പുല്‍പ്പള്ളി മേഖലയില്‍ 11 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

Posted on: February 4, 2015 11:03 am | Last updated: February 4, 2015 at 11:04 am

കല്‍പ്പറ്റ: പുല്‍പ്പള്ളി മേഖലയില്‍ 11 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു.പനി ബാധിച്ചവരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ രോഗ സ്ഥിരീകരണം നടത്തിയത്. പാറക്കടവ്, മാടപ്പള്ളിക്കുന്ന് പ്രദേശങ്ങളിലുള്ളവര്‍ക്കാണ് രോഗമുണ്ടെന്ന് ഉറപ്പിച്ചത്. ഇതിനിടെ കുരങ്ങുപനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ വിവിധ വകുപ്പ് അധികൃതരുടെ യോഗം ചേരും.
കഴിഞ്ഞ ദിവസം പെരിക്കല്ലൂര്‍ പാതിരി വെള്ളിപ്പാടി വനാതിര്‍ത്തിയില്‍ കുരങ്ങുപനി സംശയത്തെ തുടര്‍ന്ന് നാലുപേരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് രോഗം കണ്ടെത്തിയത്.
പാതിരി വെള്ളിച്ചപ്പാടി വനാതിര്‍ത്തിയില്‍ ആനക്കിടങ്ങ് പുനരുദ്ധാരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ തൊഴിലാളികള്‍ക്കാണ് രോഗബാധ സംശയമുള്ളത്. ഈ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ മൂന്ന് കുരങ്ങുകളെ ചത്ത നിലയില്‍ കാണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളിലെ നാലോളം പേരെ ഇതേ സംശയത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ പ്രദേശത്തെ തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ആളുകള്‍ വനത്തിലേക്ക് പോകരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.