Connect with us

Gulf

വ്യാഴത്തെ മിഴിവോടെ കാണാന്‍ വാനനിരീക്ഷകര്‍ക്ക് വെള്ളിയാഴ്ച അവസരം ലഭിക്കും

Published

|

Last Updated

ദുബൈ: വെള്ളിയാഴ്ച ഭൂമിയുമായി വ്യാഴം ഏറ്റവും അടുക്കുമെന്നതിനാല്‍ ദുബൈയിലെ വാനനിരീക്ഷകര്‍ക്കും ശാസ്ത്രകുതുകികള്‍ക്കുമെല്ലാം ഗ്രഹത്തെ അടുത്ത് കാണാന്‍ സാധിക്കുമെന്നു കഫെ സയന്റിഫിക് ദുബൈ സ്ഥാപകന്‍ റൊഹാന്‍ റോബേട്ട്‌സ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ അടുത്തുകാണാന്‍ സാധിക്കുക. ഭൂമി സൂര്യനും വ്യാഴത്തിനും ഇടയില്‍ വരുന്നതിനാലാണ് ഇത് സാധ്യമാവുന്നത്. സൂര്യന് എതിര്‍ ദിശയിലാവും വ്യാഴം പ്രത്യക്ഷപ്പെടുക. വെള്ളിയാഴ്ച സന്ധ്യക്ക് ശേഷം ദൂരദര്‍ശിനിയുടെ സഹായത്തോടെ വ്യാഴത്തെ വളരെ വ്യക്തമായി കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയിടെ ദുബൈക്കാര്‍ ദര്‍ശിച്ച സൂപ്പര്‍ മൂണില്‍ നിന്നും വ്യത്യസ്തമായി വ്യാഴത്തെ വെള്ളിയാഴ്ച വ്യക്തമായി കാണാന്‍ സാധിക്കുമെന്നതിനാല്‍ ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. അടുത്ത നാലു വര്‍ഷത്തിനിടയില്‍ ഏറ്റവും തെളിച്ചത്തോടെ വ്യാഴത്തെ കാണാന്‍ ലഭിക്കുന്ന സുവര്‍ണാവസരം കൂടിയാണിത്.
ഭൂമിയെക്കാള്‍ ആയിരം മടങ്ങ് വിശാലമായതാണ് ഈ ഭീമന്‍ ഗ്രഹം. ശക്തമായ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചാല്‍ വ്യാഴത്തെ വ്യക്തമായി കാണാന്‍ സാധിക്കും. വ്യാഴത്തിലെ ചുവന്ന വളയങ്ങളും നാലു ഉപഗ്രഹങ്ങളെയും വ്യക്തമായി കാണാന്‍ സാധിക്കുമെന്നു ചുരുക്കം. നഗ്നമായ കണ്ണുകള്‍ കൊണ്ട് നോക്കിയാലും വെള്ളിയാഴ്ച രാത്രി 6.45ന് ശേഷം നക്ഷത്രങ്ങള്‍ക്കിടയില്‍ വ്യാഴം പ്രകാശം പരത്തി വേറിട്ടുനില്‍ക്കുന്നത് കാണാന്‍ കഴിയും.
കഫെ സയന്റിഫിക്കിന്റെ നേതൃത്വത്തില്‍ ദൂരദര്‍ശിനിയുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് വ്യാഴത്തെ ദര്‍ശിക്കാന്‍ അവസരം ഒരുക്കുമെന്നും റൊഹാന്‍ വെളിപ്പെടുത്തി.

Latest