Connect with us

Gulf

ശിന്ദഗ പൈതൃക പദ്ധതിക്ക് ശൈഖ് മുഹമ്മദ് അനുമതി നല്‍കി

Published

|

Last Updated

ദുബൈ; യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശിന്ദഗ പൈതൃക പദ്ധതിക്ക് അനുമതി നല്‍കി. ദുബൈ നഗരത്തിന്റെ ഹൃദയഭാഗത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതിയായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ ശിന്ദഗക്കൊപ്പം സമീപ പ്രദേശങ്ങളായ ദേര, അല്‍ ഫഹീദി മേഖലകളിലും വന്‍ മാറ്റമാവും മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ശിന്ദഗ പൈതൃക പദ്ധതിയിലൂടെ സംഭവിക്കുക. ദുബൈയുടെ സ്വദേശി സംസ്‌കാരവും പൈതൃകവും ചരിത്രവുമെല്ലാം കാഴ്ചക്കാരിലേക്ക് സന്നിവേശിപ്പിക്കാന്‍ ഉതകുന്നതാവും ഈ ബൃഹദ് പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ദുബൈ നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പുരാതനമായ ഭാഗം കൂടിയാണ് ഈ പ്രദേശങ്ങള്‍. ദുബൈ നഗരസഭ, ദുബൈ കള്‍ച്ചര്‍ എന്നിവയുമായി സഹകരിച്ച് ദുബൈ ഡിപാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സാണ് ശിന്ദഗ പൈതൃക പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. അറബ് മേഖലയിലെ ഏറ്റവും മികച്ച പൈതൃക കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. വ്യാപാരം, കരകൗശലം, മുത്തു വ്യവസായം എന്നിവയുടെ മുഖ്യകേന്ദ്രം കൂടിയാണ് ഈ പ്രദേശമെന്നത് പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 1.5 കിലോമീറ്റര്‍ വിസൃതിയിലാണ് പദ്ധതി നടപ്പാക്കുക. സ്വദേശി സംസ്‌കാരത്തിനും പൈതൃകത്തിനും ഊന്നല്‍ നല്‍കിയുള്ളതാണ് പദ്ധതി. പ്രദേശത്തെ പൈതൃകം സൂക്ഷിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങള്‍ തനിമ നഷ്‌പ്പെടാതെ പുനരുദ്ധരിച്ച് സൂക്ഷിക്കും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറാനുള്ള സൗകര്യവും ആളുകള്‍ക്ക് കൂടിച്ചേരാനുള്ള കേന്ദ്രവുമെല്ലാം ഇതോടൊപ്പം സജ്ജമാവും.