Connect with us

Ongoing News

സാജന് ദേശീയ റെക്കോര്‍ഡോടെ നാലാം സ്വര്‍ണം

Published

|

Last Updated

തിരുവനന്തപുരം: നാല് ദിവസം പിന്നിട്ട ദേശീയ ഗെയിംസില്‍ 104 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 21 സ്വര്‍ണവുമായി ഹരിയാനയും സര്‍വീസസും ഒപ്പത്തിനൊപ്പം. വെള്ളിയുടെ എണ്ണം പരിഗണിച്ച് ഹരിയാനയാണ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ഇതിനിടെ ഒരു സ്വര്‍ണവും ഒരു വെള്ളിയുമുള്‍പ്പെടെ അഞ്ച് മെഡലുകള്‍ കൂടി ചേര്‍ത്ത് കേരളം മെഡലുകളുടെ എണ്ണം 25 ആക്കി. നിലവില്‍ നാലാം സ്ഥാനത്താണ് കേരളം. ആദ്യ രണ്ട് ദിനങ്ങളില്‍ മുന്നിലായിരുന്ന ഹരിയാനയെ റോവിംഗ് ഇനങ്ങളിലെ സ്വര്‍ണങ്ങളിലൂടെ സര്‍വീസസ് മറികടന്നിരുന്നെങ്കിലും ഗുസ്തി ഇനങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് ഇന്നലെ ഹരിയാന ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. 21 സ്വര്‍ണവും എട്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ 33 മെഡലുകളാണ് ഹരിയാനയുടെ സമ്പാദ്യം. 21 സ്വര്‍ണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവുമുള്‍പ്പെടെ 35 മെഡലുകളുമായാണ് സര്‍വീസ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. 13 സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവുമടക്കെ 45 മെഡലുകളുമായി മഹാരാഷ്ട മൂന്നാം സ്ഥാനത്തുണ്ട്.
നീന്തല്‍ക്കുളത്തില്‍ നിന്നാണ് കേരളത്തിന്റെ ഏഴാം സ്വര്‍ണം. ദേശീയ റെക്കോര്‍ഡോടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ സാജന്‍ പ്രകാശാണ് നാലാമത്തെയും കേരളത്തിന്റെ ഏഴാമത്തെയും സ്വര്‍ണം നീന്തിയെടുത്തത്. ഇതോടെ ഗെയിംസില്‍ സാജന്‍ പ്രകാശിന്റെ മെഡല്‍ നേട്ടം ഏഴായി. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും ഉള്‍പ്പെടെയാണിത്.
200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ 175 മീറ്ററില്‍ പിറകില്‍ നീന്തിയ സജന്‍ അവസാന 25 മീറ്ററില്‍ ഫോട്ടോ ഫിനിഷിലാണ് ബംഗാളിന്റെ സുപ്രിയ മോന്‍ഡലിനെ മറികടന്ന് സ്വര്‍ണക്കുതിപ്പ് നടത്തിയത്. കേരളത്തിന്റെ കെ സുരേഷ്‌കുമാറിന്റെ ഗെയിം സ് റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ഈ നേട്ടം. തൊട്ടുപിറകെ പുരുഷന്മാരുടെ 4×200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ സാജന്‍ പ്രകാശ് ഉള്‍പ്പെട്ട ടീം വെള്ളി നേടി. ഈയിനത്തില്‍ കേരളത്തിന്റെ വനിതകള്‍ വെങ്കലം നേടിയിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest