Connect with us

Gulf

എം ഗവണ്‍മെന്റ് അവാര്‍ഡ്‌സില്‍ നൂതന ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കും

Published

|

Last Updated

ദുബൈ: ഇത്തവണത്തെ എം ഗവണ്‍മെന്റ് സര്‍വീസ് അവാര്‍ഡില്‍ നൂതന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അംഗീകാരത്തിനായി അവതരിപ്പിക്കപ്പെടും. സുരക്ഷാ വിഭാഗത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ പുരസ്‌കാരത്തിന് മത്സരിക്കുന്നവരില്‍ ദുബൈ പോലീസ്, എമിറേറ്റ്‌സ് ഐ ഡി, ആഭ്യന്തര മന്ത്രാലയം എന്നിവയുണ്ട്. വിദ്യാഭ്യാസ വിഭാഗത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ എംഫയല്‍, ആഭ്യന്തര മന്ത്രാലയത്തിലെ എന്റര്‍ടൈന്‍മെന്റ് സിറ്റി എന്നിവയും സാമൂഹിക ക്ഷേമ വിഭാഗത്തില്‍ അബുദാബി സെന്റര്‍ ഫോര്‍ ഇലക്‌ട്രോണിക് സിസ്റ്റംസ് ആന്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍ നിന്നുള്ള “നഗരസുരക്ഷ”, ഗതാഗത വിഭാഗത്തില്‍ ദുബൈ വിമാനത്താവളങ്ങള്‍, ആര്‍ ടി എ സ്മാര്‍ട് ഡ്രൈവ് തുടങ്ങിയവ അവസാന പട്ടികയില്‍ ഇടം പിടിച്ചവയാണ്.

ജനങ്ങള്‍ക്ക് എളുപ്പത്തിലും കൃത്യതയിലും സേവനം ലഭ്യമാക്കാന്‍ പുതിയ കണ്ടുപിടുത്തങ്ങളോ ആശയങ്ങളോ ആണ് പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നത്. അന്തര്‍ദേശീയം, ജി സി സി, ദേശീയം, പ്രാദേശികം, സര്‍വകലാശാല തുടങ്ങിയ വിഭാഗങ്ങളില്‍ വെവ്വേറെയാണ് മത്സരം.
ബ്രസീലില്‍ നിന്നുള്ള ഹാന്‍ഡ് ടോക്, റഷ്യയില്‍ നിന്നുള്ള മോസ്‌കോ മൊബൈല്‍ റിസപ്ഷന്‍, കൊറിയയില്‍ നിന്നുള്ള ഐടൂര്‍ സോള്‍ തുടങ്ങിയവ വിവിധ വിഭാഗങ്ങളിലായി മത്സരത്തിനെത്തിയിട്ടുണ്ട്. സര്‍വകലാശാല വിദ്യാര്‍ഥികളുടെ കണ്ടിപിടുത്തത്തിന് ഇത്തവണ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു. ഫെബ്രു ഒമ്പത് മുതല്‍ 11 വരെ ദുബൈ മദീന ജുമൈറയിലാണ് പരിപാടി.
അറബ്, അന്താരാഷ്ട്ര തലങ്ങളില്‍ നിന്നായി 76 പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. വിജയികളെ ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രഖ്യാപിക്കും.
എട്ട് വിഭാഗങ്ങളിലായാണ് ഇത്രയും മത്സരാര്‍ഥികള്‍ ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. മൊത്തം 411 അപേക്ഷകളാണ് ലഭിച്ചത്. രാജ്യത്തെ 20 സര്‍വകലാശാലകളില്‍ നിന്നായി 96 വിദ്യാര്‍ഥികള്‍ സൃഷ്ടികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ 10 ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുന്നത്.
ഗവണ്‍മെന്റ് സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് മൊബൈലുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള നൂതന സംവിധാനങ്ങളാണ് മത്സരത്തിലൂടെ ക്ഷണിച്ചത്. സുരക്ഷ, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, പരിസ്ഥിതി, സാമൂഹികകാര്യം, ഗതാഗതം, ആരോഗ്യം, വാണിജ്യം എന്നീ മേഖലകളിലേക്ക് പ്രത്യേകം മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഫിബ്രവരി ഒമ്പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായി മദീനത്ത് ജുമൈറയിലെ മദീനത്ത് തിയേറ്ററിലാണ് മൂന്നാമത് ഗവണ്മെന്റ് ഉച്ചകോടി നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും മറ്റു ആഗോള സംഘടനാപ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കും.

Latest