ചീഫ് സെക്രട്ടറിക്കെതിരെ പൊട്ടിത്തെറിച്ച് തിരുവഞ്ചൂര്‍

Posted on: February 4, 2015 11:58 pm | Last updated: February 4, 2015 at 11:58 pm

thiruvanchoor1തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊട്ടിത്തെറിച്ചു. ദേശീയ ഗെയിംസ് സംബന്ധിച്ച പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം. പിന്നീട് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. സദുദ്ദേശ്യത്തോടെയാണ് കാര്യങ്ങള്‍ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
നിലവിലെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ തീര്‍ത്തും അനുചിതമായിപ്പോയി. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ താനെന്തിന് ഈ സ്ഥാനത്ത് തുടരണമെന്നും സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും തിരുവഞ്ചൂര്‍ പൊട്ടിത്തെറിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ചീഫ് സെക്രട്ടറിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം, മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങണം, നിലവിലെ സംഭവത്തില്‍ ചീഫ് സെക്രട്ടറി നിഷേധക്കുറിപ്പ് ഇറക്കണം തുടങ്ങിയവയായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം. വിവാദങ്ങള്‍ കെട്ടടങ്ങിയ സന്ദര്‍ഭത്തില്‍ ചീഫ്‌സെക്രട്ടറി എരിതീയില്‍ എണ്ണ ഒഴിക്കുകയായിരുന്നുവെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഡല്‍ഹിയിലെ പ്രവര്‍ത്തനശൈലി പിന്തുടര്‍ന്നായിരുന്നു സംസാരിച്ചതെന്ന് ജിജി തോംസണ്‍ വ്യക്തമാക്കി. അതിനാലാണ് മാധ്യമങ്ങളെ കണ്ടത്. സദുദ്ദേശ്യത്തോടെയാണ് പ്രതികരിച്ചത്. ദേശീയ ഗെയിംസിനെതിരായ ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തിലുള്ള അതൃപ്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
അതേസമയം ദേശീയ ഗെയിംസ് പരാമര്‍ശത്തില്‍ ജിജി തോംസണന് മുഖ്യമന്ത്രി പൂര്‍ണ പിന്തുണ നല്‍കി. ചീഫ് സെക്രട്ടറി പറഞ്ഞത് തിരുത്തേണ്ട കാര്യങ്ങളല്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം. രാവിലെ മന്ത്രിസഭാ യോഗത്തിന് മുമ്പ് ജിജി തോംസണ്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ജിജി തോംസണെ ന്യായീകരിച്ച് മുഖ്യമന്ത്രി വിശദീകരണം നടത്തിയത്.കലാപരിപാടികള്‍ ഒരു തവണ പോലും റിഹേഴ്‌സല്‍ ചെയ്യാതെയാണ് അവതരിപ്പിച്ചതെന്നും ഇത്രയും ഭീമമായ തുക അനുവദിക്കാന്‍ പാടില്ലായിരുന്നെന്നും പറഞ്ഞ ജിജി തോംസണ്‍ ഗെയിംസ് ഓണപരിപാടിയല്ലെന്നും പരിഹസിച്ചിരുന്നു.