Connect with us

Wayanad

ഗൂഡല്ലൂരില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കണമെന്ന് നഗരസഭാ ബോര്‍ഡ് യോഗം

Published

|

Last Updated

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കണമെന്ന് നഗരസഭാ ബോര്‍ഡ് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാല് ലക്ഷം ജനങ്ങള്‍ താമസിക്കുന്ന നഗരസഭാ പരിധിയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുണ്ട്. 25 ഏക്കര്‍ സ്ഥലമാണ് ഇതിന് ആവശ്യം. ഇതിന് 19 ഏക്കര്‍ റവന്യു ഭൂമിയും ഇവിടെയുണ്ട്. നിലവില്‍ ഇവിടുത്തെ ജനങ്ങള്‍ കോയമ്പത്തൂര്‍, കോഴിക്കോട്, മൈസൂര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകളെയും, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളെയുമാണ് ആശ്രയിക്കുന്നത്. കിലോമീറ്ററുകളോളം ദൂരമുള്ള ഈ സ്ഥലങ്ങളില്‍ രോഗികളെത്തുമ്പോഴേക്കും മരണം സംഭവിക്കുകയാണ് ചെയ്യുന്നത്. ഇത്കാരണം ഗൂഡല്ലൂര്‍ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജെ ജയലളിത നീലഗിരി ജില്ലയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഊട്ടി, കുന്നൂര്‍ എന്നിവിടങ്ങളില്‍ സ്ഥലം അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥലം ലഭ്യമാകാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അത്‌കൊണ്ടാണ് മെഡിക്കല്‍ കോളജ് ഗൂഡല്ലൂരില്‍ സ്ഥാപിക്കണമെന്ന് ബോര്‍ഡ് യോഗം ജയലളിതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തില്‍ മെഡിക്കല്‍ കോളജ് നിര്‍മിച്ചാല്‍ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇത് വലിയ അനുഗ്രഹമാകും. ഇതുസംബന്ധമായി നടന്ന നഗരസഭാ ബോര്‍ഡ് യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ രമ അധ്യക്ഷതവഹിച്ചു. വൈ.ചെയര്‍മാന്‍ രാജാതങ്കവേലു, മാനേജര്‍ ജറോം, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.