Connect with us

Ongoing News

യുവ്‌രാജിന് ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ഒരു അവസരം കൂടി

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ യുവ്‌രാജിന് നേരിയ സാധ്യത നിലനില്‍ക്കുന്നു. ലോകകപ്പിനിറങ്ങുന്ന 15 അംഗ ടീമിലെ മൂന്ന് പേര്‍ പരിക്കിന്റെ പിടിയിലായതാണ് കാരണം. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ എന്നിവരാണ് പരിക്ക് ഭേദമാകാത്തവര്‍. ഫെബ്രുവരി ഏഴിന് കായികക്ഷമതാ പരിശോധനയ്ക്ക് ശേഷമേ ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുളളൂ.
ഇവരില്‍ രവീന്ദ്ര ജഡേജ പരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ യുവരാജിനെ ടീമിലേക്ക് പരിഗണിക്കുമെന്നാണ് കരുതുന്നത്. യുവരാജിനെ ടീലെടുക്കാത്തതിനെതിരെ വലിയ വിമര്‍ശം ഉയര്‍ന്നിരുന്നു. യുവിയെ ടീമിലെടുക്കണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ലൂട്ടേഗാ യുവരാജ് (#LoutegaYuvraj) എന്ന പേരില്‍ ഹാഷ്ടാഗും ക്രിക്കറ്റ് ആരാധകര്‍ ആരംഭിച്ചിരുന്നു.
കഴിഞ്ഞ ലോകകിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് യുവരാജായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 293 ഏകദിനങ്ങളില്‍ 13 സെഞ്ച്വറിയടക്കം 8329 റണ്‍സ് യുവി നേടിയിട്ടുണ്ട്.
അതേസമയം രോഹിത് ശര്‍മ പരിക്കില്‍ നിന്ന് മുക്തനായില്ലെങ്കില്‍ മുരളി വിജയും ഇശാന്ത് ശര്‍മ പരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ മോഹിത് ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരില്‍ ഒരാളെയുമായിരിക്കും പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Latest