Connect with us

Malappuram

നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ തട്ടുകട വരെയുളള സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് നടപ്പാക്കും

Published

|

Last Updated

മലപ്പുറം: ജില്ലയിലെ ഹോട്ടലുകള്‍ക്കും മറ്റ് ഭക്ഷ്യസ്ഥാപനങ്ങള്‍ക്കും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഗ്രേഡിംഗ് നല്‍കും. നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ തട്ടുകടകള്‍ക്ക് വരെ ഇത്തരത്തില്‍ ഗ്രേഡിംഗ് നല്‍കും. മികച്ച സ്ഥാപനങ്ങള്‍ക്ക് വര്‍ഷത്തില്‍ അവാര്‍ഡ് നല്‍കാനും ഡി ടി പി സി പദ്ധതിയുണ്ട്.
ഗുണനിലവാരം, ജീവനക്കാരുടെ പെരുമാറ്റം, ശുചിത്വം എന്നിവയെ അടിസ്ഥാനമാക്കി എ, ബി, സി ഗ്രേഡുകളാണ് നല്‍കുക. ഗ്രേഡിംഗ് നല്‍കുന്നതിന് മുന്നോടിയായി ഹോട്ടല്‍, ബേക്കറി, തട്ടുകടകളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം(കിറ്റ്‌സ്)ന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുക. നക്ഷത്ര ഹോട്ടലുകള്‍ക്ക് ജില്ലാ ആസ്ഥാനത്തും മറ്റു ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് താലൂക്ക് അടിസ്ഥാനത്തിലുമാവും ക്ലാസുകള്‍.
പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ആതിഥ്യ മര്യാദ, ഭക്ഷ്യ സംരക്ഷണം, ഭക്ഷ്യ നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശീലനം നല്‍കുക. ഗ്രേഡിംഗ് ലഭിക്കുന്നതിന് സ്ഥാപന ഉടകള്‍ക്ക് നിശ്ചിത ഫീസടച്ച് അപേക്ഷിക്കാം. എ ഗ്രേഡ് ലഭിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഡി ടി പി സിയുടെയും ടൂറിസം വകുപ്പിന്റെയും വെബ്‌സൈറ്റില്‍ നല്‍കും. ഗ്രേഡിംഗ് ലഭിച്ച സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി അവാര്‍ഡ് നല്‍കും. ബി, സി ഗ്രേഡ് ലഭിച്ച സ്ഥാപനങ്ങള്‍ എ ഗ്രേഡ് ലഭിക്കുന്നതിനാവശ്യമായ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. ഹോട്ടല്‍, റസ്റ്റോറന്റ്, തട്ട്കട, ബേക്കറി എന്നിവക്ക് പ്രത്യേകമായാണ് അവാര്‍ഡ് നല്‍കുക.
ജൈവ പച്ചക്കറികള്‍ മാത്രം ഉപയോഗിക്കാന്‍ താത്പര്യമുള്ളവരുടെ വിവരം ശേഖരിച്ച് അവര്‍ക്കാവശ്യമായ പച്ചക്കറി എത്തിക്കാനും ഡി ടി പി സി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി ജൈവകര്‍ഷകരുടെ കൂട്ടായ്മ രൂപവത്ക്കരിക്കും. ജൈവപച്ചക്കറികള്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ഗ്രേഡിംഗ് മുന്‍ഗണന നല്‍കുമെന്ന് ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍ കോയ അറിയിച്ചു.