Connect with us

Editorial

ആരോപണങ്ങളൊഴിയാതെ ദേശീയ ഗെയിംസ്

Published

|

Last Updated

ദേശീയ ഗെയിംസ് സംഘാടനത്തിലെ പിഴവും ധൂര്‍ത്തും സംബന്ധിച്ച ആരോപണം ചീഫ് സെക്രട്ടറി ജിജി തോംസനും സി ഇ ഒ ജേക്കബ് പുന്നൂസും ശരിവെച്ചിരിക്കയാണ്. ഗെയിംസ് അവലോകനം ചെയ്യാന്‍ ചൊവ്വാഴ്ച ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍, മേളയുടെ നടത്തിപ്പിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ചീഫ് സെക്രട്ടറി നടത്തിയത്. ഓണാഘോഷമല്ല, ദേശീയ ഗെയിംസെന്ന് സംഘാടകരെ ഓര്‍മിപ്പിച്ച അദ്ദേഹം ഉദ്ഘാടന ചടങ്ങ് തീരെ നിലവാരമില്ലാത്തതായിപ്പോയെന്ന് കുറ്റപ്പെടുത്തി. ഉദ്ഘാടന ചടങ്ങിന് ചെലവഴിച്ച 15 കോടി വളരെ കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് അടിവരയിട്ട സി ഇ ഒ ജേക്കബ് പുന്നൂസ്, ഉദ്ഘാടനച്ചടങ്ങിന്റെ വമ്പന്‍ ബജറ്റ് നിശ്ചയിച്ചത് ഗെയിംസ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരല്ല, സര്‍ക്കാര്‍ തന്നെയാണെന്ന് കുറ്റപ്പെടുത്തുക വഴി സര്‍ക്കാറിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തിനു അവിചാരിതമായി വന്നുചേര്‍ന്ന ചുമതലയല്ല ദേശീയ ഗെയിംസ് നടത്തിപ്പ്; വര്‍ഷങ്ങള്‍ക്ക് മുമ്പേ തിരുമാനിച്ചതാണ്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാറിന്റ ഭരണത്തില്‍ ആരംഭിച്ചതാണ് ഇതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍. വളരെ ഭംഗിയായും പരമാവധി കുറ്റമറ്റരീതിയിലും ഇത് നടത്താന്‍ സര്‍ക്കാറിനും സംഘാടക സമിതിക്കും സമയം ലഭിച്ചിട്ടുണ്ട്. എന്നിട്ടും സംസ്ഥാനത്തിന് നാണക്കേട് വരുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഴുതിപ്പോയി. സംഘാടക സമിതി രൂപവത്കരണം തൊട്ടേ തുടങ്ങി താളപ്പിഴ. സ്‌പോര്‍ട്‌സുമായി പുലബന്ധമില്ലാത്ത റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരാണ് സംഘാടകസമിതിയുടെ തലപ്പത്ത്. വന്‍ തുക പെന്‍ഷന്‍ വാങ്ങുന്നതിനു പുറമെ ദേശീയ ഗെയിംസ് അക്കൗണ്ടിലും ഇവര്‍ പണം കൊയ്യുകയാണെന്ന് ആരോപണമുണ്ട്. പ്രചാരണത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഉദ്ഘാടന ചടങ്ങിലും താരങ്ങള്‍ക്കും വളണ്ടിയര്‍മാര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിലുമെല്ലാം അപാകം സംഭവിച്ചു. ഭരണകക്ഷി എം എല്‍ എമാരായ ഗണേഷ്‌കുമാറും കെ മുരളീധരനും പാലോട് രവിയുമെല്ലാം മാസങ്ങള്‍ക്ക് മുമ്പ് തന്നെ സംഘാടനത്തിലെ അപാകം ചൂണ്ടിക്കാട്ടിയതാണ്. ഗെയിംസ് പ്രചാരണത്തിന്റെ ഭാഗമായി പ്രമുഖ പത്ര സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഇവന്റ്മാനേജ്‌മെന്റ് സ്ഥാപനത്തിനു പത്ത് കോടി രൂപ നല്‍കിയതും വന്‍ വിവാദമായി. മറ്റു മാധ്യമങ്ങള്‍ക്കും വന്‍തോതില്‍ പരസ്യം നല്‍കിയാണ് ഈ വിമര്‍ശനത്തെ തണുപ്പിച്ചത്. ഉദ്ഘാടന ചടങ്ങില്‍ രണ്ട് കോടിയോളം പ്രതിഫലം വാങ്ങി മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസവും വ്യാപകമായ വിമര്‍ശനത്തിനും പരിഹാസത്തിനും വിധേയമായി. ഗത്യന്തരമില്ലാതെ, വാങ്ങിയ പ്രതിഫലം തിരിച്ചു നല്‍കാനുള്ള തീരുമാനമെടുക്കേണ്ടിവന്നു ലാലിന്.
