ബീഹാറില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ അരങ്ങൊരുങ്ങുന്നു

Posted on: February 4, 2015 10:59 pm | Last updated: February 5, 2015 at 9:32 am

nitheesh-kumarപാറ്റ്‌ന: ബീഹാറിലെ ഭരണകക്ഷിയായ ജനതാ ദള്‍ യുനൈറ്റഡില്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയും മുന്‍ മുഖ്യമന്ത്രിയും നിതീഷ് കുമാറും തര്‍ക്കം രൂക്ഷമാകുന്നു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകണമെന്നാണ് പാര്‍ട്ടി എം എല്‍ എമാരുടെ ആവശ്യം. ഈ വര്‍ഷം തിരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ മഞ്ചി പരാജയപ്പെടുന്നുവെന്നാണ് എം എല്‍ എമാര്‍ ചൂണ്ടിക്കാട്ടുന്നത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചുവരുന്നതിനെ ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവും ശക്തമായി പിന്തുണക്കുന്നുണ്ട്.
നേരത്തെ, ജാതി സമവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ മഞ്ചിയെ മാറ്റുന്നതിനോട് ലാലു എതിരായിരുന്നു. ഇത്തരം റിപ്പോര്‍ട്ട് നേരത്തെ വന്നപ്പോള്‍ നിഷേധവുമായി നിതീഷ് രംഗത്ത് വന്നിരുന്നു. ജനതാ പരിവാര്‍ നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രി മാറ്റാന്‍ പദ്ധതിയുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികണം ഇങ്ങനെയായിരുന്നു. ‘ഈ ചോദ്യത്തോട് പ്രതികരിക്കുന്നത് എരി തീയില്‍ എണ്ണയൊഴിക്കുന്നതിനേ ഉപകരിക്കൂ.’ ഇത്തരമൊരു ഊഹാപോഹം ഉണ്ടായതില്‍ തനിക്ക് അത്ഭുതമുണ്ട്. മാധ്യമങ്ങള്‍ എന്തിനുള്ള പുറപ്പാടാണെന്നും നിതീഷ് ചോദിച്ചിരുന്നു.
നിരന്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ശൈലിയാണ് മഞ്ചിയുടെത്. ഇത് പാര്‍ട്ടിക്ക് വലിയ തലവേദനയാകാറുമുണ്ട്. രണ്ട് മാസം മുമ്പ് നിയമസഭാ സ്പീക്കര്‍ അയോഗ്യരാക്കിയ പാര്‍ട്ടിയുടെ നാല് വിമത എം എല്‍ എമാര്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നപ്പോള്‍, അതിനെ അംഗീകരിച്ചാണ് ഒടുവില്‍ മഞ്ചി വിവാദത്തിലായത്. എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുത്തതിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥതലത്തിലും ഏറെ മാറ്റങ്ങള്‍ മഞ്ചി കൊണ്ടുവന്നു. നിതീഷ് കുമാറിനോട് ഏറെ അടുപ്പമുള്ള പല ഉന്നത ഉദ്യോഗസ്ഥരെയും മാറ്റി. ഇതില്‍ മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഏറെ അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുടനെയാണ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. തുടര്‍ന്ന് ദളിത് വിഭാഗക്കാരനായ മഞ്ചിയെ സ്ഥാനത്തെത്തിക്കുകയായിരുന്നു.