Connect with us

Kerala

ലാലിസത്തിന്റെ പ്രതിഫലം തിരിച്ചുവാങ്ങില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിയും കായിക മന്ത്രിയും തമ്മില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ കായികമന്ത്രിയെ തള്ളാതെ ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം. ലാലിസത്തിനായി സര്‍ക്കാര്‍ ന ല്‍കിയ തുക മോഹന്‍ലാല്‍ തിരികെ തന്നാലും വാങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയ ഗെയിംസിനെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്ത മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി നിഷേധിച്ചു. ഗെയിംസിന്റെ പേരില്‍ ചീഫ് സെക്രട്ടറിയും കായിക മന്ത്രിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഗെയിംസിന്റെ റിവ്യൂ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ശരിയാണ്. തനിക്കും അതു ബോധ്യപ്പെട്ടതാണ്. ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ക്കുള്ള വേദിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു. അനര്‍ഹരമായവര്‍ വേദിയില്‍ കയറിക്കൂടിയപ്പോള്‍ മന്ത്രിമാര്‍ക്ക് പോലും ഇരിക്കാന്‍ ഇടം കിട്ടിയില്ല. ചീഫ് ഗസ്റ്റിനായുള്ള കസേരകളില്‍ പോലും ചിലര്‍ സ്ഥാനം പിടിച്ചതിനാല്‍ തൊട്ടുമുന്നില്‍ മറ്റൊരു സീറ്റ് സജ്ജീകരിക്കേണ്ടി വന്നു. അര്‍ഹരായ പലര്‍ക്കും പാസ് കിട്ടിയില്ല. ഇത്തരം പിഴവുകള്‍ ഒഴിവാക്കണമെന്നാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ശരിയാണ്. പിഴവുകള്‍ തിരുത്തണം”- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് ഗെയിംസിനായി നടത്തുന്നതെന്നും ഗെയിംസിന്റെ ക്യാപ്റ്റന്‍ അദ്ദേഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ചീഫ് സെക്രട്ടറി പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി. സര്‍ക്കാറുമായി സഹകരിച്ച് മോഹന്‍ലാല്‍ പരിപാടി നടത്തിയതിന്റെ പേരില്‍ അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ സര്‍ക്കാറിന് ഖേദമുണ്ട്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉദ്ദേശിച്ച പരിപാടി ബജറ്റില്‍ ഒതുങ്ങാതെ വന്നപ്പോള്‍ മോഹന്‍ലാലിനെ താന്‍ കൂടി നിര്‍ബന്ധിക്കുകയായിരുന്നു. വിവാദം ഉണ്ടായതില്‍ തനിക്ക് വ്യക്തിപരമായും സര്‍ക്കാറിനും ഖേദം ഉണ്ട്. അത് മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ട്. ലാലിസം സംഗീത പരിപാടി കരാറിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിപാടിയാണ്. മോഹന്‍ലാലിനു മാത്രമായുള്ള തുകയല്ല പരിപാടിക്കായി ചെലവഴിച്ചത്. അത് കലാകാരന്‍മാര്‍ക്കെല്ലാം പ്രതിഫലം നല്‍കിയ തുകയാണ്. ഗെയിംസിന് നേതൃത്വം നല്‍കുന്നവരുടെ മനോവീര്യം തകര്‍ത്ത് ഗെയിംസിന് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. ഇതേക്കുറിച്ച് ഗെയിംസ് കഴിഞ്ഞ ശേഷം പ്രതികരിക്കും.
ഗെയിംസിന്റെ ഉദ്ഘാടനത്തിനായി 15 കോടി ചെലവഴിച്ചത് കൂടുതലല്ല. സമാപന പരിപാടിയുടെ ചെലവ് കുറക്കാന്‍ ഉദ്ദേശിക്കുന്നില്ല. 2011ല്‍ ഗെയിംസ് കമ്മിറ്റി അംഗീകരിച്ചതിനനുസരിച്ചാണ് തുക അനുവദിച്ചത്. സര്‍ക്കാറിന് നടത്തിപ്പുകാരില്‍ പൂര്‍ണ വിശ്വാസമാണ്. സംസ്ഥാനത്തിന്റെ അഭിമാന പ്രശ്‌നമാണിത്. പുറത്തു നിന്ന് വന്ന അതിഥികള്‍ക്കും ഗെയിംസ് നടത്തിപ്പില്‍ പൂര്‍ണ തൃപ്തിയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തുക തിരിച്ചുനല്‍കുമെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചുനില്‍ക്കുകയാണ്.

---- facebook comment plugin here -----

Latest