ക്കാറിന്റെ വീഴ്ചയാണ്.
പമ്പയിലും അച്ചന്‍കോവിലാറിലും ആവശ്യത്തിന് ജലമില്ലെന്നും നദീ സംയോജനപദ്ധതി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കാനാകില്ലെന്നും കേരളം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇതോടൊപ്പം തന്നെ കരാറുകള്‍ വഴി നമുക്ക് ലഭിക്കേണ്ട ജലം ലഭ്യമാക്കാന്‍ പ്രധാനമന്ത്രി മുഖേന പരിശ്രമിക്കേണ്ടതുമുണ്ട്.