പെട്രോള്‍ വില കുറക്കാന്‍ ആലോചിക്കുന്നതായി മന്ത്രി

Posted on: February 4, 2015 7:33 pm | Last updated: February 4, 2015 at 7:33 pm

Suhail-AlMazroueiഅബുദാബി: ആഗോള വിപണിയില്‍ എണ്ണ വിലയില്‍ വന്‍ ഇടിവ് സംഭവിച്ച സാഹചര്യത്തില്‍ രാജ്യത്തെ എണ്ണവിലയില്‍ കുറവ് വരുത്തുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നതായി ഇന്ധന മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി. ഇതിനുള്ള നിര്‍ദേശം ക്യാബിനറ്റിന്റെ പരിഗണനക്കായി സമര്‍പിച്ചിട്ടുണ്ടെന്നും എഫ് എന്‍ സി(ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍)യില്‍ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് വില കുറക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിന് മന്ത്രാലയം തുടക്കമിട്ടത്. വിലക്കുറവ് യാഥാര്‍ഥ്യമായാല്‍ സ്വദേശികള്‍ക്ക് വിലയില്‍ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന പ്രവാസി സമൂഹത്തിന് വിലയില്‍ വരുത്തിയേക്കാവുന്ന കുറവിന്റെ പ്രയോജനം ലഭിക്കുമോയെന്ന കാര്യത്തില്‍ മന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല. മന്ത്രാലയത്തിനോടൊപ്പം മറ്റ് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ളവരും വിലയെക്കുറിച്ചു പഠിക്കാനുള്ള കമ്മിറ്റിയില്‍ ഉള്‍പെട്ടിരുന്നു.
അതേ സമയം കഴിഞ്ഞ 10 വര്‍ഷമായി എണ്ണ വിതരണ കമ്പനികള്‍ നഷ്ടം സഹിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മന്ത്രി വെളിപ്പെടുത്തി. ദുബൈയില്‍ നിന്നുള്ള അംഗമായ ഹമാദ് അല്‍ റഹൂമിയാണ് ഈ വിഷയം എഫ് എന്‍ സിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ക്രൂഡ് ഓയല്‍ വിലയില്‍ 60 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആഭ്യന്തര കമ്പോളത്തില്‍ പ്രകടമാവുന്നില്ലെന്നും അല്‍ റഹൂമി കഴിഞ്ഞ ദിവസം മന്ത്രിയെ ധരിപ്പിച്ചിരുന്നു.
ജി സി സി രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടിയ രാജ്യമാണ് യു എ ഇ എന്നത് കഴിഞ്ഞ മൂന്നു വര്‍ഷമായി അംഗങ്ങള്‍ ഫെഡറല്‍ കൗണ്‍സിലില്‍ ഉന്നയിക്കുന്ന കാര്യമാണ്. മറ്റ് ജി സി സി രാജ്യങ്ങളിലെ നിലവാരത്തിലേക്ക് വില കുറക്കണമെന്നാണ് അംഗങ്ങള്‍ പൊതുവായി ആവശ്യപ്പെട്ടുവരുന്നത്.