Connect with us

Malappuram

പാന്‍ ഉത്പന്നങ്ങള്‍ ജില്ലയിലെത്തുന്നത് ചെക്ക്‌പോസ്റ്റുകളുടെ കണ്ണു വെട്ടിച്ച്

Published

|

Last Updated

കോട്ടക്കല്‍: നിരോധിത പാന്‍ ഉത്പന്നങ്ങള്‍ ജില്ലയിലേക്ക് കടത്തുന്നത് ചെക്ക് പോസ്റ്റുകളുടെ കണ്ണ്‌വെട്ടിച്ച്.
കഴിഞ്ഞ ദിവസം കോട്ടക്കലില്‍ പിടികൂടിയ 71 ചാക്ക് പാന്‍പരാഗ് ഇത്തരത്തില്‍ ചെക്കുപോസ്റ്റുകളെ കണ്ണ് വെട്ടിച്ചാണ് കടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവ ജില്ലയിലേക്ക് കൊണ്ടുവരുന്നത്. പച്ചക്കറി വാഹനങ്ങള്‍, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്ന ലോറികള്‍ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. പോലീസിന്റെ കണ്ണ് വെട്ടിക്കാനായി വിവിധ ഇടങ്ങളില്‍ വെച്ച് വാഹനങ്ങള്‍ മാറ്റുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന ഇവ പിന്നീട് അയല്‍ സംസ്ഥാനങ്ങളിലേക്കും ചെറുകിട വില്‍പ്പനക്കാരിലേക്കും കൈമാറുകയാണ് സംഘം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവരെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. പെട്ടിക്കടകച്ചവടക്കാര്‍, വാടക ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവ ഉപയോഗിച്ചാണ് വില്‍പ്പന.
ഒഴിഞ്ഞ ഇടങ്ങളിലാണ് ഇവ കൈമാറ്റം ചെയ്യുന്നത്. രാത്രിയിലും പുലര്‍ച്ചെയും സംഘം ചരക്കുകള്‍ ഇറക്കുന്നുണ്ട്. മൂന്ന് രൂപക്കാണ് തമിഴ് നാട്ടിലെ കമ്പനികളില്‍ നിന്നും ഇവര്‍ പാന്‍പരാഗ് വാങ്ങുന്നത് ആറ് രൂപക്ക് കടക്കാര്‍ക്ക് നല്‍കും. 25രൂപ വരെയാണ് കച്ചവടക്കാര്‍ വാങ്ങുന്നത്. വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് ഏറെയും വില്‍പ്പന. ചങ്കുവെട്ടി കേന്ദ്രമാക്കി പ്രത്യേക സംഘം ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് ഉന്നതങ്ങളില്‍ ബന്ധങ്ങളുമുണ്ട്. പ്രദേശത്തെ ചില സംഘടനകള്‍ ഇത്തരം സംഘങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നെങ്കിലും തടയാനായിരുന്നില്ല. പോലീസിന്റെ അനാസ്ഥയാണ് ഇവര്‍ ആരോപിച്ചിരുന്നത്.
സ്‌കൂള്‍ പരിസരങ്ങളില്‍ പാന്‍ വില്‍പ്പന നടത്തുന്നതിനെതിരെ നേരത്തെ പോലീസും വിദ്യാര്‍ഥികളും രംഗത്തിറങ്ങിയിരുന്നു. കോട്ടക്കല്‍ കേന്ദ്രമാക്കി ഒട്ടേറെ ഇടങ്ങളില്‍ നിരോധിത പാന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പരിശോധനകള്‍ കാര്യക്ഷമമല്ലാത്തതാണ് ഇത്തരം സംഘങ്ങള്‍ക്ക് തുണയാകുന്നത്.

Latest