അഴിമതിയുടെയും ധൂര്‍ത്തിന്റെയും ഞെട്ടിക്കുന്ന കഥകളാണ് ഗെയിംസുമായി ബന്ധപ്പെട്ടു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വെറും ആരോപണങ്ങളുടെ ഗണത്തില്‍പ്പെടുത്തി തള്ളിക്കളയാവുന്നതല്ല ഇവയൊന്നും. സംഘാടക സമിതിക്കാര്‍ക്ക് ഒരു ചാകരയാണ് ഗെയിംസ്. ദേശീയ തലത്തില്‍ കേരളത്തിന് കൂടുതല്‍ അംഗീകാരം പിടിച്ചുപറ്റാനും യശസ്സുയര്‍ത്താനും സാധ്യമാക്കാമായിരുന്ന ഈ മേള ഇപ്പോള്‍ സംസ്ഥാനത്തിന് ദുഷ്‌പേര് വരുത്തിവെക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കേരള ജനത വന്‍പ്രതീക്ഷയോടെ കാത്തിരുന്ന കായിക മാമാങ്കത്തിനെതിരെ അഴിമതി ആരോപണങ്ങളുയരുന്ന സാഹചര്യം സൃഷ്ടിച്ചത് സംസ്ഥാനത്തെ കായിക പ്രേമികളോടും പൊതുജനത്തോടും കാട്ടുന്ന കടുത്ത വഞ്ചനയാണ്. 611 കോടിയാണ് ഗെയിംസിന്റെ മൊത്തം ചെലവ്. ഇതില്‍ 110 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ വിഹിതം. ബാക്കി 500 കോടിയോളം കണ്ടെത്തേണ്ടത് സംസ്ഥാനമാണ്. ദൈനം ദിനം ഭരണ നടത്തിപ്പിന് തന്നെ മാര്‍ഗമില്ലാതെ, ട്രഷ റി അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് നീങ്ങുന്ന സംസ്ഥാനം മാമാങ്കത്തിന് നീക്കി വെച്ച ഭാരിച്ച തുക സംഘാടകസമിതിയും ഇടത്തട്ടുകാരും അടിച്ചു മാറ്റുന്നത് പൊറുപ്പിക്കാവതല്ല. അല്ലെങ്കില്‍ തന്നെ പലവിധ അഴിമതിയാരോപണങ്ങളും സര്‍ക്കാറിനെ പിടിച്ചുകുലുക്കുകയാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസ് വരുത്തിവെച്ച നാണക്കേടില്‍ രാജ്യം തലതാഴ്ത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് കേരളം ദേശീയ ഗെയിംസ് ഏറ്റെടുക്കുന്നത്. എന്നിട്ടും അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് താളപ്പിഴകളും ക്രമക്കേടുകളും ഒഴിവാക്കി മികച്ച രീതിയില്‍ മേള സംഘടിപ്പിക്കാനുള്ള ശുഷ്‌കാന്തി സര്‍ക്കാര്‍ കാണിച്ചില്ല. പൊതുസ്വത്ത് കൈയിട്ടുവാരാനുള്ള ഏതവസരവും സമര്‍ഥമായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥ വൃന്ദം സംസ്ഥാനത്തിന്റ ശാപമണ്. ഇവരെ നിലക്ക് നിര്‍ത്തുന്നതില്‍ സര്‍ക്കാറിന് സംഭവിക്കുന്ന വീഴ്ചയാണ് അഴിമതിയുടെ വ്യാപനത്തിന് കാരണം. ഗെയിംസ് നടത്തിപ്പിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്തു 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറപ്പെടുവിച്ച ഉത്തരവ് ആശ്വാസകരമാണ്. ഇതിന്റെ തുടര്‍ച്ചയായി ഗെയിംസ് സംഘാടക സമിതിയിലെ അഴിമതിക്കാരായ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായ നടപടിക്കായി കാതോര്‍ത്തിരിക്കയാണ് കായിക കേരളം.

---- facebook comment plugin here -----

Latest